X

ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയം- എഡിറ്റോറിയല്‍

കേരളത്തിലെ പൊലീസിന് എന്താണിവിടെ ജോലി? അതിനൊരു നാഥനുണ്ടോ? നിത്യവും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കൊലപാതക-അക്രമപരമ്പരകള്‍ എന്താണ് നമ്മോട് വിളിച്ചുപറയുന്നത്. പൊലീസ് സേനയുടെ വീര്യമുയര്‍ത്താന്‍ എട്ടു മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയും രണ്ടു യുവാക്കളെ കേന്ദ്രസേനക്ക് വിട്ടുകൊടുക്കുകയുംചെയ്ത ഇടതുപക്ഷ സര്‍ക്കാര്‍ ഇനിയെങ്കിലും ജനങ്ങളുടെ ജീവനെങ്കിലും സംരക്ഷിക്കാന്‍ രംഗത്തുവരണമെന്നാണ് ജനങ്ങളൊന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ സംഖ്യ ഡസനിലധികമാണ്. ഇന്നലെമാത്രം സംസ്ഥാനത്ത് മൂന്നുപേരാണ് വെട്ടിക്കൊലചെയ്യപ്പെട്ടത.് പാലക്കാട്ട് മധ്യവയസ്‌കരായ ദമ്പതികളാണെങ്കില്‍ ഇടുക്കിയില്‍ കോളജ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ആദ്യത്തേതില്‍ മകനാണ്പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടാമത്തേതില്‍ കോളജിലെ തിരഞ്ഞെടുപ്പുമായ സംഘര്‍ഷത്തെതുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. പുതുവര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ മാത്രം ഇതുവരെയായി നാലു പേരാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം പെരുവെമ്പില്‍ മധ്യവയസ്‌കയായ വീട്ടമ്മ തമിഴ്‌നാട് സ്വദേശിയായ ഭര്‍ത്താവിനാല്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടതായാണ ്പരാതി. ആലത്തൂരില്‍ മധ്യവയസ്‌കനെ അയല്‍വാസികള്‍ തലയ്ക്കടിച്ചുകൊന്നതും ഇതേദിവസം. നവംബറില്‍ ജില്ലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊലചെയ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ ഡിസംബര്‍ 17ന് മണിക്കൂറുകള്‍ക്കകമാണ് ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭാരവാഹികള്‍ കൊലചെയ്യപ്പെട്ടത്. നവംബറില്‍ തിരുവല്ലയില്‍ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലക്കത്തിക്കിരയായി.

ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ പൊലീസ് സേനയെയോ ഭരണാധികാരികളെയോ ജനങ്ങളാരും ഭയപ്പെടുന്നില്ലെന്നാണ്. എന്നാല്‍ ആലുവ പൊലീസ് സി.ഐയുടെ തെറ്റായ സംസാരത്തെതുടര്‍ന്ന് ഒരു നിയമവിദ്യാര്‍ത്ഥിക്ക് ആത്മഹത്യചെയ്യേണ്ടിയും വന്നു. തിരുവല്ലയില്‍ പതിനേഴുകാരി കഴിഞ്ഞദിവസം ആത്മഹത്യചെയ്തതും സംസ്ഥാനത്ത് നിയമവാഴ്ചയും ക്രമസമാധാനവും തീര്‍ത്തും തകര്‍ന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നാണ്‌കേരള പൊലീസിന്റെ രീതി. കൊലപാതക രീതികളെക്കുറിച്ച് വിശദീകരിക്കലാണിപ്പോള്‍ എസ്.പിമാരുടെ പ്രധാന ജോലി. സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായി തിരിഞ്ഞിട്ടും നടപടിയെടുക്കാന്‍പോലും സര്‍ക്കാരും മുഖ്യനും തയ്യാറാകാത്തതെന്തുകൊണ്ടാണ്. ഏറ്റവും കുറഞ്ഞത് ക്രമസമാധാനനില തകര്‍ന്നുവെന്ന് സമ്മതിക്കാന്‍പോലും കൂട്ടാക്കാത്ത മുഖ്യമന്ത്രിയും സര്‍ക്കാരും പാര്‍ട്ടിയുംകൊണ്ട് നാടിനെന്തുകാര്യം?

സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍നടക്കുന്ന വേളയില്‍ പാര്‍ട്ടിക്കാര്‍ ഒറ്റക്കെട്ടായാണ് പൊലീസ് വീഴ്ചകള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത്. പാലക്കാട്ടും ഇടുക്കിയിലും പത്തനംതിട്ടയിലും ഇതുണ്ടായി. ഇത് സമ്മതിച്ച സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പക്ഷേ മുഖ്യമന്ത്രിയോട് അക്കാര്യം പറയുന്നതിനോ പൊലീസില്‍ അഴിച്ചുപണി നടത്തുന്നതിനോ മുതിരുന്നില്ല. മുമ്പ് സി.പി.എം സെക്രട്ടറിമാര്‍ ഇങ്ങനെ തരംതാണിട്ടില്ല. സ്വന്തം കക്ഷിക്കാര്‍ക്ക് പോലും രക്ഷയില്ലാഞ്ഞിട്ടും എന്തുകൊണ്ട് അവരുടെ സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന ചോദ്യത്തിനുത്തരം ഏതാനും മാസം മുമ്പ് സി. പി.ഐ ദേശീയ സെക്രട്ടറി ആനിരാജ പറഞ്ഞതുപോലെ, കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്സാണ് എന്നതാണ്. ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പൊലീസ്‌സ്റ്റേഷന്‍ മാര്‍ച്ചിലെ പ്രതികള്‍ മുസ്്‌ലിംകളായതിനാല്‍ അവര്‍ക്ക് തീവ്രവാദബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്ന് എഫ്.ഐ.ആര്‍ എഴുതിയ പൊലീസ്, കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് കോഴിക്കോട്ട് മുസ്‌ലിംലീഗ് നേതാക്കള്‍ക്കെതിരെയും സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയും കേസെടുക്കുന്നതില്‍നിന്നുതന്നെ ഇത് വ്യക്തം. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ പ്രഖ്യാപിക്കുകയും സി.പി.എം സമ്മേളനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഉദ്ഘാടനമാമാങ്കങ്ങള്‍ക്കും കേസില്ലാതിരിക്കുകയും ചെയ്യുന്നതിലും ഈ വര്‍ഗീയ വേര്‍തിരിവ് പ്രകടം. പൊലീസിനെതിരെ ഇത്രയും രൂക്ഷമായതും വ്യാപകമായതുമായ ആക്ഷേപം കേരളചരിത്രത്തിലിന്നുവരെ കേട്ടിട്ടില്ലെന്ന് പൊലീസിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രേഖകള്‍തന്നെ സമര്‍ത്ഥിക്കുന്നു. ഒരു ഡസന്‍ പേരെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക്കപ്പുകളില്‍ കൊലപ്പെടുത്തിയപ്പോള്‍ മോണ്‍സനെ പോലുള്ള സാമ്പത്തികത്തട്ടിപ്പുവീരന്മാര്‍ക്ക് അതേ പൊലീസിന്റെ മേധാവിയുടെ രേഖാമൂലമുള്ള സംരക്ഷണം ലഭിച്ചു. മുഖ്യനായി ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കറുത്ത കാറുകള്‍ വാങ്ങണമെന്നും അമേരിക്കയില്‍ ചികില്‍സക്ക് പോകണമെന്നും ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെന്നുമുള്ള ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുമ്പോഴും സാധാരണക്കാരന് വീട്ടിനകത്തുപോലും ഏതുനിമിഷവും ജീവനെടുക്കപ്പെടുമെന്നുള്ള ഭീതി നിലനില്‍ക്കുന്നത് ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമല്ലാതെന്താണ്? കെ റെയിലും കെ ഫോണും കെ വിമാനവുമൊന്നുമല്ല, ഏറ്റവുംകുറഞ്ഞത് ജനങ്ങളുടെ അമൂല്യമായ ജീവനെങ്കിലും സംരക്ഷിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്തമെങ്കിലും സര്‍ക്കാര്‍ കാണിക്കണം.

Test User: