ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന, നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണെന്ന ആര്‍ട്ടിക്കിള്‍ 14 തുടര്‍ച്ചയായി ലംഘിക്കുക എന്നത് ബിജെപി ഗവണ്‍മെന്റിന്റെ ക്രൂരവിനോദമാണെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍.
യു എ പി എ, രാജ്യദ്രോഹക്കുറ്റം , ദേശീയ സുരക്ഷാ നിയമം, മതപരിവര്‍ത്തന നിയമം, പശു സംരക്ഷണ നിയമം ഇതെല്ലാം തന്നെ ഏതു വിധത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷണമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വിമര്‍ശിച്ചു.
ഉദ്യോഗസ്ഥരുടെ കയ്യില്‍ അമിതാധികാരം കൊടുക്കുവാനും, ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെയും നിഷേധിക്കുവാനും കഴിയുന്ന വിധം തങ്ങളുടെ അനുയായികള്‍ക്കും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും എന്തും ചെയ്യാനുള്ള ലൈസന്‍സ് നല്‍കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിയമം പാസാക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ കരിനിയമങ്ങളുടെ പട്ടികയില്‍ ഒന്നായിത്തീരും. ഉദ്യോഗസ്ഥന്മാര്‍ക്കും കോണ്‍സ്റ്റബിള്‍ തൊട്ട് മജിസ്‌ട്രേറ്റ് വരെയുള്ള ആളുകള്‍ക്കും എന്തും ചെയ്യുവാന്‍ അവകാശം കൊടുക്കുന്ന ഭരണഘടനക്ക് വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന ഉള്ളതെന്ന് ഇ.ടി വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെയും, വ്യക്തിയുടെ സ്വകാര്യതയും ബാധിക്കുന്ന നീക്കങ്ങളാണ് നിയമത്തില്‍ ഉള്ളത്. ഇഷ്ടം പോലെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള നിയമങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ബിജെപിയുടെ നിയമനിര്‍മ്മാണ കൗശലമെന്നും ഇടി വിമര്‍ശിച്ചു. ഈ നിയമ പ്രകാരം ഏതൊരാളുടേയും ഏതുവിധത്തിലുള്ള സാമ്പിളുകളും എടുക്കുവാനും അത് തങ്ങള്‍ക്കിഷ്ടമുള്ള എല്ലാവരുടെയും കയ്യില്‍ എത്തിക്കുവാനും വ്യക്തിയെ ഭീഷണിപ്പെടുത്താനും എല്ലാം ഉതകുന്ന സമീപനം കൈവരുത്താനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ഇടി പറഞ്ഞു.
ഇങ്ങനെ ഒരു നിയമത്തിന്റെ ആവശ്യമേ ഇപ്പോള്‍ ഇല്ല. ഈ നിയമം പാസായാല്‍ ഏതൊരു ചെറിയ കുറ്റം ചുമത്തി ഒരാളെ അറസ്റ്റ് ചെയ്താല്‍ പോലും അതിന്റെ പേരില്‍ അവനെ ഏതുവിധത്തിലും ദ്രോഹിക്കാന്‍ അവസരമുണ്ടായിതീരുമെന്ന് ഇടി കൂട്ടിചേര്‍ത്തു. ക്രിമിനല്‍ പ്രൊസീജിയര്‍ ഐഡിന്റിഫിക്കേഷന്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.