X

യുക്രെയ്ന്‍; നാം കാഴ്ചക്കാരോ- കെ.പി ജലീല്‍

കെ.പി ജലീല്‍

യുക്രെയിനുമേലുള്ള റഷ്യന്‍ ആക്രമണം ഏഴാം ദിവസവും അഭംഗുരം തുടരുകയാണ്. തലസ്ഥാനമായ കീവ് പിടിച്ച് വോളോഡിമിര്‍ സെലന്‍സ്‌കി സര്‍ക്കാരിനെ പുറത്താക്കുകയാണ് റഷ്യയുടെ അന്തിമ ലക്ഷ്യമെന്നാണ് നിലവിലെ വിലയിരുത്തലുകള്‍. അതിന് ഇത്രയും ദിവസമായിട്ടും കഴിയാത്തതെന്തുകൊണ്ടെന്ന ചോദ്യമാണ് സാധാരണക്കാരിലും നയതന്ത്ര വൃത്തങ്ങളിലുമിപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത.് ലോകത്തെ രണ്ടാമത്തെ വന്‍സൈനികശക്തിയായ റഷ്യക്ക് എന്തുകൊണ്ട് അവരുടെ പത്തു ശതമാനംപോലും സൈനികശേഷിയില്ലാത്ത രാജ്യത്തെ കീഴടക്കാന്‍ ഇത്രസമയം വേണ്ടിവരുന്നു? രണ്ടു തരത്തിലാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ഒന്ന്, യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്ക-യൂറോ സൈനികസഖ്യമായ നാറ്റോയുടെയും നീക്കത്തിന് കാത്തിരിക്കുക. രണ്ട്, യുദ്ധം നീണ്ടുപോയാല്‍ ജനരോഷം സെലന്‍സ്‌കിക്ക് എതിരാകും. സെലന്‍സ്‌കിയും കൂട്ടരും തലസ്ഥാനം വിട്ടുപോകും. പകരം മറ്റൊരു ഭരണകൂടത്തെ പ്രതിഷ്ഠിക്കുക. ഇവ രണ്ടും കാരണമാകും റഷ്യ പെട്ടെന്നൊരു കടന്നുകയറ്റത്തിന് മുതിരാത്തതെന്നാണ്‌വിലയിരുത്തപ്പെടുന്നത്. ജനവാസമേഖലകളില്‍ ഇതുവരെയും കാര്യമായ ആക്രമണമൊന്നും റഷ്യന്‍ സേന നടത്തിയിട്ടില്ല. തലസ്ഥാന നഗരത്തില്‍ നടത്തുന്ന ആക്രമണം ജനങ്ങള്‍ക്കെതിരെ എന്നതിനപ്പുറം ഭരണം പിടിച്ചെടുക്കുക എന്നത് ലക്ഷ്യമിട്ടാണ്. യുക്രെയിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതുവരെയും റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്. അവിടെയുള്ള റഷ്യന്‍ ഭൂരിപക്ഷപ്രദേശങ്ങളിലും ഹാര്‍കീവിലുമാണ ്പ്രധാനമായും റഷ്യന്‍ സേനയുടെ കടന്നുകയറ്റം. ഏഴാം ദിവസം 70 കിലോമീറ്റര്‍ ദൂരം സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പറയുന്നതനുസരിച്ച് യുക്രെയിനെ ‘നിരായുധീകരിക്കുകയും നാസി രഹിതമാക്കുകയും’ ചെയ്യുകയാണ് യുദ്ധത്തിന്റെ ലക്ഷ്യം. നാറ്റോയുമായും യൂറോപ്യന്‍ യൂണിയനുമായും കിഴക്കന്‍ യൂറോപ്പ് രാജ്യമായ യുക്രെയിന്‍ സഖ്യമുണ്ടാക്കുന്നത് മേഖലയില്‍ തങ്ങളുടെ ഭാവിയിലെ സുരക്ഷിതത്വത്തിന് ഭീഷണിയാകുമെന്ന പുടിന്റെ പ്രസ്താവനക്കും ഭയത്തിനും അടിസ്ഥാനമില്ലാതില്ല. ഇന്ത്യയുടെ ചൈനയുമായുള്ള അതിര്‍ത്തി രാജ്യമായ നേപ്പാളോ ബംഗ്ലാദേശോ മ്യാന്മറോ ശ്രീലങ്കയോ ബദ്ധശത്രുവായ ചൈനയുമായി സഖ്യമുണ്ടാക്കിയാലുള്ള അവസ്ഥയാണ് റഷ്യയും നേരിടുന്നത്. മാത്രമല്ല, പഴയ ജര്‍മന്‍ നാഷണല്‍ സോഷ്യലിസ്റ്റുകളുടെ (നാസി) സംഖ്യയും സ്വാധീനവും യുക്രെയിന്‍ ഭരണത്തില്‍ വ്യാപിച്ചുവരികയാണ്. സെലന്‍സ്‌കി ജൂതനാണെങ്കിലും റഷ്യാവിരോധത്താല്‍ നാസികളുമായി ചേരാന്‍ വരെ അദ്ദേഹം തയ്യാറാണ്. 1941ല്‍ റഷ്യയെ ആക്രമിച്ച ജര്‍മന്‍ നേതാവ് ഹിറ്റ്‌ലറുടെ ഭാഷയാണ് നവനാസികളുടേതും. സ്റ്റാലിന്റെ റഷ്യയെയാണ് സോവിയറ്റ് പൂര്‍വകാലത്തും നാസികള്‍ ഭയക്കുന്നത്. കിഴക്കന്‍ യൂറോപ്പിനെ വിട്ടുകൊടുത്താല്‍ പിന്നീട് പതുക്കെയായി പശ്ചിമയൂറോപ്പിലേക്ക് പോലും കടന്നുകയറാന്‍ പുടിനിലെ ഏകാധിപതി തയ്യാറായിക്കൂടെന്നില്ലെന്നാണ് നവനാസികളുടെയും ഭീതി.

ഇതിനിടെ ഇന്ത്യയുടെ ഇവ്വിഷയത്തിലെ നിലപാട് രണ്ടു തട്ടിലാണെന്ന ആരോപണവും ശക്തമാണ്. യുക്രെയിനികളും ചില യൂറോപ്യന്മാരുമാണ് ഇന്ത്യക്കെതിരെ വികാരം ശക്തമാക്കിയിരിക്കുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികളെ ശാരീരികമായി ആക്രമിക്കാന്‍വരെ യുക്രെയിന്‍ സൈനികരും പൊലീസും തയ്യാറായി. ജീവന്‍മരണ പോരാട്ടമാണിപ്പോള്‍ യുക്രെയിന്‍ ജനത നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ അവരുടെ മുന്നിലെ ശത്രു ആരായാലും അവര്‍ എതിരിടുകതന്നെ ചെയ്യും. അതേസമയം, ഗാന്ധിജിയുടെയും ഹിംസാസിദ്ധാന്തത്തിന്റെയും വക്താക്കളായ ഇന്ത്യ എന്തുകൊണ്ട് റഷ്യയുടെ കടന്നുകയറ്റത്തെയും കൂട്ടക്കൊലയെയും ന്യായീകരിക്കുന്നു, അഥവാ എതിര്‍ക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ഒരു ഭാഗത്ത് അഹിംസക്ക് വേണ്ടി വാദിക്കണമെങ്കിലും ഇന്ത്യയുടെ നിലനില്‍പ് നോക്കുകയും വേണം. റഷ്യയുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് നമുക്കുള്ളത്. സോവിയറ്റ് കാലത്ത് അവരുമായി സാമ്പത്തികമായും സൈനികമായും ചേര്‍ന്നുപോകുന്ന നിലപാടാണ് ഇന്ത്യയുടെ പൂര്‍വനേതാക്കളെടുത്തത്. സോവിയറ്റ് സാമ്പത്തിക രീതിയെ ഉള്‍ക്കൊണ്ടാണ് നാം നമ്മുടെ പഞ്ചവല്‍സരപദ്ധതികള്‍ ആവിഷ്‌കരിച്ചതുപോലും. ബംഗ്ലാദേശിനുവേണ്ടിയുള്ള ഇന്ത്യ-പാക് യുദ്ധത്തില്‍ റഷ്യ നമ്മോടൊപ്പമാണ് നിലയുറപ്പിച്ചത്. അതേസമയം ജനാധിപത്യസംവിധാനത്തെ പാശ്ചാത്യരില്‍നിന്ന് കടമെടുക്കാനും നാം മറന്നില്ല. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഏക ജനാധിപത്യ രാജ്യം കൂടിയാണ് ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ നിലപാട് റഷ്യക്ക് അനുകൂലമായിരുന്നു. അവരെ വിമര്‍ശിക്കുന്ന അമേരിക്കയുടെ പ്രമേയത്തെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനും തയ്യാറായി. നയതന്ത്രവിദഗ്ധന്‍ ചിന്മയ ഗരേഖാന്‍ പറയുന്നതുപോലെ ഇതല്ലാതെ ഇപ്പോള്‍ ഇന്ത്യക്ക് വേറെ വഴിയില്ല. അതേസമയം ജനവാസകേന്ദ്രങ്ങളിലെ ആക്രമണത്തെയും ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയുടെയും മരണം വലിയ ഞെട്ടലിനും തിരുത്തിച്ചിന്തിപ്പിക്കാനും പ്രേരണ നല്‍കുന്നു. ഇതൊരുതരം അഴിയാക്കുരുക്ക് തന്നെയാണ്. എല്ലാവരും ആദ്യം കരുതിയത് നാറ്റോ ഇടപെടാത്തനിലക്ക് യുദ്ധം പെട്ടെന്നുതന്നെ, ഏറിയാല്‍ ഒരാഴ്ചക്കുള്ളില്‍ തീരുമെന്നും റഷ്യ യുക്രെയിനെ കീഴടക്കുമെന്നുമായിരുന്നു. അതാണ് ഇന്ത്യയും പ്രതീക്ഷിച്ചത്. പക്ഷേ യുക്രെയിനികള്‍ സെലന്‍സ്‌കിയില്‍ വിശ്വാസമര്‍പ്പിച്ച് യുദ്ധത്തിനിറങ്ങിപ്പുറപ്പെടുന്നതാണ് പിന്നീടുള്ള ദിനങ്ങളില്‍ ദൃശ്യമായത്. ഇതോടെ ഇന്ത്യയുടെ നിലപാടിലും തീരുമാനത്തിലും ചെറിയ ആശക്കുഴപ്പം നിഴലിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ വിദ്യാര്‍ഥിയുടെ മരണം മാറ്റിച്ചിന്തിപ്പിക്കുമോ എന്നചോദ്യത്തിന് വിദേശകാര്യസെക്രട്ടറി ഹര്‍ഷവര്‍ധന്‍ സിംഗ്ല വ്യക്തമായ ഉത്തരം തന്നില്ല. അത് വ്യക്തമാക്കുന്നത് യുദ്ധം നീളുന്നത് വിദേശനയത്തിലെ ആശങ്ക ഉയര്‍ത്തുമെന്നാണ്.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ യുക്രെയിന് അംഗത്വം നല്‍കിയാലുള്ള തുടര്‍സംഭവവികാസങ്ങളും ഊഹിക്കാനാകും. പുടിനെ പ്രകോപിക്കുന്നതാകുമത്. കഴിഞ്ഞദിവസം വികാരപരമായി സെലന്‍സ്‌കി യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതും അതിന് പാര്‍ലമെന്റംഗങ്ങളില്‍നിന്നും സ്പീക്കറില്‍നിന്നും ലഭിച്ച കയ്യടിയും റഷ്യയെയും ഒപ്പം യുദ്ധ വിരുദ്ധരെയും ആശങ്കപ്പെടുത്തുന്നതാണ്. നാറ്റോയും യൂറോ രാജ്യങ്ങളും ഒത്തുചേര്‍ന്ന് സൈനിക നടപടിക്ക് ഇറങ്ങിയാലുള്ള സ്ഥിതി ഇതിലും രൂക്ഷമാകും. അമേരിക്ക മോസ്‌കോയില്‍ന്ന് എംബസിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചതും ഭീതിയുടെ കാര്‍മേഘങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. അമേരിക്കയും നാറ്റോയും പഴയപോലെയുള്ള സൈനികശേഷിയോ സാമ്പത്തികഭദ്രതയോ ഇല്ലാതായെന്ന് പറയുന്നുണ്ടെങ്കിലും യൂറോപ്യന്‍ വികാരവും രക്തവും തിളച്ചാല്‍ വിവേകത്തിനവിടെ ഇടമുണ്ടാകില്ല. അമേരിക്കയുടെ സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും പരാജയങ്ങള്‍ റഷ്യയെയും പുടിനെയും ‘സൈനികനടപടി’ക്ക് പ്രേരിപ്പിച്ചിരിക്കാം. പക്ഷേ പുടിന്‍ പോലും ഇപ്പോള്‍ ഒരു ലോക യുദ്ധത്തിന് കോപ്പുകൂട്ടുന്നുണ്ടാവില്ല. അതിന് വലിയ സംഭവവികാസങ്ങള്‍ ഇനിയും രൂപപ്പെടേണ്ടതുണ്ട്. അതുകൊണ്ടായിരിക്കണം അദ്ദേഹം ആണവായുധത്തെക്കുറിച്ച് കഴിഞ്ഞദിവസം ഓര്‍മിപ്പിച്ചത്. യുദ്ധത്തില്‍ വിജയം സൈനികശേഷിയുടെ കാര്യത്തിലാണെങ്കില്‍, ആണവ-രാസായുധങ്ങളുള്ളപ്പോള്‍ ആധുനികകാലത്ത് വിജയത്തിന് പ്രസക്തിയൊന്നുമില്ല. പരസ്പരം കായികമായി ആക്രമിക്കുന്ന സമയം ഒരു ചാവേര്‍ പൊട്ടിത്തെറിക്കുന്നതുപോലെയേ അതുള്ളൂ. അതുകൊണ്ട് യുദ്ധം നീണ്ടുപോകുന്നത് ലോകത്തെ ഒരു ശക്തിക്കും ഭൂഷണമല്ല. ഇന്ത്യയും മറ്റും ചെയ്യേണ്ടത് പരമാവധി ഇരുകൂട്ടരെയും ഒരുമേശക്ക് ചുറ്റുമിരുത്തി യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഉണ്ടാക്കുകയാണ്. ചേരിചേരാനയമെന്ന വലിയ അഖില ലോക പ്രസ്ഥാനത്തിന്റെ ശില്‍പികളാണ് നാമെന്ന കാര്യം അധികാരികള്‍ മറന്നുപോകരുത്.

Test User: