X

പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ലീഗിനു മേല്‍ വര്‍ഗീയത ആരോപിക്കുന്നത് : പി.എം.എ സലാം

പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം മുസ്ലിംലീഗിനു മേല്‍ വര്‍ഗീയത ആരോപിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. മുസ്ലിലീഗ് വര്‍ഗീയമാണെങ്കില്‍ ലീഗ് ഉള്‍ക്കൊള്ളുന്ന തമിഴ് നാട്ടിലെ ഡി.എം.കെ മുന്നണിയില്‍നിന്ന് പിരിഞ്ഞുപോകണം. ലീഗിന്റെ ചരിത്രവും പ്രവര്‍ത്തനവും തുറന്ന പുസ്തകമാണ്. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി കേരളീയ പൊതുസമൂഹത്തെ വഞ്ചിക്കാനാവില്ല. മുസ്ലിംലീഗിന്റെ മതേതര നിലപാട് കേരളീയ സമൂഹം അംഗീകരിച്ചതാണ്. മുസ്ലിംകളെ അപരവല്‍ക്കരിക്കാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമം സി.പി.എം നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗിനെക്കുറിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചരിത്രത്തിലേക്ക് സി.പി.എം പോകുന്നത്. പി.എം.എ സലാം വിശദീകരിച്ചു.

എല്ലാ കാലത്തും സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനായി ശ്രമിച്ച ലീഗിനെ വ്യാജ ആരോപണം കൊണ്ട് തകര്‍ക്കാമെന്ന് സി.പി.എം മോഹിക്കേണ്ട. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാന്‍ വേണ്ടി സമരം ചെയ്യുന്നത് വര്‍ഗീയതയായി ചിത്രീകരിക്കുകയാണ്. മറ്റൊരു സമുദായത്തിന്റെയും അവകാശങ്ങള്‍ ലീഗ് ചോദിച്ചിട്ടില്ല. ബോധപൂര്‍വ്വമായി മതസ്പര്‍ധയുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരം നിലനിര്‍ത്താനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.

 

Test User: