X

യുക്രെയ്ന്‍ സംഘര്‍ഷത്തിന് മുപ്പതാണ്ടിന്റെ പഴക്കം- കെ.പി ജലീല്‍

കെ.പി ജലീല്‍

സോവിയറ്റ് യൂണിയന്റെ (യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സ്- യു.എസ്.എസ്.ആര്‍) തകര്‍ന്ന് തരിപ്പണമായ 1991 മുതലാണ് യഥാര്‍ഥത്തില്‍ യുക്രെയ്‌നും മാതൃരാജ്യമായ റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വിവിധ സോവിയറ്റ് പ്രവിശ്യകള്‍ക്ക് സ്വതന്ത്ര രാജ്യങ്ങളായി കൊഴിഞ്ഞുപോകാന്‍ അവസരം നല്‍കിയ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗൊര്‍ബച്ചേവിന്റെ തീരുമാനം ലോകത്താകെ കമ്യൂണിസ്റ്റ് ആശയത്തിന്റെ പതനത്തിന്റെ സൂചന നല്‍കുകയുണ്ടായി. മതവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെല്ലാം കൂച്ചുവിലങ്ങിട്ട ഇരുമ്പുമറക്കുള്ളിലെ സോവിയറ്റ് സാമ്രാജ്യത്തോട് സുല്ലിട്ട് യുക്രൈന്‍ അടക്കമുള്ള ജനത സ്വയം രാജ്യങ്ങളും സ്വതന്ത്ര സാംസ്‌കാരികതയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ അതിന് ഗൊര്‍ബച്ചേവ് സമാധാനപരമായി വഴികാട്ടുകയായിരുന്നു. അങ്ങനെ വലിയൊരു കൂട്ടക്കൊലക്കും ദുരന്തത്തിനും അവസരമൊരുക്കാതെ ഗൊര്‍ബച്ചേവ് കാട്ടിയമാതൃക ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി. പെരിസ്‌ട്രോയിക്ക (പുന:സംഘടന), ഗ്ലാസ്‌നസ്ത് (തുറന്ന സമീപനം) എന്നീ പേരുകളിലായിരുന്നു ഗൊര്‍ബച്ചേവിന്റെ ജനാധിപത്യപരമായ ഈനടപടി.

സോവിയറ്റ് യൂണിയനിലെ റഷ്യ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ രാജ്യമായിരുന്നു റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന യുക്രെയ്ന്‍. സോവിയറ്റ് കാലത്ത് ലോകത്തെ ഞെട്ടിച്ച, 1986 ഏപ്രിലിലെ ആണവ ദുരന്തം നടന്ന ചെര്‍ണോബില്‍ നഗരം ഇവിടെയാണ്. കിഴക്കന്‍ യൂറോപ്പാണ് യുക്രെയ്‌ന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. ബെലാറസ്, ജോര്‍ജിയ, അര്‍മേനിയ, മധ്യേഷ്യയിലെ കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍, തുര്‍ക്ക്മനിസ്ഥാന്‍ അസര്‍ബൈജാന്‍ തുടങ്ങി 15 ഓളം പ്രവിശ്യകളാണ് സ്വയം പിരിഞ്ഞുപോയി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതില്‍ യുക്രെയ്‌ന്റെ സ്വതന്ത്രപരമായ നയതന്ത്ര നിലപാടുകള്‍ റഷ്യക്ക് പിടിച്ചില്ല. 1992ല്‍തന്നെ രാജ്യം നാറ്റോ സഖ്യത്തില്‍ അംഗമായി. പക്ഷേ യൂറോപ്യന്‍ യൂണിയനുമായും റഷ്യയുമായും തുല്യ അകലം പാലിക്കാനായിരുന്നു 2010ല്‍ അധികാരത്തിലെത്തിയ പുതിയയുക്രെയ്ന്‍ സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ റഷ്യയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നു. യൂറോപ്യന്‍ യൂണിയനുമായി സഖ്യമായാല്‍ ഭാവിയില്‍ റഷ്യയുടെ താല്‍പര്യങ്ങള്‍ക്ക് മേഖലയില്‍ യുക്രെയ്ന്‍ വിഘാതമാകുമെന്നതായിരുന്നു കാരണം. ഇതിന് അനുകൂലമായി യുക്രെയ്ന്‍ പ്രസിഡന്റായിരുന്ന വിക്ടര്‍ യാനുകോവിച്ച് തന്റെ റഷ്യന്‍ അനുകൂല നിലപാട് എടുത്തതോടെ അഭിമാന വിപ്ലവം എന്ന പേരില്‍ രാജ്യത്ത് സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി അണിനിരന്നു. ഇതോടെ യാനോവിച്ച് സര്‍ക്കാര്‍ രാജിവെച്ചു. പുതിയ സര്‍ക്കാര്‍ രൂപീകൃതമായി. 2004ല്‍ മറ്റു പല യൂറോപ്യന്‍ ചെറു രാജ്യങ്ങള്‍ക്കൊപ്പം യുക്രെയ്‌നും യൂറോപ്യന്‍ യൂണിയനില്‍ അംഗമായി. ഡോണന്‍സ്‌ക്, ലുവാന്‍സ്‌ക് എന്നീ കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ റഷ്യന്‍വംശജരുമായി ചേര്‍ന്ന് അവിടെ തീവ്രവാദ ഗ്രൂപ്പുകളുണ്ടാക്കി സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കുകയാണ് റഷ്യ ചെയ്തത്. ഇതോടെ ആഭ്യന്തര കലാപം രൂക്ഷമായി. റഷ്യക്കാരായ ഈ പ്രവിശ്യക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ രാജ്യം ചേരുന്നതിനോട് എതിര്‍പ്പായിരുന്നു. മാത്രമല്ല, നാളെ യുക്രെയ്ന്‍ യൂറോ-അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയില്‍ കൂടി അംഗമാകുമ്പോള്‍ അത് മേഖലയില്‍ റഷ്യക്ക് സൈനികമായി വലിയ തിരിച്ചടിയാകുമെന്നവര്‍ കരുതി. നിലവില്‍ തന്നെ റഷ്യയുടെ തെക്കന്‍ ഭാഗത്ത് ജപ്പാനും തെക്കന്‍ കൊറിയയും റഷ്യക്കെതിരെയും അമേരിക്കക്ക് അനുകൂലവുമാണ്. ഈ പ്രദേശത്തെ റഷ്യയുടെ മേധാവിത്വത്തെ എതിര്‍ക്കുകയാണിരുവരും. ഇതോടെ തങ്ങളുടെ സാമന്ത രാജ്യമായി നിലനില്‍ക്കണമെന്നാശിച്ച റഷ്യക്കെതിരെ യുക്രെയ്‌നിലെ ഭരണകൂടവും ഭൂരിഭാഗം ജനതയും കൈകോര്‍ത്തു. 2014ല്‍ ക്രിമിയ പിടിച്ചടക്കിയതോടെ റഷ്യയുമായുള്ള സംഘര്‍ഷം മൂര്‍ധന്യത്തിലെത്തി. ബെലാറസ് എന്ന മറ്റൊരു അതിര്‍ത്തി രാജ്യത്തുനിന്ന് സൈനികമായി നീങ്ങുകയായിരുന്നു റഷ്യയുടെ പദ്ധതി. കഴിഞ്ഞ ദിവസങ്ങളില്‍ ബെലാറസ് കേന്ദ്രീകരിച്ച് വ്ഌഡിമിര്‍ പുടിന്‍ നിയന്ത്രിച്ച സേന യുക്രെയ്ന്‍ നഗരങ്ങളിലേക്ക് ആക്രമണം നടത്തിയതോടെ മറ്റൊരു സോവിയറ്റ് അധിനിവേശത്തിന്റെ സൂചനയാകുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ സൈനികമായും ഭൂമിശാസ്ത്രപരമായും മറ്റും ഒട്ടേറെ ഭിന്നതകളാണുള്ളത്. ഇതിനിടയില്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയാണ് യുക്രെയ്ന്‍ തേടുന്നത്‌. അങ്ങനെ വന്നാല്‍ ഈ യുദ്ധം ഭാവിയില്‍ ഒരു ലോക യുദ്ധത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് പലരും കരുതുന്നു. ഇന്നത്തെ അവസ്ഥയില്‍ അമേരിക്കക്ക് ശക്തമായി എതിരു നില്‍ക്കുന്ന ചൈനയും പാക്കിസ്താനും ഇറാനും വടക്കന്‍കൊറിയയും റഷ്യക്ക് അനുകൂലമായി കൈ കോര്‍ത്താല്‍ സംഗതിയുടെ ഗതിമാറും. രണ്ടാം ലോക യുദ്ധത്തില്‍ റഷ്യയും അമേരിക്കയും ജര്‍മനിക്കും ജപ്പാനുമെതിരെ ഒരുമിച്ചതുപോലാകില്ല ഇപ്പോഴത്തെ നീക്കങ്ങളുടെ ഫലം. 15 കോടിയാളുകളാണ് റഷ്യയിലുള്ളതെങ്കില്‍ യുക്രെയ്‌നിലുള്ളത് വെറും നാലേകാല്‍ കോടി ജനം മാത്രമാണ്. യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് യുക്രെയ്‌നെങ്കില്‍ ലോകത്തെ വന്‍ ശക്തി രാജ്യമാണ് റഷ്യ. ഒരു കോടിയോളം സൈനികരാണ് റഷ്യക്കെങ്കില്‍ യുക്രെയ്‌നുള്ളത് വെറും രണ്ടുലക്ഷം സൈനിക ശക്തിയാണ്.

റഷ്യയുടെയും യുക്രെയ്‌ന്റെയും സൈനിക ശേഷി ഇങ്ങനെ: റഷ്യ-മിലിറ്ററി 2,80000 സൈനികര്‍, നാവികസേന-1,50000, വ്യോമസേന-1,65000. റോക്കറ്റ്-50,000 അര്‍ധ സൈന്യം-5,54000. റിസര്‍വ് -20 ലക്ഷം. യുക്രെയ്ന്‍- മിലിറ്ററി-145000, നാവികസേന-11000, വ്യോമസേന-45000, അര്‍ധ സൈനികര്‍-1,02000. റിസര്‍വ് -9 ലക്ഷം. അതായത് സൈനികമായി ഇരുരാജ്യങ്ങളും തമ്മില്‍ താരതമ്യത്തിനുപോലും വകയില്ലെന്നര്‍ത്ഥം.

1991ലെ സോവിയറ്റ് പതനത്തോടെ ഏക ധ്രുവക്രമത്തിലേക്ക് ലോകം മാറിയപ്പോള്‍ 1950കള്‍ മുതല്‍ നിലനിന്ന സോവിയറ്റ്-അമേരിക്ക ശീതയുദ്ധം നിലക്കുകയായിരുന്നു. അമേരിക്ക നക്ഷത്ര യുദ്ധ പദ്ധതിയും മറ്റും പ്രഖ്യാപിച്ച് നടപ്പാക്കിയെങ്കിലും അതൊന്നും പൂര്‍ണമായൊരു യുദ്ധത്തിലേക്ക് എത്തിയിരുന്നില്ല. പക്ഷേ യുക്രെയ്ന്‍ യുദ്ധം ആ രാജ്യത്തിന്റെ പിടിച്ചടക്കലായി റഷ്യയും പുടിനും വ്യാഖ്യാനിക്കുന്നില്ലെങ്കിലും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെട്ടാലത് എങ്ങോട്ടെത്തുമെന്ന് പറയാനാവാത്ത സ്ഥിതിയാണിപ്പോള്‍. അതൊരു മൂന്നാം ലോക യുദ്ധത്തിലേക്കെത്താതിരിക്കട്ടെ എന്നു മാത്രമാണ് എല്ലാ മനുഷ്യസ്‌നേഹികളുടെയും പ്രാര്‍ത്ഥന.

Test User: