അശ്റഫ് തൂണേരി,ദോഹ
ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു. ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷിയാക്കി 22ാമത് ഫിഫ ലോകകപ്പ് ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് സുവര്‍ണ്ണ ട്രോഫി കൈമാറുന്നതിന്റെ തൊട്ടു മുമ്പാണത് സംഭവിച്ചത്. അതിഗംഭീര പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സുമായി 3 ഗോള്‍ സമനില പാലിച്ചശേഷം നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 2-നെതിരെ 4 ഗോള്‍നേടി വിജയിക്കുകയായിരുന്നു അര്‍ജന്റീന. വിജയികളെ ഓരോരുത്തരേയായി പേരുപറഞ്ഞാണ് സംഘാടകര്‍ സമ്മാനദാന ചടങ്ങിലേക്ക് വിളിച്ചത്. അവസാനമായി ലയണല്‍ മെസ്സിയെന്ന ക്യാപ്റ്റനെ ക്ഷണിച്ചു. വിനയത്തോടെ വേദിയിലേക്ക് കയറിയ മെസ്സിയെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ ആശീര്‍വദിക്കുന്നു.
ശേഷം ഖത്തര്‍ അമീര്‍ നിറപുഞ്ചിരിയോടെ മെസ്സിയുടെ അടുത്തെത്തി പിന്നില്‍ നിന്നു. ശേഷം ഖത്തറിലെ പരമോന്നത ഖത്തരി ഗൗണ്‍ ആയ ബിഷ്ത് അണിയിച്ചു. സന്തോഷത്തേരിലേറി ഇരുകൈകളും കൂട്ടിത്തിരുമ്മി മെസ്സി അടുത്തുതന്നെ നിന്നു. പിന്നീട് ഇന്‍ഫാന്റിനോ സുവര്‍ണ്ണട്രോഫി കൈമാറി. ആ ട്രോഫിയുമായി പ്രത്യേക താളത്തില്‍ നടന്ന് ടീമംഗങ്ങളുടെ അടുത്തെത്തി ട്രോഫിയുമായി തുള്ളിച്ചാടി മെസ്സി. ഒപ്പം ചാടി സഹതാരങ്ങള്‍. പിന്നില്‍ പൂത്തിരിവെളിച്ചം. സ്റ്റേഡിയവും സ്റ്റേഡിയത്തിന്റെ ആകാശവും വെടിക്കെട്ടിന്റെ തെളിച്ചത്തില്‍ ജ്വലിച്ചുനിന്നു. ആ സമയത്തെ ആരവങ്ങള്‍ക്കും താളമേളങ്ങള്‍ക്കമപ്പുറത്ത് വലിയൊരു സന്ദേശം കൂടി ഖത്തര്‍ കൈമാറുകയാണ് ചെയ്തത്. ബിഷ്ത് മേല്‍ക്കുപ്പായം വെറുതെ നല്‍കുന്ന ഒന്നല്ല. ഒരു അറബ് രാജ്യം ആദ്യമായി ഒരു ലോകകപ്പ് ഏറ്റെടുത്ത് നടത്തി വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണത്. ഖത്തരി പൈതൃകവും പാരമ്പര്യവുമനുസരിച്ച് ഏറ്റവും ഉന്നതപദവിയിലുള്ളവര്‍ സവിശേഷ സന്ദര്‍ഭത്തില്‍ മാത്രം ധരിക്കുന്ന വസ്ത്രമാണ് ബിഷ്ത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ശൈഖുമാരും വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. വെള്ളിയാഴ്ച ഖുതുബ നിര്‍വ്വഹിക്കുന്ന ഇമാമുമാര്‍ക്കും ഈ രാജകീയ മേല്‍ക്കുപ്പായം ധരിക്കുന്നതിന് അനുമതി നല്‍കുന്നു. സഹിഷ്ണുതയുടേയും ലോകമാനവികതയുടേയും അടയാളമായ ബിഷ്ത് മെസ്സിക്ക് കൈമാറിയിരിക്കുകയാണ്. ആയതിനാല്‍ തന്നെയാണ് പല നിലകളില്‍ ഖത്തറിനെതിരെ വാര്‍ത്തപ്രചരിപ്പിക്കുന്ന ചില പാശ്ചാത്യന്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തിലും കരട് ചികഞ്ഞെടുത്തത്. ചാനല്‍ സെവന്റെ ഹാരിസണ്‍ റീഡ് നല്‍കിയ തലക്കെട്ട് തന്നെ അസഹിഷ്ണുതയുടെ നേര്‍വാക്യമാണ്. ”ലോകകപ്പ് ട്രോഫി വിതരണ സന്ദര്‍ഭത്തില്‍ പരമ്പരാഗത അറബ് വസ്ത്രം ധരിപ്പിച്ച് ലയണല്‍ മെസ്സിയെ ഹൈജാക്ക് ചെയ്തു” എന്ന ഹെഡ്ലൈന് കീഴെ തുടക്കത്തില്‍ തന്നെ ‘വിവാദ’ ആതിഥേയ രാജ്യമെന്ന പതിവു അഭിസംബോധനയും കാണാം.
Qatar World Cup ends with greatest final and a coronation for Lionel Messi…എന്ന തലക്കെട്ടിലും ഉള്ളടക്കത്തിന്റെ തുടക്കത്തിലും നല്ലതെന്ന് വായനക്കാരെ തോന്നിപ്പിക്കുകയും അനാവശ്യ സന്ദര്‍ഭങ്ങള്‍ മെനഞ്ഞ് ഖത്തറിനെതിരെ കഥ മെനയുകയും ചെയ്യുന്നു ദി ഗാര്‍ഡിയന്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നാണത്രെ ദി ഗാര്‍ഡിയന്‍ പ്രതിനിധി ബാര്‍ണി റോണെയുടെ ‘ഗവേഷണം’. നേരത്തെ തുടര്‍ച്ചയായി ആരോപിച്ച കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം ഊതിവീര്‍പ്പിക്കാന്‍ റോണെ മറന്നിട്ടില്ല. ആയിരക്കണക്കിന് പേര്‍ ഖത്തറില്‍ ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണത്തിനിടെ മരിച്ചെന്ന് ആദ്യം തലവാചകം നല്‍കുകയും പിന്നീട് പത്തുവര്‍ഷത്തിനിടെ എന്ന് തിരുത്തുകയും അതിന് പോലും കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിയാതെ പോവുകയും ചെയ്തതാണ് ഗാര്‍ഡിയന്റെ പഴയ വ്യാജ കഥ. ഇന്ത്യയിലെ ചില ദേശീയമെന്ന ബ്രാന്‍ഡ് സ്വയമണിഞ്ഞ മാധ്യമങ്ങളും ഓണ്‍ലൈന്‍ തള്ളുകാരും വായില്‍തോന്നിയത് കോതക്ക് പാട്ടായി അവതരിപ്പിക്കുന്നതില്‍ പാശ്ചാത്യരോട് മത്സരിച്ച കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസവും. സ്പാനിഷ് ഫുട്ബോള്‍ താരം അകേര്‍ കാസില്ലാസിനൊപ്പം 2022 ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത് ബോളിവുഡ് നടി ദീപികാ പദുകോണ്‍ ആയിരുന്നു. ദീപിക എത്തുന്നുവെന്നറിഞ്ഞതു മുതല്‍ അവര്‍ക്കെതിരെ അധിക്ഷേപങ്ങളുമായി ചില മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളും രംഗത്തെത്തി.
ഖത്തര്‍ ദേശീയ ദിനം കൂടിയായിരുന്നു ലോകകപ്പ് ഫൈനല്‍ നടന്ന ഡിസംബര്‍ 18. ദിനാചരണ ചടങ്ങുകള്‍ പല നിലകളില്‍ നടന്നപ്പോള്‍ കുട്ടികളോടൊപ്പം ഫുട്ബോള്‍ കളിച്ച അമീറും ജിയാനി ഇന്‍ഫാന്റിനോയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തൊട്ടുതലേ ദിനത്തില്‍ പരമ്പരഗാത ഖത്തരി നൃത്തമായ അര്‍ദയും അവര്‍ ആടി. ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണും മറ്റ് പ്രതിനിധികളും വാളെടുത്ത് പിന്നോട്ടും മുന്നോട്ടും പാട്ടുപാടിയുള്ള അര്‍ദ നൃത്തത്തിന്റെ ഭാഗമായി. ദോഹ സൂഖ് വാഖിഫ്, മെട്രോ, മുശൈരിബ് ഡൗണ്‍ടൗണ്‍, പേള്‍ ഖത്തര്‍, വില്ലേജിയോ, അല്‍ബിദ ഫാന്‍വില്ലേജ്, കോര്‍ണിഷ് തീരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അറബ് വേഷവിധാനങ്ങളില്‍ വിദേശികള്‍ സ്ഥിരം കാഴ്ചയായി മാറിയിട്ട് ദിനങ്ങളായി. അവര്‍ക്കായി വേഷം ധരിക്കാന്‍ പഠിപ്പിക്കുന്ന സ്വദേശീയരുടേയും വീഡിയോ ദൃശ്യങ്ങളും നേര്‍ക്കാഴ്ചകളും അനവധി. അറബ് രുചികളാസ്വദിക്കുന്നവരും പള്ളികള്‍ സന്ദര്‍ശിച്ച് ഇസ്ലാം മതത്തിന്റെ മാനവികതയന്വേഷിക്കുന്നവരും നിരവധിയായിരുന്നു. ഖത്തര്‍ ലോകകപ്പ് ചിഹ്നവും ഭാഗ്യചിഹ്നവുമെല്ലാം ഖത്തരി പൈതൃകപ്പെരുമയെ വിളിച്ചോതിയപ്പോള്‍ അറബ് പാരമ്പര്യത്തിന്റെ താളലയങ്ങളായി ലോകകപ്പ് ഔദ്യോഗിക സംഗീത ട്രാക്കുകളും മാറി. വിദേശ ഗായകര്‍ക്കൊപ്പം ഖത്തരി ഗായിക ആയിഷ ട്രെന്‍ഡായി മാറി. അമേരിക്കന്‍ സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം ഖത്തരിലെ പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ പ്രതിനിധി ശരീരത്തിന്റെ കീഴ്ഭാഗമില്ലാത്ത ഗാനിം അല്‍മുഫ്ത ഉദ്ഘാടന ചടങ്ങില്‍ അതിഥികളായി ജനങ്ങളെ സംബോധന ചെയ്യുക മാത്രമല്ല ഈ ലോകകപ്പില്‍ സാധ്യമായത്. അതൊരു തുടക്കമായിരുന്നു. ഗാനം അല്‍മുഫ്തയെപ്പോലുള്ളവരെ പരിഗണിക്കാനും അര്‍ഹമായത് നല്‍കാനുമുള്ള വിളംബരം കൂടിയായിരുന്നു അത്. ലോക കപ്പ് മത്സരങ്ങളിലുടനീളം ശാരീരിക മാനസിക അവശതയുള്ളവര്‍ സ്റ്റേഡിയങ്ങളിലും അതിഥികള്‍ക്കൊപ്പവും പ്രത്യേക ഇടവും സൗകര്യങ്ങളും നല്‍കി ആദരിക്കപ്പെട്ടു. എന്തിനധികം കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പിന്റെ അനുബന്ധ പരിപാടിയായി 974 സ്റ്റേഡിയത്തില്‍ നടത്തിയ ലോകത്തെ 50 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖത്തര്‍ ഫാഷന്‍ യുണൈറ്റഡ് എന്ന ഫാഷന്‍ഷോയിലും ഇത്തരക്കാര്‍ക്കായി പ്രത്യേക സെഷന്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. ആരും വികലാംഗരായില്ല. ബധിരരോ മൂകരോ ആയില്ല. അവശരായില്ല. എല്ലാവരും ഒരേ തലത്തില്‍ പരിഗണിക്കപ്പെടുകയും അര്‍ഹമായി അംഗീകരിക്കപ്പെടുകയും ചെയ്ത ആദ്യ ലോകകപ്പ് കൂടിയായി ഖത്തര്‍ ലോകകപ്പ് മാറുമ്പോള്‍ അവയെ വംശീയമായ കണ്ണിലൂടെ തന്നെ കാണുന്നത് ചിലര്‍ തുടരുകയാണ്. ഖത്തറിന് ലോകകപ്പ് ബിഡ് കിട്ടയതു മുതല്‍ ആരംഭിച്ച ഈ വംശീയാക്രമണം വിജയകരമായി ലോകകപ്പ് അവസാനിച്ചിട്ടും അന്ത്യമില്ല. പക്ഷെ ഖത്തര്‍ ലോകകപ്പിനെത്തിയ ലക്ഷക്കണക്കിന് ആരാധകര്‍ ഇവയ്ക്ക് പല തലങ്ങളില്‍ മറുപടി പറയുന്നുണ്‍; അനുഭവത്തിന്റെ ഭൂമിയും ആകാശവും അത്രമേല്‍ വിശാലമായിരുന്നു അവര്‍ക്ക്.