X

സോണിയയോട് കാട്ടുന്ന കാട്ടുനീതി-എഡിറ്റോറിയല്‍

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷയും യു.പി.എ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധിയോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ കണ്ണില്‍ചോരയില്ലായ്മയാണ്. വയോധികയും ആരോഗ്യ സംബന്ധമായി ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായ സോണിയയെ മണിക്കൂറുകളും ദിവസങ്ങളുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സി ചോദ്യംചെയ്തുകൊണ്ടിരിക്കുന്നത്. പൊതുവെ രോഗിയും കോവിഡ് ബാധിതയായശേഷം വളരെയധികം അവശയുമാണ് സോണിയ. അവരെ അടുത്തിടെയാണ് തുടര്‍ച്ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശത്തെ ആശുപത്രികളിലും വിദഗ്ധ ചികില്‍സയിലും നിരീക്ഷണത്തിലുമാണ് കോണ്‍ഗ്രസ് അധ്യക്ഷ. അത്തരമൊരു വനിതയോട് മോദി സര്‍ക്കാര്‍ കാട്ടുന്ന അനീതിയെ മനുഷ്യത്വവിരുദ്ധവും താന്തോന്നിത്തവുമെന്നൊക്കെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. യുദ്ധരംഗത്തുപോലും സ്ത്രീകളോടും കുഞ്ഞുങ്ങളോടും കരുണ കാണിക്കണമെന്നതാണ് ലോകൈകമായ ധര്‍മവും നീതിയും. ഭാരതത്തിന്റെ ആര്‍ഷസങ്കല്‍പമാകട്ടെ സ്ത്രീയെ ദേവതയായാണ് പരിഗണിക്കുന്നത്. ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ചും ആര്‍ഷഭാരതത്തെക്കുറിച്ചുമെല്ലാം ഊറ്റംകൊള്ളുന്ന ബി.ജെ.പിയും മോദിയും അമിത്ഷായും ചെയ്യുന്നത് തികഞ്ഞ സംസ്‌കാരശൂന്യതയും ജനവിരുദ്ധതയുംകൂടിയായേ കാണാനാകൂ.

നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തിയാണ് സോണിയയെയും മുന്‍അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം.പിയെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി മണിക്കൂറുകളോളം നീളുന്ന ചോദ്യംചെയ്യല്‍ സോണിയയെപോലുള്ള വ്യക്തിയില്‍ ഉണ്ടാക്കിയേക്കാവുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. അനിവാര്യമായ ഘട്ടത്തില്‍ മിനുറ്റുകള്‍ ചോദ്യംചെയ്യല്‍ ആവാമെന്നല്ലാതെ എന്തിനാണ് ഇത്തരത്തിലൊരു നാടകത്തിന് ഇ.ഡിയും സര്‍ക്കാരും മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുന്‍ധനമന്ത്രിയുടെയും പുത്രന്റെയും പിന്നാലെയും ഇ.ഡിയുണ്ട്. ഇതേ ഇ. ഡി എന്തുകൊണ്ട് ഒരൊറ്റ ബി.ജെ.പി നേതാവിന്റെയും പിന്നാലെ പോകുന്നില്ല? ഇന്നലെ മൂന്നാം ദിനമാണ് സോണിയാഗാന്ധിയെ ഇ.ഡി ചോദ്യംചെയ്തത്. അവരുടെ ശാരീരികാവസ്ഥ അറിഞ്ഞുകൊണ്ടുതന്നെയാണ് മകള്‍ പ്രിയങ്കഗാന്ധിയെ സഹായിയായി നിര്‍ത്താന്‍ ഇ.ഡി അനുവദിച്ചിരിക്കുന്നത്. മുന്‍പ്രധാനമന്ത്രിയുടെ ഭാര്യകൂടിയാണിവര്‍. ഇതുവരെ 50 ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ സോണിയയോട് ചോദിച്ചതെന്നാണ് വിവരം. അതൊന്നും പക്ഷേ അവരുമായി ബന്ധപ്പെട്ടതല്ലതാനും. രാഹുല്‍ഗാന്ധിയെയും സമാനമായി 50 മണിക്കൂര്‍ ഇ.ഡി ചോദ്യംചെയ്തിരുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദേരയെയും രണ്ടു വര്‍ഷംമുമ്പ് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയെങ്കിലും നിരന്തരം ചോദ്യംചെയ്തിട്ടും തരിമ്പും കുടുംബത്തിനെതിരെ തെളിവൊന്നും ലഭിക്കുകയുണ്ടായില്ല. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബി.ജെ.പിക്കും മോദിക്കും കൂട്ടര്‍ക്കും ജനാധിപത്യരീതിയില്‍ ജനങ്ങളോട് തങ്ങളുടെ ന്യായങ്ങള്‍ പറയാന്‍ കഴിയാതിരിക്കവെയാണ് പഴകി ദ്രവിച്ച മൂന്നാംമുറയുമായി ഇക്കൂട്ടര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന പ്രക്ഷോഭത്തെ പല്ലും നഖവും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് എം.പിമാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ ഡല്‍ഹിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത് രാജ്യം ഫാസിസത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്. രാഹുല്‍ഗാന്ധിയെ നടുറോഡില്‍ നിലത്ത് പിടിച്ചുവെക്കാനും അറസ്റ്റുചെയ്യാനും നടത്തിയ നീക്കം അടിയന്തരാവസ്ഥക്കാലത്തുപോലും കാണാത്ത തരത്തിലുള്ളതായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ഇതേതരത്തിലാണ് സര്‍ക്കാര്‍ പെരുമാറിയത്. ഇവരാണ് അടിയന്തരാവസ്ഥക്കെതിരെ ഹാലിളകുന്നതെന്നതാണ് ഏറെ കൗതുകകരം. ‘രാജാക്കന്മാരുടെ കാലത്തുപോലും നടക്കാത്ത രീതിയിലാണ് സോണിയാഗാന്ധിയോട് സര്‍ക്കാര്‍ പെരുമാറുന്നതെ’ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ വിമര്‍ശനം കുറിക്ക് കൊള്ളുന്നതാണ്. ഇതേസമയംതന്നെയാണ് രാജ്യത്തെ വിലക്കയറ്റത്തിനും അമിത നികുതിക്കുമെതിരെ പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിച്ചതിന് എം.പിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയും.

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് പ്രതിപക്ഷം. അവരുടെ ജോലിയെന്നു പറയുന്നത് സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ തിരുത്തുകയെന്നതാണ്. കോണ്‍ഗ്രസ് മുക്തഭാരതം വേണമെന്നുപറയുന്നതും ശക്തമായ പ്രതിപക്ഷം വേണമെന്നു പറയുന്നതും ഒരേ പ്രധാനമന്ത്രിയാണെന്നതാണ് ഇവിടെ രസകരം. അന്വേഷണ ഏജന്‍സികളെ വിലക്കുവാങ്ങുകയും അവരുടെ കൃത്യനിര്‍വഹണത്തില്‍ അമിതമായി കൈകടത്തുകയും ചെയ്യുന്നതിനെ ഒരുനിലക്കും ന്യായീകരിക്കാനാകില്ല. പാര്‍ലമെന്റും സര്‍ക്കാരും നീതിപീഠവും ചേര്‍ന്നതാണ് ജനാധിപത്യസംവിധാനമെന്നിരിക്കെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി ഭരണകൂടം നടത്തുന്ന ഈ വേട്ടയാടല്‍ ഉടനടി നിര്‍ത്തിവെക്കണം. കേസ് കോടതി തീരുമാനിക്കട്ടെ. സോണിയയോട് ചെയ്യുന്നത് കാട്ടുനീതിയാണ്.

Chandrika Web: