X

തേര്‍ഡ് ഐ: അര്‍ഹിച്ച കിരീടം, അഭിനന്ദനങ്ങള്‍- കമാല്‍ വരദൂര്‍

ഇതാണ് ഫുട്‌ബോള്‍. ഷൂട്ടൗട്ട് നോക്കു- ഭാഗ്യമെന്ന് പറയാം. പക്ഷേ അര്‍ഹിച്ചതായിരുന്നില്ലേ കേരളമിത്. അധികസമയത്ത് പിറകില്‍ പോയിട്ടും പതറാതെ പൊരുതി. സമനില നേടി. പിന്നെ ഷൂട്ടൗട്ടില്‍ പിഴച്ചതേയില്ല. 1973 ലെ ആ കന്നി നേട്ടം എന്നും എപ്പോഴും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളിലെ സമ്പന്ന ചിത്രമാണ്. എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് ഹാട്രിക്ക് നേട്ടവുമായി നായകന്‍ കത്തിനിന്ന കാഴ്ച്ച അക്കാലത്തെ കളികമ്പക്കാര്‍ പറഞ്ഞും കളിയെഴുത്തുകാരുടെ വിവരണത്തിലും നല്ല പരിചയം. റെയില്‍വേസ് എന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ സംഘത്തെയാണ് മണിയും സംഘവും തകര്‍ത്തത്. ജാഫര്‍ എന്ന ഉപനായകന്‍ അന്നും ഇന്നും 73 ലെ കഥകള്‍ സുന്ദരമായി പറയുന്നു. അതിനാല്‍ ആ നേട്ടം പുതിയ തലമുറക്കും സുപരിചിതം. ആ ജയത്തിന്റെ രഹസ്യം അവസരങ്ങളെ പ്രയോജനപ്പെടുത്തിയതാണ്. 73 ല്‍ നിന്നും രണ്ടാം സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ കേരളം കാത്തുനിന്ന വര്‍ഷങ്ങള്‍ നിരാശയുടേതായിരുന്നു. ദേശീയ ഫുട്‌ബോളില്‍ കേരളാ താരങ്ങള്‍ കത്തിനിന്നിട്ടും 1992 ലെ കോയമ്പത്തൂര്‍ നാഷണല്‍സിലേക്ക് വരേണ്ടി വന്നു മറ്റൊരു നേട്ടത്തിന്. ഗോവയെന്ന ശക്തരായ പ്രതിയോഗികളെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അന്ന് കോയമ്പത്തൂരില്‍ കേരളം ചാമ്പ്യന്മാരായത്. ആ മല്‍സരത്തിലും മുന്‍നിരക്കാര്‍ അവസരവാദികളായി. തൊട്ടടുത്ത വര്‍ഷവും കേരളം അജയ്യരായി. ഭാഗ്യ ഗ്രൗണ്ടായ മഹാരാജാസിലെ ഫൈനലില്‍ മഹാരാഷ്ട്രയായിരുന്നു എതിരാളികള്‍. മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ആ വിജയം. പിന്നെ എട്ട് വര്‍ഷത്തെ കാത്തിരിപ്പ്. 2001 ലെ കൂപ്പറേജ് പോരാട്ടം. ആസിഫ് സഹീറും അബ്ദുള്‍ ഹക്കീമുമെല്ലാം മൈതാനം വാണ അങ്കത്തില്‍ ഗോവയെ 3-2ന് കീഴടക്കിയുള്ള വിജയം. ഗോള്‍ഡന്‍ ഗോള്‍ എന്ന മാജിക്കിലെ ഈ കിരീടത്തിന് ശേഷം മൂന്ന് വര്‍ഷത്തിനിടെ 2004 ല്‍ ഡല്‍ഹി അംബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ അഞ്ചാം കിരീടം. നൗഷാദിനെ ഫുട്‌ബോള്‍ ലോകം നെഞ്ചേറ്റിയ സീസണ്‍. വീണ്ടും പതിനാല് വര്‍ഷത്തെ കാത്തിരിപ്പ്. 2018 ല്‍ കൊല്‍ക്കത്തയിലെ അതിസുന്ദര സാള്‍ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ ബംഗാളിനെ 4-2ന് കശക്കിയുള്ള വലിയ നേട്ടം. പിന്നെ കണ്ടത് നിരാശപ്പെടുത്തുന്ന ചില പ്രകടനങ്ങള്‍. ക്ലസ്റ്റര്‍ ഘട്ടത്തില്‍ തല താഴ്ത്തിയ ദുരനുഭവം. വീണ്ടും മലപ്പുറത്ത് ഇതിഹാസം രചിക്കുമെന്ന് കരുതിയപ്പോള്‍ ജിജോ ജോര്‍ജ്ജിനും സംഘത്തിനും ബംഗാളിന്റെ മാനസികാധിപത്യത്തിന് മുന്നില്‍ തല കുനിക്കേണ്ടി വന്നിരുന്നു. ഇന്നലെ തുടക്കത്തില്‍ തന്നെ ബംഗാള്‍ നടത്തിയത് മാനസിക നീക്കമായിരുന്നു- വേഗതയില്‍ വിറപ്പിക്കുക. അതില്‍ കേരളം പതറി എന്നതും സത്യം. അധിക സമയത്തില്‍ ബംഗാള്‍ നേടിയ ഗോള്‍ ആ മാനസികാധിപത്യം തന്നെയാണ്. കേരളം പക്ഷേ നിരാശപ്പെട്ടില്ല. തിരിച്ചടിച്ചു. ആധികാരികമായ വിജയം. ഷൂട്ടൗട്ട് സമ്മര്‍ദ്ദത്തെ അതിജയിച്ചു. അഭിനന്ദനങ്ങള്‍

Test User: