സാന്‍ഫ്രാന്‍സിസ്‌കോ: യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിനേര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കാലിഫോര്‍ണിയ ഫെഡറല്‍ ജഡ്ജി തള്ളി. ഹരജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവനനിബന്ധനകള്‍ പ്രകാരം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.
2021 ജനുവരിയില്‍ നടന്ന ‘സ്‌റ്റോപ്പ് ദി സ്റ്റീല്‍’ റാലിയില്‍ ട്രംപ് പ്രസംഗം നടത്തിയിരുന്നതിന് പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. പ്രസംഗത്തിന് ശേഷം ട്രംപ് പങ്കുവെച്ച പോസ്റ്റുകള്‍ പ്രകോപനപരമെന്നും ആക്രമണത്തിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വിലക്കിന് പിന്നാലെ സ്വന്തം സമൂഹ മാധ്യമവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്റെ സമാന രൂപകല്‍പനയുമായി ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹ മാധ്യമം ഈ മാസം അവസാനത്തോടെ വെബ് ബ്രൗസറുകളില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.