X

കടലിനെ കരുതണം- ഇ.ടി മുഹമ്മദ് ബഷീര്‍

ഇ.ടി മുഹമ്മദ് ബഷീര്‍

ഇന്ത്യയിലെ തീരദേശ ഗതാഗതം, തുറമുഖങ്ങള്‍, ഷിപ്പിങ്, ഇന്‍ലാന്റ് നാവിഗേഷന്‍ തുടങ്ങിയവയെല്ലാം സാമൂഹ്യ സാമ്പത്തിക ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാന തൂണുകളാണ്. അവ എന്തുകൊണ്ടും പരിരക്ഷിക്കപ്പെടേണ്ടതാണ്. കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ ജോലി സജീവമായി നടക്കുന്നുണ്ട് എങ്കില്‍ പോലും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണ്. പൊന്നാനി തുറമുഖം നിരവധി നൂലാമാലകള്‍ക്കിടയില്‍ പ്രവര്‍ത്തനം മുരടിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ്. അവ പരിഹരിക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടലുകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ഇന്ത്യയിലെ തുറമുഖങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. അത് ഗവണ്‍മെന്റ് നടത്തുന്നതോ സ്വകാര്യ മേഖലയിലുള്ളതോ ചെറുതോ ഇടത്തരമൊ വലുതോ ഏതായാലും ഇവയെല്ലാം തന്നെ പരസ്പരം ഒരു ശൃംഖല സ്ഥാപിക്കേണ്ടതുണ്ട്. അത് നിരന്തരമായ ഏകോപനം ആവശ്യമാണ്. അക്കാര്യത്തില്‍ വളരെ സത്വരമായ ഇടപെടലുകള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. തുറമുഖങ്ങളില്‍ ഉപയോഗപ്പെടുത്താതെ ഒട്ടനവധി ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട.് അവ ഉപയോഗിച്ച് ഫലപ്രദമായ മൂല്യവര്‍ധനവുണ്ടാക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. വിദഗ്ധന്‍മാര്‍ പറയുന്നത് സൗരോര്‍ജ്ജമടക്കമുള്ള മൂല്യവര്‍ധന നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കാന്‍ കഴിയും എന്നാണ്. അങ്ങനെ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ഈ മേഖലയില്‍ ചെയ്യേണ്ടതുണ്ട്. വളരെ പ്രധാനമായിട്ടുള്ള കാര്യം പുതിയ തുറമുഖങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യം പരിഹരിക്കേണ്ടത് തന്നെയാണ് എന്നാല്‍ ലോക തലത്തില്‍ തന്നെ ഏറ്റവും അധികം മത്സരങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഷിപ്പിങ് മേഖല. നിലവിലുള്ള തുറമുഖങ്ങള്‍ തന്നെ വളരെ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ലോകോത്തര മത്സരങ്ങള്‍ക്ക് പറ്റുന്ന തരത്തില്‍ തുറമുഖങ്ങളെ വികസിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല ആഴം കൂട്ടുക തുടങ്ങിയ നടപടികള്‍ സജീവമായി ആരംഭിക്കണം. തുറമുഖങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ കാര്യം റോഡ്, റെയില്‍വേ കണക്റ്റിവിറ്റിയാണ്. തുറമുഖങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന പദ്ധതികള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ല. തുറമുഖങ്ങള്‍ വികസിക്കുന്നതിനോടനുബന്ധിച്ച് രണ്ട് മേഖലയിലും ബന്ധങ്ങള്‍ വികസിച്ചിട്ടില്ലെങ്കില്‍ വലിയ ട്രാഫിക് സമ്മര്‍ദ്ദം തുറമുഖങ്ങള്‍ അനുഭവിക്കേണ്ടിവരും. ഇത് സംബന്ധിച്ച പാര്‍ലമെന്ററി കാര്യസമിതി പറഞ്ഞ വസ്തുത റോഡ് കണക്ടിവിറ്റിയെ സംബന്ധിച്ചിടത്തോളം 98 നിര്‍ദിഷ്ട പദ്ധതികളില്‍ 13 എണ്ണം മാത്രമാണ് നടപ്പിലായതെന്നാണ്. റെയില്‍ കണക്റ്റിവിറ്റി സംബന്ധിച്ചിടത്തോളമാകട്ടെ 91 പദ്ധതികളില്‍ 20 എണ്ണം മാത്രമാണ് പ്രവര്‍ത്തിപഥത്തില്‍ വന്നത്. ഇക്കാര്യത്തില്‍ സമഗ്ര ഇടപെടലുണ്ടാകുന്നത് തുറമുഖങ്ങള്‍ക്കും അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലസിദ്ധികള്‍ക്കും അനിവാര്യമാണ്. കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ റിപ്പയറിങ് എന്നീ മേഖലകളിലുള്ള സാധ്യതകള്‍ ഇനിയും വേണ്ടത്രയായിട്ടില്ല.

കടലുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ മറ്റു ദേശീയ ജലപാതയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ടൂറിസ്റ്റ് മാര്‍ഗമാണ് ക്രൂയിസ് ടൂറിസം. ഇന്ത്യക്ക് 7517 കിലോമീറ്റര്‍ ദൈര്‍ഘ്യം സമുദ്രതീരം ഉണ്ട്. ഇപ്പോള്‍ തന്നെ 212 തുറമുഖങ്ങളുമുണ്ട്. എന്നാല്‍ ഇവിടെ ക്രൂയിസ് ടൂറിസം വികസിപ്പിക്കുന്നത് സംബന്ധിച്ച് വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഈ മേഖലയിലുള്ള ടൂറിസം സാധ്യതകള്‍ വന്‍തോതിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമായിട്ടുണ്ട.് ഇവിടെ നാം സാമ്പത്തിക യാത്രയെ പറ്റിയും തുറമുഖങ്ങളെ പറ്റിയും സംസാരിക്കുമ്പോള്‍ ഈ മന്ത്രാലയത്തിനു കീഴില്‍ തന്നെയുള്ള മറ്റൊരു കാര്യമാണ് ഇന്‍ലാന്‍ഡ് വാട്ടര്‍ വേസിന്റെ വളര്‍ച്ചയും വികാസവും. കടലുമായും നാട്ടിലെ ജലപാതയുമായും കായലുകളും പുഴകളുമായൊക്കെ ബന്ധപ്പെടുന്ന സമയത്ത് പുതിയ കുറ്റത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ ക്രൈം അഥവാ ജല മേഖലയിലുള്ള കുറ്റകൃത്യം എന്നുള്ളതാണ്. കടല്‍, ദുഃഖങ്ങളാല്‍ അലമുറയിടുന്ന സ്ഥിതിയിലേക്ക് പോവുകയാണ്. വലിയ തോതിലുള്ള മാലിന്യങ്ങള്‍ക്കും അത് വിധേയമായികൊണ്ടിരിക്കുന്നു. പുഴകളാകട്ടെ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ജലാശയങ്ങള്‍ തടാകങ്ങള്‍ എന്നിവയെല്ലാം തന്നെ അതിന്റെ മനോഹരമായ മുഖം മലിനീകരണത്താല്‍ വികൃതമായി തീരുകയാണ്. ഒരു ഘട്ടം കൂടി കഴിഞ്ഞാല്‍ കടലുകളെ പ്ലാസ്റ്റിക് ഓഷ്യന്‍ എന്നുവിളിക്കുന്ന സ്ഥിതി വന്നേക്കുമെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഓയിലുകള്‍ പുറത്തേക്ക് വീഴുന്നതും അതുപോലുള്ള മറ്റു നാശങ്ങളും കടലിനെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പരിപാവനമായ നദികള്‍ ഇന്നെല്ലാവിധ മാലിന്യങ്ങളുടെയും മിശ്രിതമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രോമിയം, മെറ്റല്‍, കൃഷിയിടങ്ങളില്‍ നിന്നും ഒഴുകിവരുന്ന കീടനാശിനികള്‍, മെര്‍ക്കുറി, മെഗ്‌നീഷ്യം മറ്റ് എല്ലാത്തിന്റെയും മാലിന്യങ്ങളുടെ സങ്കരമായി കടലുകള്‍ മാറുകയാണ്. ഈയിടെ കണ്ട വാര്‍ത്ത യമുന ഒരു നദിയല്ല മറിച്ച് അതൊരു മലിന അഴുക്കുചാലാണ്. ലോകത്ത് എല്ലാവിധ നാഗരികതകളും ജന്മമെടുത്തത് നദീതീരങ്ങളില്‍ നിന്നാണെന്ന് അഭിമാനിക്കുന്നവരാണ് നാം. എന്നാല്‍ അവയെല്ലാം തന്നെ ഇന്ന് തകര്‍ന്നു കൊണ്ടിരിക്കുന്നു. മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളുടെ കേന്ദ്രമായിതീരുന്നു എന്നും നാം കാണുന്നു. പക്ഷേ അതിന്റെ വിപത്തുകള്‍ തിരിച്ചറിയുന്നില്ല. ഇക്കാര്യത്തില്‍ ഹൃദയം തൊടുന്ന സമീപനം അഥവാ തിരുത്തല്‍ നടപടിയുമായി മുന്നോട്ട് വരേണ്ടതുണ്ട്. കേരളം 44 നദികളാല്‍ സമ്പുഷ്ടമാണ്. കേരളത്തിന്റെ എ, ബി, സി എന്നു പറയുന്നത് തന്നെ എ ആയുര്‍വേദം, ബി ബാക്ക് വാട്ടേഴ്‌സ്, സി കള്‍ച്ചര്‍ എന്നിവയാണ്. എന്നാല്‍ ഇവയെല്ലാം തന്നെ കൂടുതല്‍ കൂടുതല്‍ മലിനപ്പെട്ടു കൊണ്ടിരിക്കുകയാണ്. നദി, ശുദ്ധീകരണ ശാക്തീകരണത്തിനുവേണ്ടി ചില പദ്ധതികള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ നദിയായ ഭാരതപ്പുഴയെ സംരക്ഷിക്കാനും ശുദ്ധീകരിക്കാനുമൊക്കെയുള്ള ശക്തമായ നടപടി നടത്താന്‍ ഗവണ്‍മെന്റ് മുന്നോട്ട്‌വരണം. കടലിന്റെ മക്കളാണ് മത്സ്യത്തൊഴിലാളികള്‍. ഗവണ്‍മെന്റിന്റെ ഇന്നത്തെ ആഴക്കടല്‍ മത്സ്യബന്ധനം വളരെ അപകടം പിടിച്ചതാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്കകളകറ്റാന്‍ സാധിക്കേണ്ടത് അനിവാര്യമാണ്. കടലിന്റെ രക്ഷിതാവായി നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഗവണ്‍മെന്റിന് കഴിയണം.
(സാമ്പത്തിക ഗതാഗതം, ഷിപ്പിങ്, നാടന്‍ ജലപാത എന്ന വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയ പ്രസംഗം)

Test User: