X

നിലപാടില്‍ വേറിട്ടുനിന്ന വ്യക്തിത്വം- എഡിറ്റോറിയല്‍

നിലപാട്‌കൊണ്ട് ചരിത്രം രചിച്ച ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്നു ഇന്നലെ അന്തരിച്ച ശൈഖ് യൂസഫ് അല്‍ ഖര്‍ളാവി. സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ച ഖര്‍ളാവി ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. സമകാലിക ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്‌ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. ഒട്ടേറെ ഇസ്‌ലാമിക വിഷയങ്ങളില്‍ അദ്ദേഹം നല്‍കിയ ഫത്‌വ ശ്രദ്ധേയമാണ്. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ അദ്ദേഹം ഒമ്പതാം വയസില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു.

തന്റെ നിലപാട് കാരണം ജന്മനാടായ ഈജിപ്തില്‍ നിന്നും ഓടിപ്പോകേണ്ടിവന്നു. പിന്നീട് മരണം വരെ ഖത്തറിലായിരുന്നു താമസിച്ചിരുന്നത്. ഈജിപ്തിലെ ഇമാം ശഹീദ് ഹസനുല്‍ ബന്നയുടെ പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, 54, 56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. കര്‍ക്കശമായ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണ യോഗത്തില്‍ പങ്കെടുക്കാനായി ബ്രിട്ടനിലെത്തിയെങ്കിലും ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും വിസാനിരോധമേര്‍പ്പെടുത്തുകയായിരുന്നു. 2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്റെ വിസാ അപേക്ഷ ബ്രിട്ടന്‍ നിരസിക്കുകയുണ്ടായി. ചികിത്സാര്‍ഥമാണ് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയത്. സംഘടനാ, രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇസ്രാഈലുമായി യാതൊരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. ഫലസ്തീനില്‍ പോരാടുന്ന ജനതക്കൊപ്പമായിരുന്നു. എന്നാല്‍ തീവ്രവാദത്തെ ഒരിക്കലും അംഗീകരിച്ചിരുന്നുമില്ല. 2004 ലാണ് ഖര്‍ളാവി അവസാനമായി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. അന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാല്‍ വിസയനുവദിക്കരുതെന്ന് തീവ്ര വലതുപക്ഷ കക്ഷികള്‍ ടോണിബ്ലയര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ലണ്ടന്‍ മേയര്‍ കെന്‍ ലിവിങ്സ്റ്റണ്‍ ഈ സമയത്ത് അദ്ദേഹവുമായി വേദി പങ്കിടുകയും അദ്ദേഹത്തെ ന്യായീകരിക്കുകയുമാണ് ചെയ്തത്. ഫലസ്തീനില്‍ അധിനിവേശം നടത്തി നിലവില്‍ വന്ന ഇസ്രാഈലിന്റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചര്‍ച്ചകളെയും അദ്ദേഹം നിരാകരിച്ചു.

ഏകാധിപതികള്‍ അടക്കി വാണിരുന്ന നാടുകളില്‍ ജനാധിപത്യത്തിന്റെ തിരികൊളുത്താന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്. അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട സ്വേച്ഛാധിപരായ ഭരണാധികാരികള്‍ക്കെതിരെയുണ്ടായ ജനകീയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ശക്തമായി പിന്തുണച്ചു. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വര്‍ത്തമാന ഇസ്‌ലാമിക ലോകത്തെ മധ്യമനിലപാടിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു. മുസ്‌ലിം ഐക്യത്തിന്റെ ശക്തനായ വക്താവായ ഖര്‍ളാവി വിവിധ ഇസ്‌ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദ പരിപാടികള്‍ക്ക് മുന്‍കൈയെടുക്കുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശൈഖ് ഖര്‍ളാവിയുടെ ആശയധാര പരന്നുകിടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളും മുസ്‌ലിം ലോകത്തിന് അംഗീകരിക്കാനാകുന്നതായിരുന്നില്ല. പല നിലപാടുകളും വിമര്‍ശന വിധേയമായിട്ടുണ്ട്. പല രചനകള്‍ക്കും ചില രാജ്യങ്ങളില്‍ വിലക്കുമുണ്ട്. സര്‍വ മത നിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തി. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പല പുസ്തകങ്ങളും മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്‌ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.

Test User: