അധികാരത്തിന്റെ ഹുങ്കിലുള്ള ഭരണപക്ഷ യൂണിയനുകളുടെ അഴിഞ്ഞാട്ടത്തിനാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്തു പത്തു ദിവസം നീണ്ടുനിന്ന സി.പി.എം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ നടത്തിയ സമരം ഈ പ്രവണതയുടെ നേര്‍ സാക്ഷ്യമായിരുന്നു. ജില്ലയിലെ 15 വില്ലേജ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയ സമരം തുടങ്ങിയത്. സി.പി.ഐ – സി.പി.എം സംഘടനകളുടെ ശക്തിപ്രകടനത്തിനു കൂടി സമരം വേദിയായതോടെ സംഘര്‍ഷ സമാനമായ സാഹചര്യമായിരുന്നു ജില്ലാ ഭരണ കാര്യാലയത്തില്‍ നില നിന്നത്. സി.പി.ഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ താല്‍പര്യ പ്രകാരമാണ് സ്ഥലം മാറ്റമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു എന്‍.ജി.ഒ യൂണിയന്റെ നിലപാട്. മാന്യനാണെങ്കില്‍ കലക്ടര്‍ തെറ്റുതിരുത്തണം. ഇടതുമുന്നണിയാണു ഭരിക്കുന്നതെന്നു ഓര്‍മവേണം. മുന്‍കാല കലക്ടര്‍മാരുടെ അനുഭവം ഓര്‍ക്കുന്നത് നല്ലതാണ് എന്നിങ്ങനെയായിരുന്നു കലക്ടര്‍ക്കുള്ള എന്‍.ജി.ഒ യൂണിയന്‍ നേതാവിന്റെ മുന്നറിയിപ്പ്.
കെ.എസ്.ഇ.ബിയില്‍ തൊഴിലാളികള്‍ നടത്തിയ സമരം അവസാനിച്ചത് ദിവസങ്ങള്‍ക്കുമുമ്പാണ്. വൈദ്യുതി വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് തൊഴിലാളികളുടെ സര്‍വ ആവശ്യങ്ങളും അംഗീകരിച്ചു നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട്ട് കലക്ടര്‍ക്കു നേരെയായിരുന്നു മുഷ്ടി ചുരുട്ടിയതെങ്കില്‍ കെ.എസ്.ഇ.ബിയില്‍ ഇത് ചെയര്‍മാനു നേരെയായിരുന്നു. യൂണിയനുകളുടെ സഹായത്തോടെ ബോര്‍ഡില്‍ നടക്കുന്ന അഴിമതികള്‍ തുറന്നു പറഞ്ഞതിനും സമരാഭാസം തുറന്നു കാട്ടിയതിനുമായിരുന്നു അദ്ദേഹം കൊലവിളിക്കിരയായത്. കണ്ണൂര്‍ മാതമംഗലം ബസാറിലെ എസ്.ആര്‍ അസോസിയേറ്റിന് മുന്നില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടന്ന സമരം 60 ദിവസമാണ് നീണ്ടുനിന്നത്. ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ പ്രശ്‌നം പരിഹരിച്ചുവെങ്കിലും നിയമത്തിന്റെ പരിരക്ഷ പൂര്‍ണമായും ലഭിച്ചില്ലെന്നും ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കട തുറക്കുന്നതിനു വിട്ടുവീഴ്ച്ച ചെയ്യുകയുമായിരുന്നുവെന്നാണ് സ്ഥാപനത്തിന്റെ ഉടമ പറഞ്ഞിരിക്കുന്നത്.
ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മപ്പെടുത്തലാണ്. എന്നാല്‍ ഫയലുകളുടെ സുഖമമായ നീക്കത്തിനു തുരങ്കം വെക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നതാണ് ഏറ്റവും ഖേദകരം. അതിന് അവര്‍ ആയുധമാക്കുന്നതാകട്ടേ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളിലും സമാനമായ വൈരുദ്ധ്യമാണ് നിലനില്‍ക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പോയി നിക്ഷേപകരെ ഇരുകൈയ്യും നീട്ടി മാടിവിളിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ സംരഭങ്ങള്‍ തുടങ്ങിയ പാവപ്പെട്ട പ്രവാസികളുടെ അവസ്ഥ കേരളം കണ്ടതാണ്. സര്‍ക്കാറിന്റെ വാക്കു വിശ്വസിച്ച് സമ്പാദ്യം മുഴുവന്‍ വിറ്റുപെറുക്കിയും ലോണ്‍ വഴിയും കടം മേടിച്ചുമെല്ലാം പുതിയ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ട പലരും അവസാനം ഒരുതുണ്ടുകയറില്‍ അഭയം പ്രാപിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ കെട്ടിപ്പൊക്കുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ക്കു മുകളില്‍ ഒരു പ്രഭാതത്തില്‍ ചെങ്കൊടി മൂടുപടലമായി മാറുമ്പോള്‍ ഇത്തരം കടുത്ത തീരുമാനങ്ങളല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്കു മുന്നിലുണ്ടാവുന്നില്ല. നാടിന്റെ വികസനത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ സ്വന്തം യൂണിയനുകളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്.