X

സിഖുകാര്‍ക്ക് വിമാനത്താവളത്തില്‍ കൃപാണ്‍ ധരിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ സിഖ് ജീവനക്കാര്‍ക്ക് കൃപാണ്‍ ധരിക്കാന്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം. മാര്‍ച്ച് നാലിനാണ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കൃപാണ്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തുവിട്ടത്.
സിഖ് മതത്തില്‍ ശരീരത്തോട് ചേര്‍ന്ന് ധരിക്കുന്ന വളഞ്ഞ കഠാരയാണ് കൃപാണ്‍. അടുത്തിടെ അമൃത്‌സറിലെ ശ്രീ ഗുരുറാംദാസ് ജീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൃപാണ്‍ ധരിച്ച ഒരു സിഖ് ജീവനക്കാരനെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിഖ് സംഘടനയായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി രംഗത്തെത്തി.

കമ്മിറ്റി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതുകയും ചെയ്തു. ഈ വിവേചനം സിഖുകാരുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയ ആക്രമണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നതില്‍ സിഖുകാരാണ് മുന്‍പന്തിയില്‍ നിന്നിട്ടുള്ളതെന്നും ധാമി കത്തില്‍ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ചയാണ് വിലക്ക് പിന്‍വലിച്ച് ഉത്തരവിറങ്ങിയത്.

ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൃപാണ്‍ ധരിക്കാം. ഇത്തരത്തില്‍ ധരിക്കുന്ന കൃപാണിന്റെ നീളം ഒമ്പത് ഇഞ്ചില്‍ കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Test User: