X

മോദിയുടെ അതേ ഉറപ്പ്, അതേ തന്ത്രം

ലുഖ്മാന്‍ മമ്പാട്‌

പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്ന മോദിയും അമിത്ഷായും നല്‍കുന്നൊരുറപ്പുണ്ട്. രാജ്യത്തെ മുസ്‌ലിംകളാരും ആശങ്കപ്പെടേണ്ടതില്ല, ഒരു ഇന്ത്യക്കാരന്റെയും പൗരത്വം നഷ്ടപ്പെടില്ല. അസമില്‍ നിയമത്തിന്റെ പേനകൊണ്ട് മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയുടെ കുടുബത്തെ ഉള്‍പ്പെടെ പുറംതള്ളിയപ്പോഴും അവര്‍ ആവര്‍ത്തിക്കുന്നു; രാജ്യത്താകെ നിയമം പെട്ടന്ന് നടപ്പാക്കില്ല, ആര്‍ക്കും ആശങ്കവേണ്ട. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ പുല്ലുവിലവെക്കാതെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ചുട്ടെടുത്ത മോദി കര്‍ഷകരുടെ പുരോഗതിക്കുള്ള ചരിത്രപരമായ കാല്‍വെപ്പ് എന്നാണതിനെ വിശേഷിപ്പിച്ചത്. ദുഷ്ടലാക്കോടെ ഒരു നിയമം നിര്‍മിച്ച് ചില ഉറപ്പുകളിലൂടെ കബളിപ്പിച്ച് അവസരം കിട്ടുമ്പോള്‍ പ്രയോഗിക്കുന്ന കുടിലത പുത്തരിയല്ലെന്ന് ചുരുക്കം.
മോദിയുടെ പൗരത്വ വിവേചന ബില്ലില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് തുല്യം ചാര്‍ത്തി നിയമമായതിന്റെ പിറ്റേന്നത്തെ അവ്വല്‍ സുബഹിക്ക് സുപ്രീം കോടതിയില്‍ പോയത് മുസ്‌ലിംലീഗായിരുന്നു. പാര്‍ലമെന്റില്‍ പടപൊരുതിയ അതേ വീറോടെ, വേറെ മതസംഘടനകളോ സംവിധാനങ്ങളോ ഉണരും മുമ്പ് മുസ്‌ലിംലീഗ് പരമോന്നത കോടതിയിലും എത്തി. യോഗിയുടെ യു.പി കഴിഞ്ഞാല്‍ പൗരത്വ പ്രക്ഷോഭകരെ ക്രൂരമായി നേരിട്ട രണ്ടാമത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടായിരത്തോളം കേസുകളാണ് കേരളത്തില്‍ പിണറായി പൊലീസ് ചാര്‍ത്തിയത്. പലരും ആഴ്ചകളോളം ജയിലില്‍ കഴിഞ്ഞു. അപ്പോഴും ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്തു ഇരട്ടചങ്കിന് പകരം ഇരട്ട മുഖം പ്രകടമാക്കി. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച പിണറായി, തിരഞ്ഞെടുപ്പിന് തലേന്ന് എല്‍.ഡി.എഫിന്റെതായി മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന പത്രങ്ങളിലെല്ലാം ഇതു സംബന്ധിച്ച് പരസ്യവും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഉറപ്പ് സുകുമാര കുറുപ്പായി. ലക്ഷങ്ങള്‍ പിഴയൊടുക്കി കോടതി വരാന്ത കേറിയിറങ്ങുകയാണ് പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍.

കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ എളമരം കരീം എം.പി രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ദ്രോഹങ്ങളെ കുറിച്ചൊരു ലേഖനമെഴുതിയിട്ടുണ്ട്. അതൊരാവര്‍ത്തി വായിച്ച് മോദിയെന്നും ബി.ജെ.പി ഭരണകൂടമെന്നുമുള്ളിടത്ത് പിണറായിയെന്നും സി.പി.എമ്മെന്നും പര്യായം ചേര്‍ത്താല്‍ അതില്‍ ചിലതുകൂടി കൂട്ടിച്ചേര്‍ക്കാനുണ്ടാവും. ഏക സിവില്‍ കോഡിനെതിരെ കാസര്‍ക്കോട്ടും വയനാട്ടിലും പ്രകടനം നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുത്തതും മൈത്രിയുടെ സന്ദേശ ലഘുലേഖവിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തരെ വളഞ്ഞിട്ട് തല്ലിയ ആര്‍.എസ്.എസുകാരെ വെറുതെവിട്ട് വാദിയെ പ്രതിയാക്കിയതും മാത്രമല്ല. വീട്ടമ്മയെ നായ കടിച്ചു കീറുമ്പോള്‍ രക്ഷിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത താമരശേരി പൊലീസ് ജനത്തിനു നേരെ വെടിവെച്ച നായയുടെ ഉടമയെ തലോടി വിട്ടതിലുമൊരു ലോജിക്കുണ്ട്. കമ്മ്യൂണിസം മുറുകെപിടിച്ച സി.പി.എം അംഗങ്ങളായ പന്തീരാങ്കാവിലെ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പുസ്തകം വായിച്ച കുറ്റത്തിന് പിണറായി പൊലീസ് യു.എ.പി.എ കരിനിയമം ചുമത്തി മോദിയുടെ എന്‍.ഐ. എക്ക് കൈമാറിയതിന് പിന്നിലുള്ള ചേതോവികാരമെന്താണ്. ‘മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ ജയിലില്‍ ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും വലിയ അതിക്രമമാണ് കാണിച്ചതെന്നും സി.പി.എമ്മും ആര്‍.എസ്.എസും ഒന്നാണെന്ന് ബോധ്യപ്പെട്ടെന്നും’ ഭരണകൂടത്തിനു നേരെ നൂറു ചോദ്യങ്ങളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറത്തെത്തിയ അലനും താഹയും തുറന്നു പറയുന്നതും മറ്റൊന്നല്ല.

‘അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്ന് തലശേരിയില്‍ ആര്‍.എസ്.എസ് പരസ്യ ഭീഷണി മുഴക്കുമ്പോള്‍ അധികാരത്തിന്റെ ദണ്ഡ് ഉറയിലിട്ട് ഊറി ചിരിക്കുന്ന പിണറായി പറഞ്ഞുവെക്കുന്നതെന്താണ്. വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് സി.പി.എമ്മുകാര്‍ കൊന്നുതള്ളിയ ജയകൃഷ്ണന്‍ മാസ്റ്ററുടെ ആണ്ടറുതിയിലെ ചടങ്ങില്‍ പിണറായിയെ സുഖിപ്പിച്ച് മുസ്‌ലിംകളെ പുലഭ്യം പറയുന്നത് ആകസ്മികമാണോ. വി.എസ് ഭരണത്തില്‍ 2009 ലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ലാത്തിചാര്‍ജിന്റെ പോലും ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ഗുണ്ടാ നേതാവ് കാക്കഷിബുവിനെ രക്ഷിക്കാന്‍ പൊലീസിന്റെ തോക്കുകള്‍ ഗര്‍ജിച്ചപ്പോള്‍ ബീമാപള്ളിയില്‍ പൊലിഞ്ഞത് ആറു മുസ്‌ലിംകളുടെ ജീവനാണ്.

20 വര്‍ഷം കൊണ്ട് കേരളം ഇസ്‌ലാമിക രാജ്യമാകുമെന്ന് പ്രസ്താവന നടത്തിയ വി.എസ് അച്യുതാനന്ദനാണ് ലൗ ജിഹാദ് എന്ന പദം യു.പിയില്‍ അധികാരത്തിലേറാന്‍ യോഗിക്ക് സംഭാവന നല്‍കിയത്. പൗരത്വ പ്രക്ഷോഭത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറി എന്ന് മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന പോലും (2020 ഫെബ്രുവരി 3) പിണറായിയെ ഉദ്ധരിച്ചായിരുന്നു. സച്ചാര്‍ സമിതി അട്ടിമറി പോലെ മുസ്‌ലിംകളോട് ബി.ജെ.പി പോലും മടിച്ച പാതകം ചെയ്തവരാണ് സി.പി.എം. മോദി പോലും ഒരു മുസ്്‌ലിം നാമധാരിയെ ന്യൂനപക്ഷ വകുപ്പ് മന്ത്രിയാക്കിയിട്ടുണ്ട്. അതിനു പോലും തയ്യാറാവാത്ത പിണറായി സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയില്‍ രൂപീകരിച്ച ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും എം.ഡി സ്ഥാനവും മുസ്്‌ലിമിന് നല്‍കാതെ ബി.ജെ.പിയെക്കാള്‍ വലിയ ആര്‍.എസ്.എസ് ഭക്തികാണിക്കുകയാണ്. ഏക സിവില്‍ കോഡ്, ലൗ ജിഹാദ്, ബാബരി പള്ളി പൊളിക്കല്‍, സവര്‍ണ സംവരണം തുടങ്ങിയ സംഘപരിവാറിന് സി.പി.എം കൈമാറിയ ബാറ്റണില്‍ പുതിയതാണ് വഖഫ് ബോര്‍ഡിലെ ഭരണകൂട കൈകടത്തല്‍.
കമ്മ്യൂണിസ്റ്റ് അധികാര മുഷ്‌ക്കില്‍ ബംഗാളിലും ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ കേരളത്തിലും ഉള്‍പ്പെടെ എത്രായിരം ഹെക്ടര്‍ വഖഫ് ഭൂമി അന്യാധീവപ്പെട്ടെന്ന് കൃത്യമായ കണക്കില്ല. വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന്റെ പോലും കയ്യേറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാണ് 1954ല്‍ രാജ്യത്ത് വഖഫ് നിയമം കൊണ്ടുവന്നത്. ആ റഗുലേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ് കേരള വഖഫ് ബോര്‍ഡ്. അതിന്റെ അടിസ്ഥാനപരമായ അധികാരം കവരുന്നതാണ് ഇപ്പോഴത്തെ പുതിയ വഖഫ് നിയമം. മൂന്നു തവണ ഓഡിനന്‍സായും ഇപ്പോള്‍ നിയമസഭയില്‍ ബില്ലായും കൊണ്ടു വന്ന വഖഫ് നിയമന ബില്ലിനെ മുസ്‌ലിംലീഗ് ആദ്യം മുതലേ എതിര്‍ത്തിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍, പൗരത്വ വിവേചന നിയമത്തിന് സമാനമായി മുസ്‌ലിം ലീഗ് കോടതിയിലും അതു ചോദ്യം ചെയ്യും. ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്്‌ലിംകള്‍ക്കായി തുല്യം ചാര്‍ത്തിയ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ പാര്‍ട്ടിയാണ് മുസ്്‌ലിംലീഗ്. ശരീഅത്തിനെതിരെ ഉറഞ്ഞു തുള്ളി ഇസ്‌ലാമോഫോബിയ പരീക്ഷിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച ഇ.എം.എസിന് കൈപൊള്ളിയ നാട്ടില്‍ പിണറായിയുടെ വിധിയും മറ്റൊന്നാകില്ല.

Test User: