X

മൗലാനാ മുഹമ്മദലി എന്ന ഇതിഹാസം- മുജീബ് തങ്ങള്‍ കൊന്നാര്

മുജീബ് തങ്ങള്‍ കൊന്നാര്

ഇന്ത്യ ചരിത്രത്തില്‍ അനുപമ വ്യക്തിത്വത്തിലൂടെ ശ്രദ്ധേയനായ മഹാമനീഷിയായിരുന്നു മൗലാനാ മുഹമ്മദലി. ഇന്ത്യന്‍ ദേശിയ പ്രസ്ഥാനത്തിനും സര്‍വേന്ത്യ മുസ്‌ലിംലീഗിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും നിസ്തുല സംഭാവനകള്‍ ചെയ്ത ഒരു കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷനായിരുന്നു അദ്ദേഹം.

സര്‍വേന്ത്യ മുസ്‌ലിംലീഗിന്റെ 1906ലെ രൂപീകരണ യോഗത്തില്‍തന്നെ മൗലാനാ മുഹമ്മദലി ശ്രദ്ധിക്കപ്പെട്ടു. നയപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യോഗം മുഹമ്മദലിയെ ചുമതലപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തിലാണ് ആഫ്രിക്കയില്‍ നരകയാതന അനുഭവിക്കുന്ന ഇന്ത്യന്‍ ജനതക്ക് സംരക്ഷണം നല്‍കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം മൗലാനാ മുഹമ്മദലി അവതരിപ്പിച്ചത്.

സര്‍വേന്ത്യ മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ മഹിതമായ സംഭാവനകള്‍ അര്‍പ്പിച്ച മൗലാനാ മുഹമ്മദലി 1917ല്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായി, മുസ്‌ലിംലീഗ് നേതാവായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായും അറിയപ്പെട്ട മൗലാനാ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ തീപന്തമായി ജ്വലിച്ചുനിന്നു.

1923ല്‍ മൗലാനാ മുഹമ്മദലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടു. അങ്ങനെ സര്‍വേന്ത്യ മുസ്‌ലിംലീഗും ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മൗലാനയുടെ നേതൃത്വത്തിലായി. ഇന്ത്യാരാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഈ മൂന്ന് പദവികള്‍ ഒന്നിച്ച് അലങ്കരിച്ച മഹത് വ്യക്തിത്വം മൗലാനാ മുഹമ്മദലി മാത്രമാണ്.  എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വമില്ലായെന്ന് ബോധ്യപ്പെട്ടപ്പോള്‍ മൗലാനാ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചു. പിന്നീട് മുസ്‌ലിംകളുടെ രക്ഷയ്ക്കായി കര്‍മ്മനിരതനായി. കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന കീഴ്‌രാജ്യ പദവിയല്ല, പൂര്‍ണ സ്വാതന്ത്ര്യമാണ് മുസ്‌ലിം ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മൗലാനാ മുഹമ്മദലി പ്രഖ്യാപിച്ചു.

ഇന്ത്യാരാജ്യത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിനും അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കും വേണ്ടി മൗലാനാ ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ അരികെയെത്തി. 1930ലെ ഒന്നാം വട്ടമേശ സമ്മേളന വേളയില്‍ ബ്രിട്ടീഷ് സിംഹാസനത്തെ പിടിച്ചുകുലുക്കുന്ന പ്രസംഗം നടത്തിക്കൊണ്ട് മൗലാനാ മുഹമ്മദലി പറഞ്ഞു: I want to go back to my country if I can go back with the substance of freedom in my hand. Otherwise I will not go back to a slave coutnry. I would even prefer to die in foreign coutnry so long it is a free coutnry and if you do not give us freedom in India you will have to give me a grave here…കൈകളില്‍ ‘സ്വാത്രന്ത്യം’ എന്ന വസ്തുവുമായി എനിക്ക് എന്റെ നാട്ടിലേക്ക് തിരിച്ചുപോകണം. അല്ലാത്തപക്ഷം ഒരടിമ രാജ്യത്തേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വിദേശ രാജ്യമാണെങ്കിലും ഒരു സ്വതന്ത്ര രാഷ്ട്രമാണെങ്കില്‍, അവിടെവെച്ച് മരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെങ്കില്‍ എനിക്ക് നിങ്ങളിവിടെ ഒരു ഖബര്‍ നല്‍കേണ്ടി വരും. അവസാനം അതുതന്നെ സംഭവിച്ചു. ഇന്ത്യയ്ക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും വേണ്ടി അവസാനമായി നടത്തിയ വികാരോജ്ജ്വല പ്രസംഗത്തിന് ശേഷം അദ്ദേഹം തളര്‍ന്നു. വിദേശത്ത്‌വെച്ച് തന്നെ അദ്ദേഹം 1931 ജനുവരി 4ന് ദിവംഗതനായി. മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ വിശ്വമഹാകവി അല്ലാമാ ഇഖ്ബാല്‍ പാടി: ‘കിഴക്കിന്റെ പ്രകാശം ഇതാ നമ്മോട് യാത്ര പറഞ്ഞു. പക്ഷേ, അതിന്റെ തേജസ് ഏഷ്യയില്‍ എന്നെന്നും നിലനില്‍ക്കും’. മരണാനന്തരം മസ്ജിദുല്‍ അഖ്‌സയുടെ ചാരത്ത് മൗലാനാ മുഹമ്മദലിയുടെ മയ്യിത്ത് സംസ്‌കരിച്ചു.

Test User: