തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടായിസം. കെ.എസ്.യു വനിതാ നേതാവിനെയും പ്രവര്‍ത്തകരെയും എസ്.എഫ്.ഐക്കാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു.കഴിഞ്ഞ ദിവസം രാത്രിയോടയാണ് സംഭവം.കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ഗുരുതരമായി മര്‍ദനമേല്‍ക്കുന്ന ദ്യശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഗുരുതരമായി
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്കുശേഷം വൈസ് ചെയര്‍പേഴ്സണായി കെ.എസ്.യു പാനലില്‍ നിന്ന് മേഘ സുരേഷ് വിജയിച്ചിരുന്നു.ഇത് കാരണമാണ് അക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
അതേസമയം കോളേജ് യൂണിയന്‍ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു പോയതിനുശേഷമാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ ഉള്‍പ്പെടെ അതിക്രൂരമായി ആക്രമിച്ചതെന്ന് കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. ഭരണത്തിന്റെ തണലില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച് ഇല്ലാതാക്കാമെന്നാണ് ഏതെങ്കിലും എസ്.എഫ്.ഐ ഗുണ്ടകള്‍ കരുതിയതെങ്കില്‍ ഞങ്ങള്‍ പ്രതിരോധിക്കും. പോലീസ് ഏമാന്മാര്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ക്ക് വിടുപണി ചെയ്യാതെ പെണ്‍കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. – അഭിജിത്ത് പറഞ്ഞു.