വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന വിഷയത്തില്‍ മുഖ്യമന്ത്രി നുണ പറയുന്നത് അവസാനിപ്പിക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ. സര്‍ക്കാര്‍ താല്‍പ്പര്യമല്ല വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തമായെന്ന് നജീബ് കാന്തപുരം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം പറഞ്ഞത്.
വഖഫ് നിയമന ബില്‍ അവതരിപ്പിച്ചപ്പോള്‍ ലീഗ് നേതാക്കള്‍ ആരും സംസാരിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ നേതാക്കള്‍ സംസാരിച്ച സമയവും തിയ്യതിയും രേഖയിലുണ്ടെന്നും ആരും ബില്ലിനെതിരെ സംസാരിച്ചില്ലെന്ന നുണ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും നജീബ് കാന്തപുരം പറഞ്ഞു.
കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ ഉണ്ടായ പ്രസംഗങ്ങളുടെ ചെറിയ ഭാഗം മാത്രം കേട്ടാണ് മുഖ്യമന്ത്രി അസ്വസ്ഥനായതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ എന്താകുമെന്നും ചോദിച്ചു.
വഖഫ് ബോര്‍ഡ്, സി.പി.ഐ.എം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കണ്ടെത്തിയ ആയുധമാണെന്നും വഖഫില്‍ കൈകടത്തിയത് വിശ്വാസികളോടുള്ള വഞ്ചനയാണെന്നും നജീബ് പറഞ്ഞു. ഇതോന്നും കണ്ട് ഭയക്കുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗെന്നും മുഖ്യമന്ത്രിക്ക് വഖഫ് വിഷയത്തില്‍ നിന്ന് പിന്മാറിയേ തീരുവെന്നും നജീബ് കൂട്ടിചേര്‍ത്തു.
നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആദ്യം മുഖ്യമന്ത്രി നുണപറയുന്നത് അവസാനിപ്പിക്കണം. സമൂഹ നന്മ മുന്‍നിറുത്തി അതിനു വേണ്ടിയൊരു ബില്‍ പാസാക്കിയാലും നാടിന് ഗുണമേ ഉണ്ടാകൂ.ആദ്യം നുണ പറഞ്ഞത് പി.എസ്.സിക്ക് വിടുന്നത് സര്‍ക്കാര്‍ താല്പര്യമല്ലെന്നാണ്. തെറ്റാണെന്ന് ഇതിനോടകം വ്യക്തമായി. വഖഫ് ബില്‍ അവതരണ വേളയില്‍ ലീഗ് നേതാക്കള്‍ ആരും സംസാരിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞ അടുത്ത നുണ.എല്ലാം രേഖയിലുണ്ട്. സംസാരിച്ച സമയവും തിയ്യതിയും ഹാജറാക്കാം. സഭാ ടിവിയിലെ വീഡിയോ തന്നെ പരിശോധിക്കാം.
ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മുമ്പ് തന്നെ നിയമസഭയില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത് പികെ കുഞ്ഞാലിക്കുട്ടി സാഹിബ്, കെ.പി.എ മജീദ് സാഹിബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുല്ല, അഡ്വ: എന്‍.ഷംസുദ്ദീന്‍, യു.എ ലത്തീഫ്, പി.കെ ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചത് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലേ? നിയമസഭയില്‍ രേഖയാണ്. ആരും സംസാരിച്ചില്ലെന്ന തന്റെ നുണ രേഖാമൂലം തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.
ചെറിയൊരു ആഹ്വാനം കൊണ്ടുമാത്രം കോഴിക്കോട് കടപ്പുറം നിറഞ്ഞപ്പോള്‍, പ്രസക്ത പ്രസംഗങ്ങളുടെ ചെറിയ ഭാഗങ്ങള്‍ മാത്രം കേട്ട് ഇത്രമാത്രം അസ്വസ്ഥത കാണിച്ച മുഖ്യമന്ത്രി, കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെ കേസെടുക്കും പോലും. അദ്ദേഹം പരിപാടി മുഴുവന്‍ വീക്ഷിക്കാതിരുന്നത് നന്നായി. നിറക്കാന്‍ ജയിലുകള്‍ തികയാതെ വരും. സമുദായത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കാനും മറ്റുമായി നിങ്ങള്‍ കണ്ടെത്തിയ ആയുധം വഖ്ഫ് ബോര്‍ഡാണ്. വിശ്വാസ വിചാരവുമായി അഭേദ്യ ബന്ധമുള്ള വഖഫില്‍ രാഷ്ട്രീയമായി കൈവെച്ചത് തന്നെ വിശ്വാസികളോടുള്ള വഞ്ചനയാണ്. പോരാത്തതിന്, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസും.മുഖ്യമന്ത്രിക്ക് യുടേണ്‍ അടിച്ചേ മതിയാവൂ. കാരണം, സമരമുഖത്ത് മുസ്ലിം ലീഗും കണ്ടും പ്രവര്‍ത്തിച്ചും അറിയാവുന്ന ലക്ഷക്കണക്കിന് അണികളുമുണ്ട്.
നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യൂ..
അതുകൊണ്ട് തളരുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ് എന്ന് ഞങ്ങള്‍ തെളിയിച്ച് തരാം…