X

വാക്ക് പഴയ ചാക്ക് തന്നെ; മദ്യ വര്‍ജന നിലപാടില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: 2016 നിയമസഭാ ഇലക്ഷന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് വീണ്ടും പിന്നോട്ട് പോയി ഇടതു സര്‍ക്കാര്‍. മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു പക്ഷം വ്യാപകമായി പ്രചരണം നടത്തിയത്. എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് പുതിയ നീക്കം.

നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കും. ഇത്തരം കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കുന്നതില്‍ തടസ്സങ്ങളില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പലയിടത്തും ആളുകള്‍ മദ്യശാലക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നതാണ് തടസ്സമുണ്ടാക്കുന്നത്. മദ്യ വില്‍പ്പന ശാലകള്‍ തുറന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന വാദം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ബെവ്‌കോ കേരളത്തില്‍ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഒരു സ്ഥലത്തും കാണാത്ത അച്ചടക്കമാണ് മദ്യശാലകള്‍ക്ക്
മുന്നില്‍ മദ്യ ഉപയോക്താക്കള്‍ കാണിക്കുന്നത്. അതിനാല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ മദ്യം വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. ബെവ്‌കോക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടാകില്ലെന്നും ഡ്യുട്ടി സമയത്ത് മദ്യപിച്ചു ജോലി ചെയതാല്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഈ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. കെ എസ് ആര്‍ ടി സി മദ്യപരുടെ സുഖവാസ കേന്ദ്രങ്ങളാക്കുന്നുവെന്നാണ് ആരോപണം. ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ എല്‍ ഡി എഫിന്റെ പഴയ തിരഞ്ഞെുപ്പ് പ്രചാരണ പരസ്യങ്ങള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് മദ്യ വര്‍ജനത്തിനെതിരെ പരസ്യങ്ങളില്‍ അഭിനയിച്ച് പിന്നീട് ഇടതുപക്ഷത്തിന്റെ ചിലവില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത കെ പി എസ് സി ലളിതയുടേയും ഇന്നസെന്റിന്റേയും വിശ്വാസ്യത കൂടിയാണ് ഇപ്പോള്‍ ചേദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

adil: