അനധികൃത കയ്യേറ്റക്കാരെന്നാരോപിച്ച് ഡല്‍ഹിയില്‍ ഇന്നലെ നിരവധി മുസ്‌ലിം കുടിലുകള്‍ തകര്‍ത്ത ബി.ജെ.പി നിയന്ത്രിത കോര്‍പറേഷന്‍ അധികൃതരുടെ നടപടി തനികാടത്തമെന്നല്ലാതെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകളില്ല. ബുധനാഴ്ച രാവിലെയാണ് പൊടുന്നനെ ജഹാംഗീര്‍പൂര്‍ പ്രദേശത്തെ മസ്ജിദിന് സമീപത്തെ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന കുടുംബങ്ങളുടെ വീടുകള്‍ ജെ.സി.ബി ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആളുകള്‍ കോര്‍പറേഷന്റെ അധികാരപരിധി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിക്കളഞ്ഞത്. ഏതെങ്കിലും പരാതിയോ കേസോ ഇല്ലാതെയാണ് ബി.ജെ.പിയുടെ ആളുകള്‍ ജീവനക്കാരെ ഇതിനായി ഇറക്കിവിട്ടത്. ഇതിന് പറഞ്ഞ കാരണമാകട്ടെ കേസിലെ പ്രതികളുടെ വീടുകളാണെന്ന അതിവിചിത്രവാദവും! ഡല്‍ഹി കലാപത്തിന്റെ വാര്‍ഷിക നാളുകളിലാണ് ദാരുണസംഭവം.
ഏപ്രില്‍ 16ന് പ്രദേശത്ത് വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും മറ്റും അടങ്ങുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അനുമതിയില്ലാതെ സംഘടിപ്പിച്ച ശോഭായാത്രയാണ് മുസ്‌ലിം കുടിലുകള്‍ ഇടിച്ചുനിരപ്പാക്കുന്നതിലേക്ക് വലിച്ചുനീട്ടപ്പെട്ടതെന്നതാണ് ഖേദകരവും കൗതുകകരവുമായ വസ്തുത. അന്ന് പ്രദേശത്ത് മുസ്‌ലിം വീടുകള്‍ക്കും കടകള്‍ക്കുംനേരെ വ്യാപകമായ തോതില്‍ സംഘ്പരിവാര്‍ ആക്രമണമുണ്ടായി. പ്രദേശത്തെ മസ്ജിദിന് സമീപത്ത് ശോഭായാത്ര എത്തിയതോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. ഇരകളായ മുസ്‌ലിംകളില്‍ ചിലര്‍ തിരിച്ച് കല്ലെറിയുകയും വെടിവെപ്പ് വരെയുണ്ടാകുകയും ചെയ്തു.
പിടിയിലായവരില്‍ ഒരാള്‍ അന്‍സാറാണെന്നും ഇയാള്‍ക്ക് പാക് ബന്ധമുണ്ടെന്നുമൊക്കെയാണ് ബി.ജെ.പി നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് വ്യാഖ്യാനം ചമച്ചത്. ഇയാളടക്കം പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുക്കുകയും ഏതാനും പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയുമാണ്. ഏതാനും പൊലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കവെയാണ്ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ വര്‍ഗീയവാദികളായ അധികൃതര്‍ മുസ്്‌ലിം വീടുകള്‍ കയ്യേറ്റമെന്നാരോപിച്ച് ഇടിച്ചുനിരത്തലിനായി പുറപ്പെട്ടത്.
രാവിലെ നാനൂറിലധികം പൊലീസിനെയും സി.ആര്‍.പി.എഫ് സൈനികരെയും വിന്യസിച്ചായിരുന്നു ഇടിച്ചുനിരത്തല്‍. ഇത് നേരില്‍കണ്ട് തടയാനായി മുസ്‌ലിംകുടുംബിനികളുള്‍പ്പെടെ നിലവിളിച്ചുകൊണ്ട് പ്രതിരോധിക്കുന്ന കാഴ്ച അതീവ സങ്കടകരമായിരുന്നു. കണ്ണില്‍ചോരയില്ലാത്തവര്‍ക്ക് മാത്രമേ പാവപ്പെട്ട കുടുംബങ്ങളെ ഇത്തരത്തില്‍ വഴിയാധാരമാക്കാനാകൂ. സംഭവമറിഞ്ഞയുടന്‍ സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ നേതൃത്വത്തില്‍ പരാതിക്കാര്‍ ഹര്‍ജിയുമായി ഉന്നത നീതിപീഠത്തെ സമീപിക്കുകയായിരുന്നു. നിജസ്ഥിതി വ്യക്തമായതോടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ നേരിട്ട് ഇടിച്ചുനിരത്തല്‍ നിര്‍ത്തിവെക്കാനും കേസ് ഇന്നേക്ക് കേള്‍ക്കാനും ഉത്തരവിട്ടത് ഉന്നത നീതിപീഠത്തിന്റെ ജാഗ്രതയും നീതിബോധവും വ്യക്തമാക്കുന്നതായി. എന്നാല്‍ ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞ് പിന്നെയും ഉച്ചവരെ രണ്ടു മണിക്കൂറോളം ഇടിച്ചുനിരത്തല്‍ തുടര്‍ന്നത് സ്ഥലത്തെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനിടവരുത്തി. സി.പി.എം നേതാവ് വൃന്ദകാരാട്ടടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഓടിയെത്തി.
ഏതാണ്ടിതിന് സമാനമായാണ് കഴിഞ്ഞ 14ന് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഖാര്‍ഗോണിലും മുസ്‌ലിം കുടിലുകളും കടകളും ഇടിച്ചുനിരപ്പാക്കിയത്. വര്‍ഗീയ ലഹളയില്‍ പ്രതികളാണ് അനധികൃതമായി താമസിക്കുന്നതെന്നായിരുന്നു ഡല്‍ഹിയിലെപോലെ ഇവിടെയും ബി.ജെ.പിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ പറഞ്ഞത്. പാര്‍ട്ടി വൈസ്പ്രസിഡന്റുകൂടിയാണ് ചൗഹാനെന്നോര്‍ക്കണം.
ഗുജറാത്തിലും ഏതാണ്ടിതേ രീതിയില്‍ മുസ്‌ലിം വീടുകള്‍ ഭരണകൂടം തകര്‍ക്കുകയുണ്ടായി. രാജ്യത്ത് ഫാസിസം എത്രത്തോളം ഭീകരമായി ജനങ്ങളുടെ ജീവിതത്തില്‍ കടന്നുകയറിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ഈസംഭവങ്ങള്‍. ഏതോ പ്രത്യേക കോണില്‍നിന്നുള്ള നിര്‍ദേശത്താലല്ലാതെ ഇത്തരത്തില്‍ ഭരണാധികാരികള്‍ക്ക് മുസ്‌ലിംകള്‍ക്കെതിരെ മാത്രമായി നടപടിയെടുക്കാനാവില്ലെന്ന് വ്യക്തം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഡല്‍ഹി പൊലീസിന്റെയും കേന്ദ്രസേനകളുടെയും സംഘ്പരിവാറിന്റെയും തലപ്പത്തുള്ളതെന്നതിനാല്‍ സംഭവങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭരണഘടനയെയാണ് ബി.ജെ.പി ചവിട്ടിയരച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ്എം.പി രാഹുല്‍ഗാന്ധി കുറിച്ചത്.
വീട്, ഭക്ഷണം, വസ്ത്രം വൈദ്യസഹായം എന്നിവ ഭരണകൂടങ്ങളുടെ അനിവാര്യബാധ്യതയായാണ് അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനത്തിലെ 25-ം വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. ഭക്ഷണ-വസ്ത്രനിരോധനത്തിനും ആള്‍ക്കൂട്ടക്കൊലകള്‍ക്കും ശേഷം ഹിറ്റ്‌ലറുടെ ഹോളോകാസ്റ്റിലേക്ക് ഇനിയെത്ര കാതമുണ്ടെന്നതുമാത്രമാണ് ഇന്ത്യയിലെ മുസ്‌ലിംകളാദി ന്യൂനപക്ഷമിപ്പോള്‍ ചിന്തിക്കുന്നുണ്ടാവുക.