കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ പ്രതി അഞ്ജലി റീമാ ദേവിനെതിരെ വീണ്ടും കേസെടുത്തു. നമ്പര്‍ 18 ഹോട്ടലുടമ റോയി ഉള്‍പ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രകോപിതയായ അഞ്ജലി ഇരയുടെ പേര് ഉള്‍പ്പെടെ പരസ്യപ്പെടുത്തി രംഗത്തുവന്നതോടെയാണ് സൈബര്‍ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെ കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ റോയി പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. പീഡനവിവരം പൊലീസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.