ഇടതുപക്ഷത്തിന്റെ അപഥ സഞ്ചാരം

CPIM FLAG

കെ.എന്‍.എ ഖാദര്‍

കമ്യൂണിസ്റ്റുകളുടെ കാവി ബന്ധങ്ങള്‍ക്ക് കാലങ്ങളോളം പഴക്കമുണ്ട്. മുരത്ത വര്‍ഗീയ വലതുപക്ഷ ശക്തികളോട് അവര്‍ സന്ധിചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, അബദ്ധങ്ങള്‍ പിണഞ്ഞിട്ടുള്ളത്. ഹിറ്റ്‌ലര്‍ റഷ്യയെ അക്രമിച്ചേക്കുമെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ താക്കീത് ചെയ്തിരുന്നു. അതിനെ അവഗണിക്കുകയാണ് സ്റ്റാലിന്‍ ചെയ്തത്. ജര്‍മ്മന്‍ പട്ടാളം റഷ്യന്‍ നഗരങ്ങളിലേക്ക് അപ്രതീക്ഷിത സമയത്ത് ഇരച്ചുകയറി. സ്റ്റാലിനും ഇതര നേതാക്കളും അന്ന് ഞെട്ടിപ്പോയി. അന്തിമ ഘട്ടത്തില്‍ ഹിറ്റ്‌ലര്‍ പരാജയപ്പെട്ടെങ്കിലും സ്റ്റാലിന്‍ ഹിറ്റ്‌ലറെ വിശ്വസിച്ചിരുന്നതാണ് ചര്‍ച്ചിലിന്റെ താക്കിത് തള്ളിക്കളയാന്‍ കാരണം.

രണ്ടാം ലോക യുദ്ധ കാലത്ത് ഇന്ത്യയിലും കമ്യൂണിസ്റ്റുകള്‍ക്ക് വന്‍ വീഴ്ച സംഭവിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യന്‍ ജനത ഒരുമിച്ചു പൊരുതിയ 1942 ല്‍ ക്വിറ്റ്ഇന്ത്യ സമരത്തോട് ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ലോകയുദ്ധത്തില്‍ ബ്രിട്ടനും റഷ്യയും ഒരുമിച്ചു നില്‍ക്കുകയായിരുന്നു. സ്വന്തം രാജ്യത്തിനകത്ത് നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ അവര്‍ കാര്യമാക്കിയില്ല. സ്വാതന്ത്ര്യം ഒന്നുമാത്രം ആയിരുന്നു ജനങ്ങളുടെ ലക്ഷ്യം. ശത്രു ബ്രിട്ടന്‍ ആയിരുന്നു. ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യം ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടനോട് സഹകരിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ പൊതുധാരയില്‍ നിന്നുമവര്‍ മാറിനിന്നു. നാളിതുവരെ അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. കല്‍ക്കത്താ തിസീസ് പ്രയോഗിക്കാന്‍ തുടങ്ങിയ സഖാക്കള്‍ സ്വാതന്ത്ര്യം നേടിയ കാര്യവും അറിഞ്ഞതായി നടിച്ചില്ല. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധ സമരത്തിലേര്‍പ്പെടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അവര്‍ വിഡ്ഢികളായി. നൂറുവര്‍ഷക്കാലം വെള്ളക്കാരനെതിരെ പോരാടി ജയിച്ച ജനതയോടാണിത് കല്‍പ്പിച്ചത്. 1948 മുതല്‍ 1951 വരെ ആയിരക്കണക്കിനാളുകള്‍ പാര്‍ട്ടി വിട്ടുപോകാന്‍ അത് കാരണമായി. കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കിയ അവര്‍ ഇന്ത്യന്‍ സാഹചര്യം സത്യസന്ധമായി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികളോട് സന്ധിചെയ്തായാലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് മുഖ്യലക്ഷമെന്നവര്‍ വിശ്വസിച്ചു. 1967 ല്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചു. മൊറാര്‍ജിയെ പ്രധാനമന്ത്രിയാക്കാനും അവര്‍ പിന്തുണ നല്‍കി. 1967 ല്‍ ബീഹാറില്‍ ജനസംഘവുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ചു.

കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആ നിലപാട് എന്നേ തിരുത്തേണ്ടതായിരുന്നു. കോണ്‍ഗ്രസ് ചോദ്യം ചെയ്യാനാവാത്തവിധം ഒരു രാഷ്ട്രീയ ശക്തിയായി ഇന്ത്യയില്‍ ഏറെ വര്‍ഷങ്ങള്‍ നിലനിന്നതാണ്. അക്കാലത്ത് മിക്ക രാഷ്ട്രീയ കക്ഷികളും കോണ്‍ഗ്രസിന് എന്നെങ്കിലും ഒരു പതനമുണ്ടാവുമെന്ന് ചിന്തിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കുശേഷം നടന്ന 1977 ലെ പൊതു തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് തോല്‍ക്കുന്നത്. മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഈ ഘട്ടത്തിലാണ് ഒരു പുതിയ സാഹചര്യം ഇന്ത്യയില്‍ രൂപപ്പെട്ടത്. ഒരു ദിവസം കൊണ്ടല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്. അനേക വര്‍ഷങ്ങളായി അതിനുവേണ്ടി ക്ഷമാപൂര്‍വ്വം കാത്തിരുന്നവരും പരസ്യമായും രഹസ്യമായും അധ്വാനിച്ചവരും ഉണ്ടായിരുന്നു. കുഞ്ഞു സംസ്ഥാനങ്ങളില്‍ പലതരം കൂട്ടുകെട്ടുകളായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേരിട്ടും എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും വലിയ തോതിലുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധ ശക്തികള്‍ നടത്തിയിരുന്നു. ജനസംഘം സ്വതന്ത്ര പാര്‍ട്ടി, ജനതാപാര്‍ട്ടി തുടങ്ങിയവരും ഒരുമിച്ചുനിന്ന് വലതുപക്ഷത്തെ ശക്തിപ്പെടുത്തി. അതിന്റെ നായകത്വം എന്നും ഹിന്ദുത്വ ശക്തികള്‍ക്കായിരുന്നു.

ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.എം ഇതേപണി കോണ്‍ഗ്രസിനെതിരെ കിട്ടാവുന്നവരെ മുഴുവന്‍ കൂട്ടി നടത്തിപ്പോന്നു. ഹിന്ദുത്വ ശക്തികള്‍ നയിക്കുന്ന വലതുപക്ഷവും സി.പി.എം നയിക്കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ രാപ്പകല്‍ പണിയെടുത്തു. വെവ്വെറെ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്ന അവര്‍ ഒറ്റ ലക്ഷ്യക്കാരായിരുന്നുവെന്ന് തിരിച്ചറിയുകയും ഒന്നുചേരുകയും ചെയ്തത് അടിയന്തിരാവസ്ഥയുടെ തണലിലാണ്. ഇടതു, വലത് വ്യത്യാസമില്ലാതെ മൊറാര്‍ജിയുടെ വരവും കോണ്‍ഗ്രസിന്റെ തോല്‍വിയും അവര്‍ ആഘോഷിച്ചു. എങ്കിലും ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും ഉയര്‍ത്തെഴുന്നേറ്റു തിരിച്ചുവരികയും രാജീവ്ഗാന്ധിയിലൂടെ മുന്നേറുകയും ചെയ്തു. ഈ രണ്ടു പേരും കൊല ചെയ്യപ്പെട്ടതോടെ കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബ്ബലമായി. നരസിംഹറാവുവും മന്‍മോഹന്‍ സിംഗുമെല്ലാം കോണ്‍ഗ്രസ് തളര്‍ന്നിട്ടില്ലെന്ന് തെളിയിച്ച് ഭരണത്തിലേറി.

എങ്കിലും വിജയത്തിന്റെ രുചിയറിഞ്ഞ എതിരാളികള്‍ അടങ്ങിയിരുന്നില്ല. അവര്‍ ശക്തിപ്പെട്ടു. അനുയോജ്യായ അവസരം വന്നപ്പോള്‍ അധികാരം പിടിച്ചു. ഇപ്പോഴും കാര്യമായ പോറലൊന്നുമേല്‍ക്കാതെ ഇന്ത്യയെ കാല്‍ക്കീഴിലാക്കി മുന്നേറുന്നു. ഇതിനെ തടഞ്ഞുനിര്‍ത്താന്‍ ഇതുവരെ വ്യക്തമായ വഴികള്‍ തുറന്നു കിട്ടിയിട്ടില്ല. ഒന്നോ രണ്ടോ കുഞ്ഞു സംസ്ഥാനങ്ങളിലെ ഭരണവും പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന സീറ്റുകളും കിട്ടിയാല്‍ ഇടതുപക്ഷത്തിന് തൃപ്തിയാവും. വലിയ ലക്ഷ്യങ്ങളൊന്നും തന്നെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ മുന്നില്‍ ഇല്ല. പൊളിഞ്ഞു പാളീസായ തറവാട്ടിലെ പുതിയ കാരണവര്‍ ഒരു തട്ടുകട നടത്തി ജീവിക്കുന്നതുപോലെ, സി.പി.എം നിത്യനിദാന ചിലവുകള്‍ക്ക് കാശുണ്ടാക്കി ജീവിക്കുന്നു. ഇനിയുമൊരു വിപ്ലവത്തിനോ രാജ്യം മൊത്തം പിടിച്ചെടുക്കാനോ തങ്ങള്‍ക്കാവില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. എങ്കിലും നരി കിടന്നിരുന്ന മടയില്‍ അവശേഷിക്കുന്ന പൂട പോലെ അവര്‍ കഴിയുന്നു. ഭരണം കേരളത്തില്‍ മാത്രമാകയാല്‍ അതെങ്കിലും പോകാതെ നോക്കാനുള്ള ജീവന്‍ മരണ സമരത്തിലാണിവര്‍. അതിനെതിരെ ബി. ജെ.പി ഖഡ്ഗമുയര്‍ത്തുന്നത് തടയുക എന്നതു മാത്രമാണ് അവരുടെ നിലവിലെ ഫാസിറ്റ് വിരുദ്ധത. ബാക്കിയെല്ലാം കോണ്‍ഗ്രസ് വിരുദ്ധതയാണ്. കോട്ടയത്തോ, പത്തനംതിട്ടയിലോ തദ്ദേശ സ്ഥാപനങ്ങളിലോ ബി.ജെ.പിയോട് ചേരുന്നതിലും എസ്.ഡി.പി.ഐയോട് ചേര്‍ന്നു ഭരിക്കുന്നതിനോ അവര്‍ക്ക് കൂസലില്ലാത്തത് കോണ്‍ഗ്രസ് വിരുദ്ധ പാരമ്പര്യമാണ്. ദേശീയതലത്തില്‍ ബി. ജെ.പിയോട് ചേര്‍ന്ന് പലപ്പോഴും കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഒരു കാര്യമേയല്ലല്ലോ. സര്‍ക്കാര്‍ തല ബന്ധങ്ങള്‍ കേരളത്തിലെ ഇടതു സര്‍ക്കാറും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും തമ്മില്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പിയേയും അവര്‍ വിമര്‍ശിക്കാറില്ല. സി.പി.ഐ എന്ന പാര്‍ട്ടി മറിച്ചു ചിന്തിക്കാനും ദേശീയധാരയില്‍ ലയിക്കാനും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാനും നടത്തിയ ശ്രമങ്ങള്‍ തുടരാന്‍ സി.പി.എം സമ്മതിച്ചില്ല. ആ നയം സി.പി.ഐ ഉപേക്ഷിക്കുന്നതുവരെ മുഖ്യശത്രുക്കളില്‍ സി.പി.ഐയേയും അവര്‍ ഉള്‍പ്പെടുത്തി. സി.പി.എമ്മിന്റെ എതിര്‍പ്പ് നേരിടാനാവാതെ പൊരുതിത്തോറ്റ സി.പി.ഐ ആയുധങ്ങള്‍വെച്ച് കീഴടങ്ങുകയാണ് ചെയ്തത്. സി.പി.ഐ എന്ന പാര്‍ട്ടിയെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ച അതി പ്രഗത്ഭ തോക്കളെ ഒന്നടക്കം ആ പാര്‍ട്ടി പുറത്താക്കിയത് സി.പി.എമ്മിനെ തൃപ്തിപ്പെടുത്താനാണ്. അതോടെ സി.പി.എമ്മിന്റെ എല്ലാ വീഴ്ചകളുടെയും രാഷ്ട്രീയ ഭാരം സി.പി.ഐക്കാരും ചുമക്കുകയാണ്. അവര്‍ക്കു ഇനിയൊരു മോചന സാധ്യത വിദൂരമാണ്.

കേരളം വെടക്കാക്കി തനിക്കാക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. എന്തും ചെയ്യാന്‍ തയ്യാറായി അവര്‍ നില്‍ക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷം കാഴ്ചക്കാര്‍ മാത്രമാണ്. ബോധപൂര്‍വ്വം അവര്‍ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുകയാണ്. കോണ്‍ഗ്രസും യു.ഡി.എഫും തകരണമെന്ന ലക്ഷ്യം രണ്ടു കൂട്ടര്‍ക്കുമുള്ളതാണ്. അതിനായി ചേതമില്ലാത്ത ഉപകാരങ്ങള്‍ തമ്മില്‍ തമ്മില്‍ ചെയ്യുന്നു. അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും. കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന്‍ തന്നെ പറഞ്ഞിട്ടുള്ളത്.

 

 

Test User:
whatsapp
line