X

കരിപ്പൂരില്‍ റണ്‍വേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നീളം കുറയ്ക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് കരിപ്പൂരിന് ലഭിച്ചു. മുസ്ലിംലീഗ് എം.പിമാര്‍ പാര്‍ലമെന്റിലും പുറത്തും വ്യാപക പ്രതിഷേധം നടത്തിയതിന്റെ ഫലമാണ് തീരുമാനം. കരിപ്പൂര്‍ വിമാനത്താവളം സംബന്ധിച്ച വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസ്സമദ് സമദാനി എം.പി എന്നിവരും പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും ഇക്കാര്യം ഉന്നയിച്ചിരുന്നു.

ലാഭകരമായി നടന്നുവരുന്ന വിമാനത്താവളത്തെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ഇല്ലാതാക്കാന്‍ ഇതിന് മുമ്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം മുസ്ലിംലീഗ് പാര്‍ട്ടിയും എം.പിമാരും സമയോചിതമായി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. റണ്‍വേയുടെ നീളം കുറച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കാനുള്ള ശ്രമവും മുസ്ലിംലീഗ് എം.പിമാരുടെ ഇടപെടലിലൂടെയാണ് ഇല്ലാതായത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ മലബാറിലെ എം.പി മാരുടെ സംഘം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും വിഷയം ചര്‍ച്ച ചെയ്തിരുന്നു. എത്രയും പെട്ടെന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കണമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ പുനരാരംഭിക്കണമെന്നും എം.പിമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Test User: