X

ഇസ്‌ലാമിലെ യുദ്ധ പാഠങ്ങള്‍- ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

ലോകം വീണ്ടും യുദ്ധത്തിന്റെ അസ്വസ്ഥതകളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിക മീമാംസയിലെ യുദ്ധം ആധുനിക യുദ്ധത്തില്‍നിന്നും അടിസ്ഥാന ലക്ഷ്യം തൊട്ടേ വിഭിന്നമാണ്. കീഴടക്കുക, സ്വതാല്‍പര്യം അടിച്ചേല്‍പിക്കുക, പിടിച്ച് വാങ്ങുക, ആധിപത്യം സ്ഥാപിച്ചെടുക്കുക, കവരുക തുടങ്ങിയവയാണ് ആധുനിക ലോകത്തെ യുദ്ധങ്ങളുടെ പൊതു ലക്ഷ്യം. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ മുതല്‍ വിശദമായി പഠിച്ചതും അനുഭവിച്ചതുമായ എല്ലാ യുദ്ധങ്ങളുടെയും പ്രേരകം ഇതായിരുന്നു. എന്നാല്‍ ഇസ്‌ലാമിലെ യുദ്ധപാഠങ്ങള്‍ പഠിപ്പിക്കുന്നത് യുദ്ധങ്ങളുടെ ലക്ഷ്യം പ്രതിരോധിക്കുക, സ്വയം നിര്‍ണയാവകാശം സ്ഥാപിക്കുക, അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കുക തുടങ്ങിയവയാണ്. നബി(സ)യുടെ കാലത്തും നേതൃത്വത്തിലുമായി നടന്ന യുദ്ധങ്ങള്‍ അതാണ് എടുത്തുകാണിക്കുന്നത്. ഹിജ്‌റ രണ്ടില്‍ ബദര്‍ യുദ്ധം ഉണ്ടായത് മുസ് ലിം അഭയാര്‍ഥികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി അതുമായി അബൂസുഫ്‌യാന്‍ കച്ചവടത്തിനു പോകുമ്പോള്‍ അയാളെ തടഞ്ഞ് തങ്ങളുടെ അവകാശപ്പെട്ട സ്വത്ത് ചോദിക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു. ബദ്‌റിന് പകരം ചോദിക്കാന്‍ വന്നവര്‍ക്കുനേരെ ഉയര്‍ത്തിയ പ്രതിരോധമായിരുന്നു ഹിജ്‌റ 3 ല്‍ നടന്ന ഉഹ്ദ് യുദ്ധം. ഹിജ്‌റ 5 ല്‍ കിടങ്ങുയുദ്ധം ഉണ്ടായത് അറേബ്യയെ മുഴുവനും സംഘടിപ്പിച്ച് മദീനയുടെ മൂന്നിരട്ടി ആളുകളുമായി വന്ന ശത്രുക്കളെ തടയാന്‍ വേണ്ടിയായിരുന്നു. നബി യുഗത്തില്‍ നടന്ന 27 ഗസ്‌വത്തുകളും 47 സരിയ്യത്തുകളും അടക്കം 74 സൈനിക നീക്കങ്ങളുടെയും പശ്ചാതലം സൂക്ഷ്മമായി പഠിച്ചാല്‍ ഇത് വ്യക്തമാകം. ഓറിയന്റലിസ്റ്റുകളുടെയും സമാന ഇസ്‌ലാം വിരോധികളുടെയും വാദങ്ങള്‍ അംഗീകരിക്കണമെങ്കില്‍ നബിതിരുമേനിയെതന്നെ ആദ്യം മാറ്റി വരക്കേണ്ടിവരും. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതിരൂപമായിരുന്നു നബി എന്നത് ലോകം പൊതുവെ അംഗീകരിച്ച വസ്തുതയാണ്.

യുദ്ധത്തെ പരിഹാരവും മാര്‍ഗവുമായി കാണുകയാണ് പുതിയ ലോകം. എന്നാല്‍ ജനങ്ങളെ നന്മയുള്ള ജീവിതത്തോട് അടുപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ് ലാം ഒരിക്കലും യുദ്ധത്തെ അതിനുള്ള മാര്‍ഗമായി കണ്ടിട്ടില്ല. നബി(സ) പറയുന്നു: ജനങ്ങളേ, നിങ്ങള്‍ ശത്രുക്കളെ കണ്ട്മുട്ടാന്‍ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് ആരോഗ്യത്തെ ചോദിക്കുക, ശത്രുക്കളെ കണ്ട്മുട്ടുകയാണെങ്കില്‍ ക്ഷമിക്കുക. (ബുഖാരി, മുസ്‌ലിം). ഈ ഹദീസില്‍ നിന്ന് തിരുനബി (സ) എത്രത്തോളം രക്തച്ചൊരിച്ചിലിനെ വെറുത്തിരുന്നു എന്ന് മനസിലാക്കാം. അവിശ്വാസികളെ മുഴുവന്‍ ശത്രുനിരയില്‍ നിര്‍ത്തി നിഷ്ഠൂരമായ അക്രമണങ്ങള്‍ അഴിച്ചുവിടുന്ന തീവ്രവാദ സംഘടനകളുടെ നിലപാടുകളെ യഥാര്‍ഥ മുസ്‌ലിമിന് അംഗീകരിക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്. യുദ്ധത്തെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതിന് ശ്രമിക്കുന്നത് നബിയുടെ പതിവായിരുന്നു. ഹിജ്‌റ ആറില്‍ ഹുദൈബിയ്യ സന്ധിയില്‍ ഒപ്പുവെക്കുമ്പോള്‍ അതിലെ പല വ്യവസ്ഥകളും അസ്വീകാര്യങ്ങളായിരുന്നു. എന്നിട്ടും അതില്‍ നബി ഒപ്പുവെച്ചതും ഉംറ ചെയ്യാതെ മടങ്ങിയതും അതിലെ ആദ്യ വ്യവസ്ഥ അടുത്ത പത്തു വര്‍ഷത്തേക്ക് യുദ്ധമുണ്ടാവില്ല എന്നതുകൊണ്ടായിരുന്നു. ചില അനിവാര്യമായ സൈനിക ദൗത്യങ്ങളില്‍ ലക്ഷ്യസ്ഥാനത്തെത്തിയിട്ടും യുദ്ധം ചെയ്യാതെ നബി മടങ്ങിയിട്ടുണ്ട്. ബനൂ മുസ്ത്വലഖ് യുദ്ധം, തബൂക്ക് യുദ്ധം തുടങ്ങിയവ ഉദാഹരണം. അവിടെ എത്തുമ്പോഴേക്കും പുറപ്പെടാനുണ്ടായ കാരണമായ വെല്ലുവിളി നിലച്ചതോ ശത്രുക്കള്‍ പിന്‍വലിഞ്ഞതോ ഒക്കെയായിരുന്നു കാരണം. ഏറെ കഠിനമായ കാലാവസ്ഥയും ദുര്‍ഘടമായ വഴിയും താണ്ടിയായിരുന്നു തബൂക്കിലൊക്കെ നബിയും സേനയും എത്തിയത്. എന്നിട്ടു പോലും ആക്രമണത്തിനു മുതിരാതെ തിരിച്ചുപോന്നത് യുദ്ധക്കൊതി ഇല്ലാത്തതുകൊണ്ടുതന്നെയാണ്.

യുദ്ധം എന്നിട്ടും അനിവാര്യമായി. അങ്ങനെയാണ് യുദ്ധങ്ങള്‍ ഉണ്ടായത്. കാരണം, യുദ്ധം രണ്ടു കക്ഷികള്‍ക്കിടയിലാണ് ഉണ്ടാകുന്നത്. ഒരു കക്ഷി വിചാരിച്ചാല്‍ മാത്രം അതുണ്ടാവാതെയിരിക്കില്ല. അതേസമയം സമാധാനത്തിന് വിലകല്‍പ്പിക്കുന്ന കക്ഷി വെറുതെ തോറ്റു കൊടുക്കാന്‍ തയ്യാറായാലാകട്ടെ, ഒരു സമൂഹം എന്ന നിലക്കുള്ള നിലനില്‍പ്പ്തന്നെ അസാധ്യമാകും. ഇവിടെ പിന്നെ നന്മയുടെ പക്ഷത്തിന് ആകെ ചെയ്യാനുള്ളത് പരമാവധി ശരി ശ്രദ്ധിക്കുകയും പുലര്‍ത്തുകയും ചെയ്യുക എന്നതാണ്. അക്കാര്യത്തില്‍ അതീവ ജാഗ്രത നബിതിരുമേനി പുലര്‍ത്തുമായിരുന്നു. ഇമാം മാലിക് (റ) തന്റെ മുവത്വയില്‍ യഹ്‌യാബിന്‍ സഈദ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: അബൂബക്കര്‍ (റ) ശാമിലേക്ക് ഒരു സൈന്യത്ത അയച്ചു. സൈന്യത്തലവനായ യസീദ്ബ്‌നു അബീ സുഫ്യാനോട് പറഞ്ഞു. ‘ഞാന്‍ നിന്നോട് പത്ത് കാര്യങ്ങള്‍ വസിയ്യത്ത് ചെയ്യുന്നു, കുട്ടികളെയോ സ്ത്രീകളെയോ വൃദ്ധരെയോ കൊല്ലരുത്, ഫലം കായ്ക്കുന്ന ഒരു മരവും മുറിക്കരുത്, ഭക്ഷണാവശ്യത്തിനു വേണ്ടിയല്ലാതെ പശുക്കളെയോ ആടിനെയോ അറുക്കരുത്, കെട്ടിടങ്ങള്‍ നശിപ്പിക്കരുത്, ഭിന്നിക്കാന്‍ പാടില്ല, ഭീരുക്കളാവരുത്, വഞ്ചിക്കരുത്’. ഇതാണ് ഇസ്‌ലാമിക സൈന്യത്തിന്റെ മാതൃക. വൃദ്ധരോടോ സ്ത്രീകളോടോ കുട്ടികളോടോ ക്രൂരത ചെയ്യാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മരങ്ങള്‍ നശിപ്പിച്ച് പ്രകൃതി നശിപ്പിക്കുന്നതും, ജനവാസസ്ഥലങ്ങള്‍ നശിപ്പിച്ച് സാമൂഹ്യ ദ്രോഹം ഉണ്ടാക്കുന്നതും ഇസ്‌ലാം നിരോധിക്കുന്നു. ‘റസൂല്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നിരോധിച്ചിരിക്കുന്നു’ (ബുഖാരി, മുസ്‌ലിം).

എല്ലാ മനുഷ്യര്‍ക്കും സ്വീകരിക്കാവുന്നതാണ് ഇത്തരം മര്യാദാപരമായ മാനുഷിക നിലപാടുകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ യുദ്ധക്കൊതി എത്ര അധര്‍മ്മവും അനീതിയും ജീവഹത്യയും ചെയ്യുന്നു എന്നതിന്റെ അളവ് വെച്ചാണ് ഊറ്റം കൊളുന്നത്. നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ കബന്ധങ്ങള്‍ കൊണ്ടാണ് ബ്രിട്ടന്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതത്. കിരാതമായ അക്രമങ്ങളിലൂടെ സാമ്രാജ്യത്വ സംസ്ഥാപനം സാധ്യമാക്കാമെന്ന ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയുമെല്ലാം ദുരാഗ്രഹമാണ് പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഏഷ്യയെയും ആഫ്രിക്കയെയും കൊളോണിയലിസത്തിന്റെ നരകങ്ങളാക്കിത്തീര്‍ത്തത്. ഇത്തരം കാടത്തമാണ് മാനവകുലത്തിന് തീരാനഷ്ടം വരുത്തിവെച്ച ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയാക്കിയത്. വിയറ്റ്‌നാമും അഫ്ഗാനും സിറിയയും ഇറാഖുമെല്ലാം ഈ രക്തക്കൊതിയുടെ ഇരകളാണ്. ഇവിടങ്ങളിലൊന്നും ഒരു ജേതാവും യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത വൃദ്ധജനങ്ങളോടും സ്ത്രീകളോടും കുട്ടികളോടും ഒന്നും ഒട്ടും നീതി കാണിച്ചില്ല. രണ്ടാം ലോകയുദ്ധ സമയത്ത് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിപ്പിച്ച അമേരിക്ക മാനവ കുലത്തോട് എത്ര വലിയ ക്രൂരതയാണ് കാണിച്ചത്. മിനുറ്റുകള്‍ക്കകം കുട്ടികളും സ്ത്രീകളുമടങ്ങുന്ന ലക്ഷക്കണക്കിന് ആളുകളാണ് ഉരുകിത്തീര്‍ന്നത്. ഇന്നും ആണവ അക്രമണത്തിന്റെ വേദനകള്‍ പേറുന്ന വലിയൊരു വിഭാഗം ജപ്പാനിലുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് പുലിസ്റ്റര്‍ പ്രൈസ് നേടിക്കൊടുത്ത The terror of war എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചിത്രമുണ്ട്. അമേരിക്കന്‍ നാപാം ബോംബ് അക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന നഗ്‌നയായ ഒരു പെണ്‍കുട്ടിയടങ്ങുന്ന കുട്ടികളുടെ ആ ചിത്രം ലോക തലത്തില്‍ അമേരിക്കക്ക് നാണക്കേട് സമ്മാനിച്ചു. ഇറാഖിലും അഫ്ഗാനിലുമെല്ലാം കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം കണക്കില്ലാത്തതാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഫലസ്തീന്‍ ബാലന്മാരെ കല്‍തുറുങ്കിലടച്ച് കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന ഇസ്രാഈല്‍.. ആധുനികതയുടെ ഈ യുദ്ധക്കൊതിയന്‍മാര്‍ എന്നിട്ടും ഇസ്‌ലാമിനെ പുഛിക്കുന്നത് കഷ്ടം തന്നെ.

യുദ്ധങ്ങളും യുദ്ധക്കൊതിയും കൂടിക്കൂടി വരുന്നു എന്ന അനുഭവത്തിനു മുമ്പില്‍ മറ്റൊരു തിരിച്ചറിവ് നല്‍കുന്നുണ്ട് ഇസ്‌ലാം. അത് ലോകവസാനത്തോടടുക്കുമ്പോള്‍ യുദ്ധങ്ങള്‍ കൂടിവരും എന്ന പ്രവചനമാണ്. മനുഷ്യ ബന്ധങ്ങള്‍ക്ക് സാരമായ ഉലച്ചില്‍ തട്ടുകയും ആര്‍ത്തി കൂടിവരികയും ചെയ്യുന്നതോടെ സ്വാഭാവികമായും യുദ്ധങ്ങള്‍ ഉണ്ടാകും. യുദ്ധങ്ങളുടെ തീ കെടുത്താന്‍ മാത്രം ധാര്‍മ്മികതയുള്ളവരോ മറ്റോ ഉണ്ടായിരിക്കുകയുമില്ല. മനുഷ്യലോകത്തിന്റെ എല്ലാ മൂല്യങ്ങളുമെന്ന പോലെ പരസ്പര ബന്ധങ്ങളുടെ മൂല്യവും നഷ്ടമാവും. ഭൂമുഖത്ത് യുദ്ധങ്ങളും പോരാട്ടങ്ങളും അധികരിച്ച് വരുന്നത് അന്ത്യ ദിനത്തിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. വിശ്വാസികളും അവിശ്വാസികളും മാത്രമല്ല, വിശ്വാസികള്‍ക്കിടയില്‍ പോലും യുദ്ധങ്ങള്‍ വര്‍ധിച്ചു വരുന്നതാണ്. പുതിയ കാലം അനുഭവിക്കുന്ന വിഷയം വരെ അതിന്റെ പരിധിയില്‍ വരുന്നുണ്ട് എന്നത് കൗതുകം. നബി(സ) പറഞ്ഞു: രണ്ടു വന്‍ സംഘങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടുന്നത്‌വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അവര്‍ക്കിടയില്‍ വന്‍ ആള്‍നാശം സംഭവിക്കും. അവരുടെ വാദം ഒന്നായിരിക്കും (ബുഖാരി). അവസാന നാളുകളിലെ യുദ്ധങ്ങളുടെ സ്വഭാവം വിവരിക്കുന്ന വേറെയും ഹദീസുകള്‍ ഉണ്ട്. നബി(സ) പറഞ്ഞു: നിങ്ങള്‍ തുര്‍ക്കികളുമായി യുദ്ധം ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല. അവരുടെ കണ്ണുകള്‍ ചെറിയതും മുഖങ്ങള്‍ ചുവന്നതും മൂക്കുകള്‍ പതിഞ്ഞതുമായിരിക്കും. അവരുടെ മുഖങ്ങള്‍ പരിചകള്‍ പോലിരിക്കും. നിങ്ങള്‍ ഒരു ജനതയുമായി യുദ്ധം ചെയ്യുന്നത് വരെ അന്ത്യ ദിനം സംഭവിക്കുകയില്ല. അവരുടെ പാദരക്ഷകള്‍ രോമങ്ങള്‍ കൊണ്ടുള്ളതായിരിക്കും (ബുഖാരി). പിന്നെയും അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി (സ) പറഞ്ഞു: മുസ്‌ലിംകള്‍ ജൂതന്മാരുമായി യുദ്ധം ചെയ്യുന്നത്‌വരെ അന്ത്യനാള്‍ വന്നെത്തുകയില്ല (ബുഖാരി, മുസ്‌ലിം).

Test User: