അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അഖ്‌ലയെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയപ്പോള്‍ അമേരിക്കയും പ്രതികരിക്കാന്‍ മടിച്ചുനിന്നില്ല. അഞ്ച് മാസത്തിനിടെ ഫലസ്തീനില്‍ ഇസ്രാഈല്‍ സേനയുടെ കൈകളില്‍ കൊല്ലപ്പെടുന്ന, യു.എസ് പൗരത്വമുള്ള രണ്ടാമത്തെ വ്യക്തിയാണ് അഖ്‌ല. വിദേശത്ത് യു.എസ് പൗരന്മാരുടെ സുരക്ഷയേക്കാള്‍ മറ്റൊന്നിനും അമേരിക്ക പ്രാമുഖ്യം നല്‍കുന്നില്ലെന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസിന്റെ പ്രതികരണം. അഖ്‌ലയുടെ മരണത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നില്ലെന്നും ഇസ്രാഈലിനെ പൂര്‍ണ വിശ്വാസമുണ്ടെന്നുമായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിനുവേണ്ടി കൂട്ടിച്ചേര്‍ത്ത അവസാന വാചകം. അന്വേഷണം ഇസ്രാഈലിന് വിട്ടുകൊടുത്താല്‍ സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ല. 70 വര്‍ഷത്തിലേറെയായി മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ആനന്ദം കാണുകയും ഫലസ്തീനികളുടെ ചോരക്കുവേണ്ടി ദാഹിക്കുകയും ചെയ്യുന്ന രാജ്യം അഖ്‌ലയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമോ?
ഇസ്രാഈല്‍ പട്ടാളക്കാരന്‍ തൊട്ടടുത്തുനിന്നാണ് മാധ്യമപ്രവര്‍ത്തകയുടെ മുഖത്തേക്ക് വെടിവെച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇത്രയും ഭീകരമായ ക്രൂരതയുടെ ഉത്തരവാദിത്തം തലയിലേറ്റി ശിക്ഷ ഏറ്റുവാങ്ങാന്‍ ഇസ്രാഈല്‍ മുന്നോട്ടുവരുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നില്ല. യു.എസ് ഭരണകൂടം അത് ആഗ്രഹിക്കുന്നുമില്ല. സ്വന്തം പൗരന്‍ കൊല്ലപ്പെട്ടിട്ട് ഒന്നും പറഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന ചിന്ത മാത്രമാണ് അവരെ നിയന്ത്രിക്കുന്നത്. സ്വന്തം ചിറകിനടിയില്‍ സുഖിച്ചിരിക്കുന്ന താന്തോന്നിയായ പയ്യന്റെ കുരുത്തക്കേട് സഹിക്കാനും പൊറുക്കാനുമുള്ള ഹൃദയവിശാലത അമേരിക്കക്കുണ്ട്. ജനുവരിയില്‍ യു.എസ് പൗരത്വമുള്ള ഉമര്‍ അസദ് എന്ന 78കാരനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ കൈകള്‍ കൂട്ടിക്കെട്ടി മുഖം മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയപ്പോഴും പതിവ് പ്രസ്താവന നടത്തുന്നതില്‍ അമേരിക്ക വീഴ്ച വരുത്തിയില്ല. അസദിന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നായിരുന്നു യു.എസ് ആവശ്യപ്പെട്ടത്. ഒരു മാസത്തിന് ശേഷം ധാര്‍മിക വീഴ്ച പറ്റിയെന്ന തണുപ്പന്‍ പ്രസ്താവനയിലൂടെ ഇസ്രാഈല്‍ ഒഴിഞ്ഞുമാറി. അമേരിക്കക്ക് അത് ധാരാളമായിരുന്നു. അതിന് ശേഷം അതേക്കുറിച്ച് ഇസ്രാഈലിനോട് യു.എസ് അധികാരികള്‍ ഒരക്ഷരം ചോദിച്ചിട്ടില്ല. അതിന് പിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇസ്രാഈലിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നതാണ് കണ്ടത്. ഇസ്രാഇലിനുള്ള സൈനിക സഹായം അമേരിക്ക കൂട്ടിക്കൊടുക്കുകയും ചെയ്തു. ഇസ്രാഈലിന്റെ ഏത് തോന്ന്യാസത്തെയും പച്ചയായി ന്യായീകരിക്കാന്‍ യു.എസിന് അല്‍പം പോലും ലജ്ജയില്ലെന്നാണ് നാളിതുവരെയുള്ള അനുഭവം.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഫലസ്തീനികളുടെ വിലാപത്തിന് പ്രമുഖ രാജ്യങ്ങള്‍ ചെവി കൊടുക്കാറില്ല. ഒളിഞ്ഞും തെളിഞ്ഞും ഇസ്രാഈലിനെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തുര്‍ക്കി പോലും മാറി ചിന്തിച്ചു തുടങ്ങിയ സാഹചര്യത്തില്‍ ഫലസ്തീനികള്‍ കൂടുതല്‍ നിരാശരാണ്. നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച മനുഷ്യാവകാശ സംഘടനകളും മാധ്യമപ്രവര്‍ത്തകരുമാണ് അല്‍പമെങ്കിലും ഫലസ്തീനികള്‍ക്ക് ശബ്ദം നല്‍കുന്നത്. മാധ്യമങ്ങളുടെ കഴുത്തിന് പിടിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഇസ്രാഈല്‍ പാഴാക്കാറില്ല. ഒരു വര്‍ഷം മുമ്പാണ് ഗസ്സയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന 11 നില കെട്ടിടം ഇസ്രാഈല്‍ ബോംബിട്ടു തകര്‍ത്തത്. അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങി എണ്ണപ്പെട്ട പ്രമുഖ മാധ്യമങ്ങളുടെ ഓഫീസുകളെല്ലാം ആ കെട്ടിടത്തിലായിരുന്നു. നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ എത്തിച്ചതിന്റെ അരിശം തീര്‍ക്കുകയായിരുന്നു ഇസ്രാഈല്‍ അതിലൂടെ. പക്ഷേ, മാധ്യമങ്ങള്‍ തോറ്റു പിന്മാറിയില്ല. ഫലസ്തീനില്‍ മാധ്യമപ്രവര്‍ത്തനം വെറുമൊരു ജോലിയല്ല. അവര്‍ക്ക് അത് അധിനിവേശ ശക്തിക്കെതിരെയുള്ള പോരാട്ടം കൂടിയാണ്. അഖ്‌ലയെന്ന ധീരയായ മാധ്യമപ്രവര്‍ത്തകയല്ല ഇസ്രാഈലിന്റെ ലക്ഷ്യം. അതിനപ്പുറം മാധ്യമസമൂഹത്തെ ഒന്നാകെയാണ് ഉന്നം വെക്കുന്നത്. ആ ശബ്ദവും നിലയ്ക്കുന്നതോടെ ഫലസ്തീനില്‍ തങ്ങളുടെ കശാപ്പ് തടസ്സമില്ലാതെ തുടരാനാവുമെന്ന് ഇസ്രാഈല്‍ വ്യാമോഹിക്കുന്നു.