വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടര്‍ സമര പരിപാടികള്‍ നിയമസഭാ സമ്മേളനം തുടങ്ങുന്ന നാളെ (ഫെബ്രുവരി 18ന് വെള്ളിയാഴ്ച) ആരംഭിക്കും. രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലാണ് സമര സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സമര പരിപാടികള്‍ കോവിഡ് നിബന്ധനകളില്‍ ഇളവ് വരുമ്പോള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ മാര്‍ച്ച് ഉള്‍പ്പെടെ സമര പരിപാടികളാണ് മൂന്നാം ഘട്ടത്തില്‍ നടക്കുന്നത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരും. കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രതിഷേധ മഹാറാലിയായിരുന്നു വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം.
സമര സംഗമങ്ങള്‍ വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മുസ്‌ലിംലീഗും മതസംഘടനകളുമെല്ലാം ശക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചിട്ടും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും തല്‍ക്കാലം നടപ്പാക്കില്ല എന്ന വെറുംവാക്ക് മാത്രമാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് മുസ്‌ലിംലീഗ് തീരുമാനം. സമര സംഗമങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം തങ്ങള്‍ പറഞ്ഞു. അതാത് പ്രദേശങ്ങളിലെ ജില്ലാ, മണ്ഡലം നേതാക്കളും ജനപ്രതിനിധികളും സമര സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കും.