കുറുക്കോളി മൊയ്തീന്‍
വലിയ ദു:ഖത്തിന്റേതാണ് നമ്മുടെ നാളുകളിപ്പോള്‍. അഭിവന്ദ്യനായ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളുടെ വിയോഗവാര്‍ത്തക്ക് പിറകെയാണ് ടി.പി മമ്മുവിന്റെ മരണവാര്‍ത്തയും നമ്മെ തേടിയെത്തിയിരിക്കുന്നത്. സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനജനറല്‍സെക്രട്ടറിയും കര്‍ഷകനും കര്‍ഷകാവകാശങ്ങള്‍ക്കുവേണ്ടി വീറോടെ പൊരുതുന്ന നേതാവുമാണ് ടി.പി മമ്മു. സംഘടനയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടങ്ങളുടെ ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനനേതാക്കളായ പി.ശാദുലിയും ഡോ.പി.കുഞ്ഞാലിയും എം.ആലിയും മാസങ്ങള്‍ക്കകം അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞതിന് തൊട്ടുപിറകെയാണ് ഈദാരുണമായ വാര്‍ത്തകൂടി ശ്രവിക്കാനിട വന്നിരിക്കുന്നത്. കഴിഞ്ഞ ഒരുപതിറ്റാണ്ടായി സ്വതന്ത്രകര്‍ഷകസംഘത്തിന്റെ സംസ്ഥാനജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന എന്റെ പ്രിയങ്കരനായ സഹപ്രവര്‍ത്തകനാണ് മമ്മു. സ്വതന്ത്രകര്‍ഷകസംഘത്തിലേക്ക് വളരെമുമ്പുതന്നെ കടന്നുവന്ന അദ്ദേഹം സംഘടനയുടെ ഒര്‍ഗനൈസിംഗ് സെക്രട്ടറിയായി 1998ല്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 2010ല്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായും 2012ല്‍ ജനറല്‍സെക്രട്ടറിയായും അദ്ദേഹം ചുമതലയേറ്റു. മുസ്്‌ലിംയൂത്ത് ലീഗിലൂടെയാണ് പാര്‍ട്ടിപ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്. കണ്ണൂര്‍ ജില്ലാ മുസ്്‌ലിംയൂത്ത് ലീഗ് ജനറല്‍സെക്രട്ടറി, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ,ജനറല്‍സെക്രട്ടറി, ചന്ദ്രികയുടെ കാസര്‍കോട് ലേഖകന്‍ എന്നീനിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കര്‍ഷകരെ സംഘടിപ്പിച്ച് തളിപ്പറമ്പ് ആസ്ഥാനമായി ‘ഫ്രഷ് ‘ എന്ന പേരില്‍ കമ്പനി അദ്ദേഹം രൂപവല്‍കരിച്ചു. സ്വന്തമായും നല്ലൊരു കര്‍ഷകനായിരുന്നു അദ്ദേഹം. റബറും കുരുമുളകും അദ്ദേഹം കൃഷിചെയ്തു. നിസ്വാര്‍ത്ഥതയും പെരുമാറ്റത്തിലെ ആകര്‍ഷണീയതയും നമ്മെയെല്ലാം ആകര്‍ഷിച്ചു. ശാരീരികാസ്വസ്ഥതകള്‍ക്കിടയിലും അദ്ദേഹം സംഘടനയെ സേവിച്ചു. ഭാര്യയുടെ വിയോഗംതീര്‍ത്ത ദു:ഖത്തിനിടയിലാണ് അദ്ദേഹത്തിന്റെ യാത്രയും. കഴിഞ്ഞ ഡിസംബര്‍ 28ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലും പിന്നീട് നടന്ന കൗണ്‍സിലിലും അദ്ദേഹം സജീവപങ്കാളിയായി. പ്രായവും പരിചയവും കാരണം മൂന്നുതവണ അദ്ദേഹം തന്ന രാജി സംസ്ഥാനകമ്മിറ്റി സ്വീകരിച്ചില്ല. ഇടയ്ക്ക് സഹപ്രവര്‍ത്തകരെ ചുമതല ഏല്‍പിച്ചെങ്കിലും പിന്നീട് ആരോഗ്യപരമായി ഉന്മേഷവാനായതായി അദ്ദേഹംതന്നെ അറിയിച്ചു. നാലുദിവസം മുമ്പ് ആശുപത്രിയിലാണെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്തിയതായി അറിഞ്ഞതിനെതുടര്‍ന്ന് തങ്ങളുടെ മരണം കൂടിയായതോടെ നേരില്‍കാണാന്‍ കഴിയാത്ത ദു:ഖം അലട്ടുന്നു.
സ്വതന്ത്രകര്‍ഷകസംഘം അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഏറ്റെടുത്ത ഉത്തരവാദിത്തം ചെറുതല്ല. ഡല്‍ഹി മാര്‍ച്ച്, പാര്‍ലമെന്റ് മാര്‍ച്ച്, നൂറ്റൊന്നംഗ സത്യഗ്രഹം എന്നിവ ഡല്‍ഹിയില്‍ സംഘടിപ്പിച്ചത് അദ്ദേഹമാണ്. പ്രാദേശികതലത്തിലും താലൂക്ക്, ജില്ലാ,സംസ്ഥാനതലത്തിലും ഇടപെടാന്‍ അദ്ദേഹത്തോടൊപ്പം നമുക്കായി. പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചതും രാജ്ഭവന്‍ മാര്‍ച്ച് അടക്കമുള്ള സമരങ്ങളും സ്വതന്ത്രകര്‍ഷകന്‍ മാസിക ആരംഭിച്ചതും ഇക്കാലയളവിലാണ്. സംഘടനയെ ജീവിപ്പിക്കാനും കര്‍ഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാനും മമ്മുവിന്റെ സേവനത്തിലൂടെ കഴിഞ്ഞു. അദ്ദേഹത്തിന്റെ പരലോകജീവിതം ക്ഷേമൈശ്വര്യങ്ങള്‍ നിറഞ്ഞതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.