വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി 159 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാര്‍ട്ടി.
മുന്‍ മുഖ്യമന്ത്രിയും എസ്.പിയുടെ പ്രമുഖ നേതാവുമായ അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. പിതാവ് മുലായംസിങ് യാദവിന്റെ മണ്ഡലമായ മെയ്ന്‍പുരി ലോക്‌സഭാ മണ്ഡലത്തിലാണ് കര്‍ഹാല്‍ നിയമസഭ മണ്ഡലം.
1993 മുതല്‍ എസ്.പിയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത്. 2002ല്‍ മാത്രമാണ് അതിലൊരു മാറ്റം ഉണ്ടായത്. 2002ല്‍ ബി.ജെ.പിയുടെ ശോഭരണ്‍ സിങ് യാദവിനെ മണ്ഡലത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തിരുന്നു.
എസ്പിയുടെ മറ്റു പ്രമുഖ നേതക്കളായ നഹിദ് ഹസന്‍ കൈരാനയില്‍ നിന്നും അബ്ദുല്ല അസം ഖാന്‍ സുവാറില്‍ നിന്നും മത്സരിക്കും.
ശിവ്പാല്‍ സിങ് യാദവ് ജസ്വന്ത്‌നഗറിലും അസം ഖാന്‍ രാംപൂരിലും മത്സരിക്കും. ഫെബ്രുവരി 10നാണ് യൂപിയില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാര്‍ച്ച് ഏഴിനാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 നും.