അഹമ്മദാബാദ്: 36ാമത് ദേശീയ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം. ചില മത്സരങ്ങള്‍ നേരത്തെ തുടങ്ങിയെങ്കിലും ഇന്നാണ് ഔദ്യോഗിക ഉദ്ഘാടനം. അഹമ്മദാബാദ് മൊട്ടേരയിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്വന്തം പേരിലുള്ള സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഗുജറാത്തിന്റെ വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. ഒക്‌ടോബര്‍ 12 വരെയാണ് ഗെയിംസ്. അഹമ്മദാബാദിന് പുറമെ ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നിവയാണ് മറ്റു ഗെയിംസ് വേദികള്‍. ആകെ 36 ഇനങ്ങളിലാണ് മത്സരം.
എണ്ണായിരത്തോളം കായികതാരങ്ങളും ആയിരത്തോളം ഒഫീഷ്യല്‍സും പങ്കെടുക്കും. കേരളത്തിന്റെ അത്‌ലറ്റിക്‌സ് ടീം അടക്കമുള്ള 102 അംഗ സംഘം ഇന്നലെ അഹമ്മദാബാദിലെത്തി. കേരള ടീമിനെ രാജ്യാന്തര ലോങ്ജമ്പ് താരം എം ശ്രീശങ്കര്‍ ആണ് നയിക്കുന്നത്. 26 ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്. 436 കായികതാരങ്ങളും 123 ഒഫീഷ്യല്‍സും അടങ്ങിയ 559 അംഗ സംഘമാണ് കേരളത്തിന്റേത്. ഒമ്പത് സംഘമായിട്ടാണ് ടീം അഹമ്മദാബാദിലെത്തിയത്. ബാഡ്മിന്റണ്‍ താരം ഒളിമ്പ്യന്‍ വി ദിജുവാണ് സംഘത്തലവന്‍. 2015ല്‍ കേരളത്തിലാണ് ഏറ്റവുമൊടുവില്‍ ഗെയിംസ് നടന്നത്. കഴിഞ്ഞതവണ രണ്ടാംസ്ഥാനക്കാരായ കേരളം ഇത്തവണ ചാമ്പ്യന്‍ പട്ടമാണ് ലക്ഷ്യമിടുന്നത്. അത്‌ലറ്റിക്‌സ്, നീന്തല്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അടക്കമുള്ള ഇനങ്ങളിലെല്ലാം ആധിപത്യം പുലര്‍ത്താന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.