മുഹ്‌സിന്‍ ഒ.പി.കെ
കാല്‍ നൂറ്റാണ്ട് കാലത്തേക്കുള്ള വികസന രേഖ എന്ന ആമുഖത്തോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ പ്രാവശ്യം ബജറ്റവതരിപ്പിക്കുന്നത്. അച്ഛേ ദിന്‍ എന്ന പ്രഖ്യാപനവുമായി ഭരണത്തിലേറിയ മോദി സര്‍ക്കാറിന് ആ ദിനം പുലര്‍ന്ന് കിട്ടാന്‍ 25 വര്‍ഷമെടുക്കും എന്ന് പറയുന്നതായിരിക്കും ഇതിനേക്കാള്‍ കൂടുതല്‍ നല്ലത്. അരച്ചാണ്‍ വയറിന് ഗതിയില്ലാതിരിക്കുമ്പോള്‍ ഡിജിറ്റല്‍ കറന്‍സിയുടേയും 5ജി ലൈസന്‍സുകളുടേയും മോഹന വാഗ്ദാനങ്ങളിലൂടെ വാഗ്മയങ്ങള്‍ തീര്‍ക്കാന്‍ ധനമന്ത്രി ഒട്ടും അമാന്തിച്ചിട്ടുമില്ല. കൊറോണയുടെ നീരാളിപ്പിടുത്തതില്‍നിന്ന്് ഇനിയും കരകയറാത്ത ഒരു രാജ്യത്ത് വാക്‌സിന് വേണ്ടി 5000 കോടി മാത്രമാണ് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം ആരോഗ്യ മേഖലക്ക് 64000 കോടിയും കോവിഡ് വാക്‌സിനേഷന് 35000 കോടിയും നീക്കിവെച്ചിടത്താണ് ഇങ്ങനെയൊരു പ്രഖ്യാപനമെന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ഗൗരവമറിയുക.
മൊത്തം ദേശീയോല്‍പാദനത്തില്‍ വളര്‍ച്ചയുടെ (ജി.ഡി.പി) അനുരണനങ്ങള്‍ കണ്ടുതുടങ്ങിയതായി ദേശീയ സ്ഥിതിവിവര കാര്യാലയം (എന്‍.എസ്്.ഒ) അറിയിച്ചിരിക്കുന്നു. ചരക്ക്‌സേവന നികുതി (ജി.എസ്.ടി) കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസമൊഴിച്ചുള്ള എല്ലാ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും ഒരു വര്‍ഷം കോടിയിലധികം പിരിച്ചെടുത്തിട്ടുണ്ട്. പക്ഷേ, ഈ കണക്കുകള്‍വെച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തിട്ടപ്പെടുത്താനാവുകയില്ലെന്ന് തന്നെ പറയാം. കാരണം ജി.ഡി. പി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 20.1 ശതമാനം വളര്‍ന്നു എന്നത് ശരിയാകുന്നത് കഴിഞ്ഞ വര്‍ഷത്തെ ഇതേ അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോഴാണ്. കഴിഞ്ഞ വര്‍ഷമാണെങ്കില്‍ അതിദയനീയമായിരുന്നു സാമ്പത്തിക നില. കോവിഡിന് മുമ്പത്തെ സ്ഥിതിയുമായി തുലനം ചെയ്താല്‍ വളര്‍ച്ച ഇപ്പോഴും ആയിട്ടില്ല എന്ന് പറയേണ്ടിവരും. അതായത് 2019 ഏപ്രില്‍-ജൂണിലെ ജി.ഡി.പി നിലയില്‍ നിന്ന് 9 ശതമാനം കുറവ്. ജി.ഡി.പി വളര്‍ച്ച സാമ്പത്തിക വളര്‍ച്ചയുടെ സൂചകമാണെങ്കിലും അതൊന്നും ജനക്ഷേമത്തിന്റെ നേര്‍ചിത്രമല്ല. ഇന്ത്യയില്‍ സെക്കന്‍ഡില്‍ രണ്ട് പേര്‍ എന്ന തോതില്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നുവെന്നതും അരലക്ഷം പേര്‍ക്ക് പ്രതിദിനം തൊഴിലില്ലാതാകുന്നു എന്നതും, പെട്രോള്‍, ഗ്യാസ് നികുതി വഴി 23 ലക്ഷം കോടി സര്‍ക്കാര്‍ ഈടാക്കി എന്നതും, ഏതാനും അതിസമ്പന്നര്‍ക്ക് ധനം വര്‍ധിക്കുന്നുവെന്നതും കണക്കുകളാണ്. പക്ഷേ, സര്‍ക്കാര്‍ വിടുന്ന അക്കങ്ങളൊന്നും കണക്കുകളല്ല എന്നാണ് ഈയിടെയായി പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നത്. പ്രതിമാസ നികുതിദായകരുടെ എണ്ണം വര്‍ധിച്ചതായി ധനമന്ത്രി അവകാശപ്പെടുമ്പോഴും പ്രതിമാസ റിട്ടേണ്‍ കണക്ക് എന്ത്‌കൊണ്ട് രഹസ്യമാക്കി വെക്കുന്നു?. 2021 ഫെബ്രുവരിയോടെ, ആ വിവരം പുറത്ത്‌വിടുന്ന പതിവ് നിര്‍ത്തി. ഇന്ത്യ റേറ്റിങിലെ സാമ്പത്തിക വിദഗ്ധന്‍ ഡോ. ദേവേദകുമാര്‍ പാന്ത് ആണ് ജി.ഡി.പി 20.1 ശതമാനം വര്‍ധിച്ചു എന്ന കണക്ക് മനോവിലാസമാണെന്ന് പറയുന്നത്.
മുമ്പും പിമ്പും നോക്കാതെയുള്ള നോട്ട് നിരോധനവും അശാസ്ത്രീയ ജി.എസ്.ടി സംവിധാനവും നിര്‍മിച്ചെടുത്ത സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കാന്‍ രാജ്യത്തെ വില്‍പനക്ക് വെച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. കോവിഡ് മഹാമാരി കൂടി വന്നതോടെ ഇന്ത്യന്‍ സമ്പദ്ഘടന വെന്റിലേറ്ററിലെത്തിയെന്ന് പറയാം. പൊതുമേഖലാസ്ഥാപനങ്ങളുടെ ആസ്തികള്‍ പണമാക്കുന്നതിന്റെ ഭാഗമായി 13 അടിസ്ഥാന സൗകര്യ മേഘലകളിലെ ഇരുപതിലധികം ആസ്തികള്‍ വിറ്റഴിക്കലിലൂടെ, പശ്ചാത്തല വികസന പദ്ധതികളുടെ 16 ശതമാനത്തോളം (6 ലക്ഷം കോടി) കരസ്ഥമാക്കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രതീക്ഷ. കരിപ്പൂരടക്കമുള്ള 25 വിമാനത്താവളങ്ങള്‍, ടെലികോം, വ്യോമയാന, ഷിപ്പിങ് തുടങ്ങി ഒട്ടനവധി മേഖലകളാണ് കേന്ദ്ര സര്‍ക്കാര്‍ വിറ്റ് തുലക്കാന്‍ വെച്ചിരിക്കുന്നത്.
പൊതു മേഖലാസ്ഥാപനങ്ങളുടെ ഓഹരി നിര്‍ലോഭമായി വിറ്റഴിക്കുന്നതില്‍ ഒത്തിരി അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ആസ്തി വില്‍പനയുടെ വിശദാംശങ്ങള്‍ പോലും പുറത്ത്‌വിടാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. 25/30 വര്‍ഷം വരെ സ്വകാര്യ സംരംഭകര്‍ക്ക് പാട്ട/വാടക വ്യവസ്ഥകളില്‍ പട്ടയം നല്‍കാതെ കൈമാറപ്പെടുമെന്ന് കരുതുന്ന സമ്പദ് വ്യവസ്ഥയില്‍, കാലാവധിക്ക്‌ശേഷം കരാര്‍ പുതുക്കുമോ? അവരേറ്റെടുക്കുന്ന ആസ്തികളുടെ സേവനമൂല്യവും വിലയും നിശ്ചയിക്കുന്നതില്‍ സര്‍ക്കാറിന് നിയന്ത്രണമുണ്ടാകുമോ? എന്നതിലൊന്നും ഒരു നിശ്ചയവുമില്ല. കൂടാതെ റിസര്‍വ് ബാങ്കിലെ കരുതല്‍ പണം കൂടെ പിടിച്ചെടുത്ത് ഉത്പാദനരഹിത മേഖലയില്‍ ദുര്‍വിനിയോഗം ചെയ്യാനാണ് ഇനിയും തുനിയുന്നതെങ്കില്‍ സാമ്പത്തിക അരാജകത്വത്തിന്റെ വേലിേയറ്റമാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ഇത്രയേറെ വിമര്‍ശനങ്ങളുയര്‍ന്നിട്ടും പ്രഖ്യാപിത അജണ്ടയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന മട്ടിലാണ് നിര്‍മലയും കേന്ദ്ര സര്‍ക്കാറും. ശൂന്യമായ ഖജനാവ് നിറക്കാന്‍ മോദി സര്‍ക്കാറിനറിയാവുന്ന ഒരേയൊരു പണിയാണ് ആസ്തി വില്‍പന.