കൊല്ലം: അനുവാദമില്ലാതെ കൊല്ലം തീരത്തിറങ്ങിയ വിദേശ നീന്തല്‍താരത്തെ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു. ഹോളണ്ട് സ്വദേശി ജറോയിന്‍ എല്യൂട്ട് (47) നെയാണ് ചോദ്യം ചെയ്തത്. ചൊവ്വ രാത്രി കൊല്ലം തീരം വഴി പോയപ്പോള്‍ ജറോയിന്‍ എല്യൂട്ടിന്റെ ഹൈഡ് ലൈറ്റ് കേടായി. സഹായം ആവശ്യപ്പെട്ട് ശിഷ്യനും കുണ്ടറ സ്വദേശിയുമായ ഹരിക്ക് സന്ദേശം നല്‍കി. കൊല്ലം ബീച്ചില്‍ ഇറങ്ങാമെങ്കില്‍ ലൈറ്റ് കൊണ്ടുകൊടുക്കാമെന്ന് ഹരി പറഞ്ഞു. പായ്ക്കപ്പല്‍ നങ്കുരമിട്ട ശേഷം ജറോയിന്‍ കയാക്കിംഗ് നടത്തി കൊല്ലം ബീച്ചില്‍ എത്തി. അപ്പോഴേക്കും സുഹൃത്ത് ഹരി വാഹനവുമായി ബീച്ചില്‍ എത്തിയിരുന്നു. ഇരുവരും വാഹനത്തില്‍ തങ്കശ്ശേരിയിലേക്ക് പോയി. അതേസമയം തീരത്ത് നങ്കൂരമിട്ട പായ്ക്കപ്പല്‍ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റല്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പായ്ക്കപ്പല്‍ കസ്റ്റഡിയിലെടുത്ത് കൊല്ലം പോര്‍ട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ഇരുവരും തുറമുഖം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. കൊല്ലം തീരത്ത് പായ്ക്കപ്പല്‍ നങ്കുരമിട്ട സമയം തന്നെ തുറമുഖം ഓഫീസില്‍ ജറോയിന്‍ സന്ദേശം നല്‍കേണ്ടതായിരുന്നു. ഇതുണ്ടായില്ല. തുറമുഖം അധികൃതരെ വിവരം അറിയിക്കാന്‍ സുഹൃത്ത് ഹരിയും ശ്രദ്ധിച്ചില്ല.
തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും, മാരിടൈം ബോര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് അധികൃതരും ജറോയിന്‍ എല്യൂട്ടിന്റെ യാത്ര രേഖകള്‍ പരിശോധിച്ചു. വിസ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പ്രമുഖ നീന്തല്‍ താരവും പരിശീലകനുമാണ് ജറോയിന്‍ എല്യൂട്ട്.