ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുത്ത് സമാപിച്ചു. ഇതോടെ ഫലമറിയാനുള്ള കാത്തിരിപ്പ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് പെട്ടിത്തുറക്കുക. 68.42 ആണ് പോളിംഗ് ശതമാനം. അവസാനത്തെ കണക്ക് ഉടന്‍ പുറത്തുവരും. ഒരേസമയം മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും നല്‍കുന്നതാണ് പോളിംഗ് ശതമാനം. അതേസമയം ഉപതിരഞ്ഞടുപ്പിന്റെ പ്രചാരണച്ചൂട് വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 70.39 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്.
മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയില്‍ നൂറംഗ സംഖ്യ തികയ്ക്കാമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിന്. 2011ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ നടന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്. ആകെ 8 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 1.96 ലക്ഷം വോട്ടര്‍മാരില്‍ 1.01 ലക്ഷം പേരും വനിതകളാണ്. ആകെ 239 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്.