പറ്റ്ന: ബിഹാറിലെ രാം കൃഷ്ണ നഗറില്‍ ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയാണ് ജഹനാബാദ് സ്വദേശിയായ 28കാരിയെ യുവാക്കള്‍ പീഡിപ്പിച്ചത്.
വ്യാജ വിവാഹ പരിപാടിയുടെ പേരില്‍ വിളിച്ച്വരുത്തി പിന്റു കുമാര്‍, സഞ്ജീവ് കുമാര്‍, കരു കുമാര്‍ എന്നീ മൂന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്കി. യുവാക്കള്‍ പരിപാടി ബുക്ക് ചെയ്തത് പ്രകാരം സ്ഥലത്തെത്തിയപ്പോള്‍ അവിടെ അങ്ങനെയൊരു പരിപാടി നടക്കുന്നില്ലെന്ന് കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കാര്യം അന്വേഷിച്ചപ്പോള്‍ തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് ഒരു മുറിയിലേക്ക് വലിച്ച് കൊണ്ടുപോയി. ദൃശ്യം മൊബൈലില്‍ പകര്‍ത്തി. പ്രതികളുടെ കൈയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു മുറിയില്‍ കയറി വാതിലടച്ച യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായും ഇവരുടെ കൈയില്‍നിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.