വടക്കഞ്ചേരിയിലുണ്ടായ റോഡപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ധ്രൗപതി മുര്‍മു തുടങ്ങിയവര്‍ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഹൃദയഭേദകമായ ദുരന്തത്തെക്കുറിച്ച് അറിയുമ്പോള്‍ അങ്ങേയറ്റം സങ്കടമുണ്ടെന്ന് രാഷ്ട്രപതി ധ്രൗപതി മുര്‍മു ട്വിറ്റര്‍ വഴി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച രാഷ്ട്രപതി പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ്സാണ് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടമുണ്ടായത്. ഒന്‍പത് പേരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.
അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റുമായി വിനോദയാത്രയ്ക്ക് ഊട്ടിക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ ഇടിക്കുകയായിരുന്നു.എറണാകുളം വെട്ടിക്കല്‍ ബേസിലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.