ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് അഞ്ചു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.
മണിപ്പൂരില്‍ ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ പോലും ഇഴഞ്ഞുനീങ്ങുന്നതില്‍ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. കോവിഡിനൊപ്പം പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കൂടി ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അത് തള്ളി പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശം. തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് കമ്മീഷന്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ നിര്‍ദേശവും.
ഉത്തര്‍പ്രദേശിനു പുറമെ പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗ ഭീഷണി മുന്നില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹാബാദ് ഹൈക്കോടി തന്നെ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന അഭ്യൂഹം സജീവമായത്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് യു.പിയിലായിരുന്ന കമ്മീഷന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം നിലപാട് വ്യക്തമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അഭ്യൂഹം സജീവമായി. എന്നാല്‍ ലക്‌നോവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പു മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പിന്നീട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക കോവിഡ് പ്രോട്ടോകള്‍ പുറത്തിറക്കുമെന്നും ആള്‍കൂട്ട പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിതിഗതി സസൂക്ഷ്മം നിരീക്ഷിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. യു.പിയില്‍ 86 ശതമാനം ജനങ്ങളും ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായി കമ്മീഷന്‍ വ്യക്തമാക്കി. 49 ശതമാനം ജനങ്ങള്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 15- 20 ദിവസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.