X

ഷൊര്‍ണൂരില്‍ വന്ദേ ഭാരതിന് സ്വീകരണം നല്‍കി

ഷൊര്‍ണുര്‍ : വന്ദേഭാരത് ട്രെയിന് ഷൊര്‍ണുര്‍ സ്റ്റേഷനില്‍ വി കെ ശ്രീകണ്ഠന്‍ എം പിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. വൈകീട്ട് 5.08നാണ് ഷൊര്‍ണുരില്‍ എത്തിയത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവന്ന വന്ദേഭാരതിനെ നൂറുകണക്കിന് ആളുകള്‍ ആര്‍പ്പുവിളികളോടെ എതിരേറ്റു.കോരിച്ചൊരിയുന്ന മഴയത്തും ആവേശത്തോടെ ആളുകള്‍ എംപിക്കൊപ്പം തടിച്ചു കൂടി.

ഷൊര്‍ണുറില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നില്ല. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി മോദി പച്ചക്കൊടി വീശുന്ന വന്ദേഭാരതിന് സ്റ്റോപ്പില്ലെങ്കില്‍ ഷോര്‍ണൂരില്‍ ചുവപ്പ് കൊടി വീശുമെന്ന് പറഞ്ഞു വി കെ ശ്രീകണ്ഠന്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. ഷൊര്‍ണൂരിനോടുള്ള അവഗണന അംഗീകരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് കൊണ്ട് തന്നെ ഷൊര്‍ണൂരില്‍ വന്ദേ ഭാരത്തിനുള്ള സ്റ്റോപ്പ് വി കെ ശ്രീകണ്ഠന്‍ എം പിയുടെ വിജയമായി. എം പിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള പ്ലെകാര്‍ഡുകളും മുദ്രാവാക്യം വിളികളും റെയില്‍വേ സ്റ്റേഷനെ മുഖരിതമാക്കി. ശുഷ്‌കമായ എണ്ണം പ്രവര്‍ത്തകരുമായി ബിജെപിക്കാരും റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. മുദ്രാവാക്യം വിളികളിലൂടെ ഇരുകൂട്ടരും കൊമ്പ് കോര്‍ക്കുന്നതിനും സ്റ്റേഷന്‍ വേദിയായി. വന്‍ പൊലീസ് സന്നാഹവും സ്റ്റേഷനില്‍ തമ്പടിച്ചു. ട്രെയിന്‍ കാണാന്‍ എത്തിയവര്‍ കൗതുകത്തോടെ ട്രെയിനിനു അകത്തു കയറി സന്തോഷം പങ്കിട്ടു. റെയില്‍വേയുടെ പ്രത്യേക അനുമതിയോടെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍ സി സി വളണ്ടിയര്‍മാര്‍ എന്നിവരും ട്രെയിനില്‍ യാത്ര ചെയ്തു. അവര്‍ക്ക് ഇറങ്ങാനായി വന്ദേ ഭാരത് തിരൂരില്‍ താത്കാലികമായി നിര്‍ത്തുന്നതാണ്.

ഷൊര്‍ണൂരിലെ സ്വീകരണത്തിന് വി കെ ശ്രീകണ്ഠന്‍ എം പിക്കൊപ്പം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ടി എ സിദ്ധീഖ്, ട്രഷറര്‍ പി ഇ എ സലാം മാസ്റ്റര്‍, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ എ റഷീദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി പി അന്‍വര്‍ സാദത്ത്, ജില്ലാ സക്രട്ടറി കെ എം മുജീബുദ്ധീന്‍, അഡ്വ മുഹമ്മദാലി മാറ്റാംതടം, ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍, മുന്‍ ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ എം ഷഫീക്, മുസ്ലിം യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം സക്രെട്ടറി പി എം സൈഫുദ്ധീന്‍, ജനപ്രതിനിധികള്‍, യു ഡി എഫ് നേതാക്കള്‍ പങ്കെടുത്തു.

webdesk11: