X

സ്‌കൂളിലെ ഫ്‌ളെക്‌സ്‌ ബോര്‍ഡില്‍ ഫോട്ടോ ചെറുതായി; ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂര്‍ മേയര്‍

ഫ്‌ളെക്‌സ്‌ ബോര്‍ഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന് പരാതി പറഞ്ഞ് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. ഇതിനെതുടര്‍ന്ന് സ്‌കൂളിലെ ചടങ്ങ് അദ്ദേഹം ബഹിഷ്‌കരിക്കുകയും ചെയ്തു. പൂങ്കുന്നം ഗവ. സ്‌കൂളില്‍ സ്ഥാപിച്ച ബോര്‍ഡ് കണ്ടാണ് മേയര്‍ പ്രതികരിച്ചത്. വിജയ ദിനാചരണത്തിന്റെ ഭാഗമായി വെച്ചിരുന്ന ഫഌ്‌സ് ബോര്‍ഡായിരുന്നു ഇത്.

താന്‍ മടങ്ങിയത് ഫോട്ടോ ചെറുതായതുകൊണ്ടാണെന്നും മേയര്‍ പദവിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളെക്‌സില്‍ വലുതാക്കി വച്ചിരുന്നത് സ്ഥലം എംഎല്‍എയായ പി ബാലചന്ദ്രന്റെ ചിത്രമാണ്. സംഭവം വിവാദമായതോടെ എംഎല്‍എയും ചടങ്ങിനെത്താന്‍ തയ്യാറായില്ല.

‘എംഎല്‍എയുടെ പടം വലുതാക്കിയോ ചെറുതാക്കിയോ വയ്ക്കട്ടെ. പ്രോട്ടോക്കോള്‍ അനുസരിച്ചു മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ പരിപാടിയില്‍ മേയര്‍ക്കാണ് ഉയര്‍ന്ന സ്ഥാനം. എം.കെ വര്‍ഗീസ് ആണോ അല്ലയോ എന്നല്ല. ഫ്‌ളെക്‌സില്‍ എന്റെ ഫോട്ടോ ചെറുതായിരുന്നു, അത് മാനസിക വിഷമമുണ്ടാക്കി. പ്രോട്ടോകോള്‍ ലംഘനം മാത്രമല്ല, എന്നെ അവഹേളിക്കുന്നതായി തോന്നി’ , മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.

മുന്‍പ് പൊലീസുകാര്‍ സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മേയര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴി വെച്ചിരുന്നു. പൊലീസുകാര്‍ മേയര്‍ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു അന്ന് പരാതി.

Test User: