അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദിയില്‍ പുതിയ കോവിഡ് രോഗബാധ ഇന്ന് വീണ്ടും വര്‍ധനവുണ്ടായി . 2585 പേര്‍ക്കാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. രണ്ട് പേര്‍ മരിച്ചു .375 പേര്‍ രോഗമുക്തി നേടി.തലസ്ഥാന നഗരിയായ റിയാദിലാണ് രോഗബാധിതര്‍ കൂടുതല്‍. 799 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിയാദില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് . ജിദ്ദ, 512 , മക്ക 378 , മദീന 115, ഹൊഫുഫ് 109, ദമാം 107 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ ഇന്ന് കണ്ടെത്തിയ രോഗബാധ. വിവിധ നഗരങ്ങളിലായി 10,425 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 96 പേര്‍ ഗുരുതരാവസ്ഥയിലാണ് . ആകെ രോഗബാധിച്ചവരുടെ എണ്ണം 56,24,37 ഉം ഭേദമായവരുടെ എണ്ണം 54,31,29 എണ്ണവുമാണ്. 25,055,765 പേര്‍ വാക്‌സിനേഷന്‍ ആദ്യ ഡോസും 232,454,86 രണ്ടാം ഡോസും 325,11,77 പേര്‍ ബൂസ്റ്റര്‍ ഡോസും 17,31,933 മുതിര്‍ന്നവര്‍ക്കുള്ള കുത്തിവെപ്പും ഇതിനകം എടുത്തുകഴിഞ്ഞു.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള നീക്കമുണ്ടെന്ന പ്രചാരണം ശരിയെല്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ ആലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കര്‍ഫ്യൂ അടക്കമുള്ള കോവിഡ് ബാധ തുടങ്ങിയ കാലത്തെ പ്രതിരോധ നടപടികളിലേക്ക് രാജ്യം പോകില്ല. അതേസമയം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി രോഗ വ്യാപനം തടയാനുള്ള മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാക്‌സിനേഷന്‍ മൂന്ന് ഡോസും എടുക്കുന്നതോടെ രോഗബാധയേല്‍ക്കുന്നവര്‍ക്ക് അപകട സാധ്യത കുറയുമെന്നും സാമൂഹിക പ്രതിരോധ ശേഷി നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രോഗബാധയേറ്റവരും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരും ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ വാക്‌സിന്‍ മൂന്ന് ഡോസും എടുത്ത് രാജ്യത്തുള്ള സ്വദേശികളും വിദേശികളും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്നും മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു