X

മഹത്വത്തിന്റെ രസതന്ത്രം- ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

പ്രവാചകന്‍ തിരുമേനിയുടെ വിയോഗം തീര്‍ത്ത വേദനയില്‍ മദീന വിറങ്ങലിച്ചു നില്‍ക്കുന്ന നാളുകളൊന്നില്‍ അബൂബക്കര്‍, ഉമര്‍(റ) രണ്ടു പേരും കൂടി ഉമ്മു ഐമന്‍(റ)യെ സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലേക്ക് കയറിചെല്ലുന്ന ഒരു രംഗം അനസ് ബിന്‍ മാലികി(റ)ല്‍ നിന്ന് ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നുണ്ട്. നബിതിരുമേനിക്കവര്‍ പോറ്റുമ്മയായിരുന്നുവല്ലോ. മാത്രമല്ല തന്റെ സ്‌നേഹഭാജനമായിരുന്ന സൈദ് ബിന്‍ ഹാരിസയുടെ പത്‌നിയും. നബി ഇടക്കിടെ അവരെ കാണാന്‍ പോകുമായിരുന്നു. നബി(സ)യുടെ രണ്ടു കരങ്ങളായിരുന്ന രണ്ട് സ്വഹാബിമാരും വീട്ടിലേക്ക് കയറിവരുന്നതു കണ്ടതും ഉമ്മു ഐമന്റെ സിരകളിലൂടെ സങ്കടം വിറച്ചുകയറുവാന്‍ തുടങ്ങി. ആ ഗദ്ഗദത്തിനു മുമ്പില്‍ തളര്‍ന്നു പോയി രണ്ട് അതികായന്‍മാരും. നിഷ്‌കളങ്കയായ ഈ സഹോദരിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അവര്‍ നിന്നു. അവസാനം അവര്‍ പറഞ്ഞു: നാം ഇങ്ങനെ കരഞ്ഞിട്ടെന്താണ് !, അല്ലാഹു നല്‍കുന്നതെന്തും അല്ലാഹുവിന്റെ റസൂലിന് ഗുണമല്ലാതെ മറ്റെന്തായിരിക്കാനാണ്. അതു കേട്ടതും ബറക്ക ബിന്‍ത് തഅ്‌ലബ എന്ന ഉമ്മു ഐമന്‍ ഏങ്ങലുകള്‍ക്കിടയില്‍ പറഞ്ഞു: നബി തങ്ങള്‍ മരണപ്പെട്ടെന്നോര്‍ത്തല്ല ഞാന്‍ കരയുന്നത്. മറിച്ച്, ആകാശവുമായുള്ള വഹ്‌യ് ബന്ധം അറ്റുപോയല്ലോ എന്നോര്‍ത്താണ്. മഹാന്‍മാരുടെ വിയോഗത്തിന്റെ വേദനയുടെ യഥാര്‍ഥ ന്യായം എന്താണെന്നും എന്തായിരിക്കണമെന്നും പഠിപ്പിക്കുകയാണ് ഈ സ്വഹാബീ വനിത.

മര്‍ഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം നിലക്കാത്ത ഏങ്ങലായി ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് ഇന്ത്യയിലെ ഏറ്റവും വലിയ മത സംഘടനയുടെ ഉപാധ്യക്ഷന്റെയോ കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്റെയോ ആയിരത്തിലധികം മഹല്ലുകളുടെ ഖാളിയുടെയോ നൂറുക്കണക്കിന് മത സ്ഥാപനങ്ങളുടെ അമരക്കാരന്റെയോ വിയോഗത്തിന്റേത് എന്ന കേവലാര്‍ഥത്തിലേക്ക് ചുരുക്കിക്കെട്ടാവതല്ല എന്നു പറയുവാന്‍ വേണ്ടിയാണ് ഉമ്മു ഐമന്റെ വാക്കുകളെ നാം ഇവിടെ കടമെടുക്കുന്നത്. മഹാന്‍മാരുടെ മരണം അവര്‍ നിറഞ്ഞ വേദികളുടേതല്ല, അവരിലെ മഹത്വത്തിന്റേതാണ്. അതുകൊണ്ടു തന്നെയാണ് മേല്‍പറഞ്ഞ ഔദ്യോഗിക വിവരണങ്ങള്‍ ഒഴിവാക്കി എല്ലാവരും മാഞ്ഞതും മറഞ്ഞതും സ്‌നേഹം, സൗമ്യത, സഹിഷ്ണുത തുടങ്ങിയവയാണ് എന്ന് പ്രയോഗിച്ചതും.

ഒരു നേതാവ് സാധാരണ ഗതിയില്‍ ശ്രദ്ധേയനാവുന്നത് അതിശയിപ്പിക്കുന്ന വാക്‌ധോരണി, മൂര്‍ച്ചയുള്ള തൂലിക, ചടുലമായ ഇടപെടലുകള്‍, തന്ത്രപരമായ നീക്കങ്ങള്‍ തുടങ്ങി ഏതെങ്കിലും കൊണ്ടായിരിക്കും. എന്നാല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ശ്രദ്ധേയനായത് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പേരിലായിരുന്നു എന്നു ആരും പറയുകയോ സമ്മതിച്ചുതരികയോ ചെയ്യില്ല എന്നതാണ് വസ്തുത. അദ്ദേഹം മനസ്സുകളെ കീഴ്‌പെടുത്തിയത് ആ പതിഞ്ഞ പുഞ്ചിരി കൊണ്ടും ഏതു അഗ്‌നിയിലേക്കും മഞ്ഞായി പെയ്തിറങ്ങുന്ന നല്ല വാക്കുകള്‍ കൊണ്ടുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും നിലപാടും എല്ലാവര്‍ക്കും ആശ്വാസം പകരുന്നതായിരുന്നു. സ്‌നേഹമസൃണമായ ആ നിലപാടുകള്‍ പ്രശ്‌നങ്ങളെ അല്‍ഭുതകരമായി പരിഹരിക്കുകയായിരുന്നു. സങ്കീര്‍ണ്ണതകളെ സരളമായി കെട്ടഴിക്കുകയായിരുന്നു. ആ നിഷ്‌കളങ്കതയും നിര്‍മ്മലതയും കണ്ടുമുട്ടുന്ന വരെയൊക്കെ പ്രചോദിപ്പിക്കുകയായിരുന്നു. ആ സന്തോഷം നന്‍മകളെയൊക്കെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇവയുടെ കരുത്തുകൊണ്ടായിരുന്നു അദ്ദേഹം ഒരു മഹാ ജനതയുടെ സുല്‍ത്വാനായത്. ഈ പറയുന്ന ഗുണങ്ങളെയെല്ലാം ഒറ്റ വാക്കിലേക്ക് ആവാഹിച്ചെടുത്താല്‍ ആ വാക്കായിരിക്കും അദ്ദേഹത്തിന്റെ സ്വത്വം. അതു തന്നെയായിരിക്കും സുല്‍ത്വാന്‍ കയ്യാളിയ അധികാരവും. ആ വാക്കാണ് സദ്‌സ്വഭാവം എന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി തങ്ങളെ അനുശോചിക്കവെ പറഞ്ഞത് പാണക്കാട്ടെ തങ്ങന്‍മാരുടെ അധികാരം സ്‌നേഹമാണ് എന്നായിരുന്നുവല്ലോ. അതു തന്നെയാണ് ഈ പറഞ്ഞതും. കാരണം ഇമാം ഗസ്സാലി നിര്‍വ്വചിച്ചതുപോലെ സ്വഭാവം എന്നാല്‍ അകത്തിന്റെ അലങ്കാരമാണ്. ആ സ്വഭാവത്തിന്റെ എല്ലാ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രകടനമാണ് സ്‌നേഹം. ഈ സ്‌നേഹമാണ് ആ നേതൃ വിജയത്തിന്റെ രസതന്ത്രം.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണവും കരുത്തും നന്‍മയും എല്ലാമെല്ലാമാണ് സദ്‌സ്വഭാവം. സദ്‌സ്വഭാവത്തിന്റെ മഹത്വം അടുത്തറിയുവാന്‍ അനുഭവങ്ങള്‍ ധാരാളമുണ്ട് മനുഷ്യനു മുമ്പില്‍. അതിന്റെ മഹത്വം വാചാലമായി വിവരിച്ചു തന്നിട്ടുണ്ട് മാനുഷ്യകത്തിന്റെ മഹാചാര്യനായ നബി(സ) തങ്ങള്‍. മനുഷ്യന്റെ നന്‍മകളില്‍ സദ്‌സ്വഭാവ ത്തോളം ഘനമേറിയതൊന്നുമില്ല എന്ന് അബുദ്ദര്‍ദാഅ്(റ) നബി(സ) പറഞ്ഞതായി ഇമാം അബൂദാഊദ് ഉദ്ധരിക്കുന്നു. സ്വഭാവത്തെ വിമലീകരിച്ചവന് നബി തിരുമേനി വാഗ്ദാനം ചെയ്യുന്നത് ഉപരി സ്വര്‍ഗത്തില്‍ ഒരു ഭവനമാണ് (അബൂദാവൂദ്, ത്വബറാനി). അന്ത്യനാളില്‍ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തു നില്‍ക്കുന്നവരും നബിയോട് ഏററവും സമീപസ്ഥരായിരിക്കുന്നവരും സദ് സ്വഭാവികളായിരിക്കും എന്ന് രണ്ട് സ്വഹീഹായ ഹദീസുകളിലായി വന്നിട്ടുണ്ട്. വിശ്വാസത്തിന്റെ ഏത് കാര്യമാണ് അത്യുത്തമം എന്ന് അംറ് ബിന്‍ അബസ(റ) നബി(സ)യോട് ചോദിക്കുന്നതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്നുണ്ട്. ഏറ്റവും നല്ല സ്വഭാവക്കാര്‍ എന്നായിരുന്നു നബിയുടെ മറുപടി. വിശുദ്ധ ഖുര്‍ആന്‍ സദ്‌സ്വഭാവത്തിന്റെ ഘടകങ്ങളെ വേര്‍തിരിച്ച് ഓരോ ഘടകങ്ങളെയും മഹത്വ വത്കരിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി ക്ഷമ. ക്ഷമിക്കാനുള്ള കഴിവ് സ്വഭാവത്തിന്റെ സദ്ഘടകമാണ്. അതെടുത്ത് അല്ലാഹു ക്ഷമാശീലരോടൊപ്പമാണ് എന്ന് പ്രസ്താവിക്കുന്നു. ഇപ്രകാരം മഹദ്‌സ്വഭാവങ്ങളായി പരിഗണിക്കപ്പെടുന്ന ഓരോ ഗുണങ്ങളെയും മഹത്വപ്പെടുത്തുന്ന ശൈലിയാണ് ഖുര്‍തുനിന്റേത്.

ചുരുക്കത്തില്‍ സദ് സ്വഭാവം ഇസ്്‌ലാമിക ജീവിത മീമാംസയുടെ ഒരു അതിപ്രധാന അധ്യായമാണ്. അതിനിത്രയും പ്രസക്തിയും പ്രാധാന്യവും കൈവന്നത് അതിന് മനുഷ്യനില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന്റെ പേരിലല്ലാതെ മറ്റൊന്നിന്റെയും പേരിലല്ല. ഈ സ്വഭാവ വൈശിഷ്ട്യം തങ്ങന്‍മാര്‍ക്ക് ലഭിക്കുന്നത് തങ്ങളുടെ പിതാമഹനില്‍ നിന്നാണ്. ലോകം കണ്ട ഏറ്റവും വലിയ സ്വഭാവ മഹാത്മ്യത്തിന്റെ ഉടമയായിരുന്നു അഹ്‌ലു ബൈത്ത് എന്ന നബി കുടുംബത്തിന്റെ പിതാമഹനായ നബി തിരുമേനി(സ). അങ്ങ് ഉന്നതമായ സ്വഭാവ വൈശിഷ്ട്യത്തിനുടമയാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ ആണയിടുന്നുണ്ട്(68:4). ചരിത്രവും അനുഭവവും അതു ശരിവെക്കുകയും ചെയ്യുന്നു. തന്റെ നിയോഗം തന്നെ അന്ത്യനാളുവരെയുള്ള മനുഷ്യര്‍ക്ക് മാതൃകയാകും വിധം സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് എന്ന് നബിതിരുമേനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ സ്വഭാവങ്ങളെ സംസ്‌കരിച്ചെടുക്കുവാന്‍ നല്‍കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ പ്രതിരൂപമായിരുന്നു അവര്‍.ആയിശ(റ) സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയം നബി(സ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നു.(മുസ്‌ലിം). നീണ്ട പത്തു വര്‍ഷം ഒരു നിഴല്‍ പോലെ നബിതിരുമേനിയുടെ ഭൃത്യനായി ജീവിച്ച അനസ്(റ)വിന്റെ സാക്ഷ്യം ഈ വിഷയത്തില്‍ സമ്പൂര്‍ണ്ണവും സത്യസന്ധവുമാണ്. അദ്ദേഹം പറയുന്നു: ഞാന്‍ നബി(സ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണ് സത്യം, അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താല്‍ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാല്‍ നീ എന്തുകൊണ്ടതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്‌ലിം). പ്രശ്‌നങ്ങളെ മന്ദഹാസത്തോടെ നേരിടുന്ന രീതി ആ പിതാമഹന്‍ അന്ന് മക്കയിലെ അബൂ ഖുബൈസ് മലവാരത്തിലെ സ്വന്തം വീട്ടിലേക്ക് കയറവെ പഠിപ്പിച്ചതാണ്. ഈ ഗുണങ്ങള്‍ ചരിത്രത്തിലുടനീളം ഈ പേര മക്കള്‍ക്ക് കിട്ടിയിട്ടുണ്ട്. ചുറ്റുമുള്ളവരെ എന്നും അവര്‍ ആകര്‍ഷിച്ചത് അവ കൊണ്ടായിരുന്നു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ അവര്‍ സരളമായി പരിഹരിക്കുമായിരുന്നു.

തങ്ങന്‍മാര്‍ക്ക് തങ്ങളുടെ പിതാമഹന്‍ തിരുമേനിയില്‍ നിന്നാണ് ഈ വൈശിഷ്ട്യങ്ങള്‍ പകര്‍ന്നു കിട്ടുന്നത് എന്നു പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അതു അത് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമുണ്ടായേക്കും. പക്ഷെ, വസ്തുത അതാണ്. ഒരു അന്ധമായ ബാലിശമല്ല ഈ വാദം. മതപ്രമാണങ്ങള്‍ വ്യക്തമായി അതു സൂചിപ്പിക്കുന്നുണ്ട്. അനുഭവങ്ങള്‍ അതു തെളിയിക്കുന്നുമുണ്ട്. അതിനെല്ലാം പുറമെ ഇന്നത്തെ കാലത്ത് ഇത് തെളിയിക്കപ്പെട്ട ഒരു ശാസ്ത്രവും കൂടിയാണ്. ജീവികളിലെ വംശപാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ച് ഒരു പഠനശാഖ തന്നെയുണ്ട്. എല്ലാ ജന്തുക്കളും സസ്യങ്ങളും അവയോടു സാദൃശ്യമുള്ള സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നു, മനുഷ്യന് മനുഷ്യകുഞ്ഞു പിറക്കുന്നു, നെന്മണി മുളച്ച് നെല്‍ച്ചെടിയുണ്ടാകുന്നു, മാതാപിതാക്കളുടെ തനിപ്പകര്‍പ്പുകളല്ലെങ്കിലും അവരുടെ പല സവിശേഷതകളും സന്താനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു തുടങ്ങി നമ്മുടെ ജീവിത പരിസരം തന്നെ തെളിയിക്കുന്ന ശാസ്ത്രമാണത്.
മൊറോവിയയിലെ സെന്റ് തോമസ് സന്യാസി മഠത്തിലെ തന്റെ പയര്‍ചെടികള്‍ നിറഞ്ഞ തോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇതിന്റെ രഹസ്യച്ചെപ്പുകള്‍ തുറന്ന ശാസ്ത്രജ്ഞനാണ് ഫാദര്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍. ജനിതകശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. 1865 ഫെബ്രുവരി എട്ടിനാണ് മെന്‍ഡല്‍ തന്റെ എട്ടുവര്‍ഷത്തോളം നീണ്ട ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തിയത്.

Test User: