കീവ്: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്‌നിലെ ഹാര്‍കീവില്‍ നിന്നും പിസോചിനിലേക്ക് മാറണമെന്ന ഇന്ത്യന്‍ എംബസിയുടെ വാക്ക് കേട്ട് പിസോചിനിലെത്തിയവര്‍ക്ക് നരകയാതന. സര്‍ക്കാര്‍ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഹര്‍കീവില്‍ നിന്നും എത്തി കഴിഞ്ഞ രണ്ട് ദിവസമായി നൂറോളം വിദ്യാര്‍ത്ഥികള്‍ പിസോചിനില്‍ കഴിയുകയാണ്. കനത്ത മഞ്ഞു വീഴ്ചയുള്ള പിസോചിനില്‍ മൈനസ് മൂന്നു-നാല് ഡിഗ്രിയാണ് തണുപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ല. 1,000 വിദ്യാര്‍ത്ഥികള്‍ ഇവിടുണ്ട്. കോണ്‍ട്രാക്ടര്‍മാര്‍ ലിവിലിലേക്ക് ടാക്‌സിക്കായി ചോദിക്കുന്നത് 500-700 ഡോളറാണെന്ന് വിദ്യാര്‍ത്ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
എംബസിയുടെ ഭാഗത്തു നിന്നും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ബസില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നെങ്കിലും എത്തണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ എംബസിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഇവിടെ തന്നെ കഴിയാനാണ് ആവശ്യപ്പെടുന്നത്. പുറത്തിറങ്ങി നടക്കുന്നത് അപകടമാണെന്ന അറിയിപ്പാണ് ലഭിച്ചത്. എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയില്ല വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞു. കൃത്യമായ മറുപടി എവിടെ നിന്നും ലഭിക്കുന്നില്ല. എംബസിയില്‍ നിന്നും തങ്ങള്‍ ചെയ്യുന്നുണ്ട്, ചെയ്യുന്നുണ്ട് എന്ന മറുപടിയാണ് ലഭിക്കുന്നത്. എന്താണ് ചെയ്യുന്നത് എന്നറിയില്ല. തണുപ്പ് കൂടി വരികയാണ്. എങ്ങിനെയെങ്കിലും ഞങ്ങളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചു. ഹാര്‍കീവ്, സുമി, കീവ് എന്നിവിടങ്ങളില്‍ റഷ്യയുടെ ഷെല്‍വര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളോട് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചിരുന്നു. യുക്രെയ്‌ന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. പടിഞ്ഞാറന്‍ അതിര്‍ത്തി വഴി അയല്‍ രാജ്യങ്ങളിലെത്തിയവരെയാണ് ഇന്ത്യയിലേക്ക് ഓപറേഷന്‍ ഗംഗ വഴി മടക്കിക്കൊണ്ടു വരുന്നത്.