കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികനയങ്ങള്‍ കാരണമായി ധനികര്‍ക്ക് വലിയ കാര്യങ്ങള്‍ സ്വായത്തമാക്കാനും വലിയ ആളുകളെ കൂടുതല്‍ ധനികരാക്കാനുമാണ് സഹായകമായിത്തീര്‍ന്നതെന്ന് ഡോ. എം. പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു.
കോര്‍പറേറ്റ് കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കേന്ദ്ര സാമ്പത്തികനയങ്ങള്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃതരെയും തഴയുകയാണ് ചെയ്യുന്നതെന്ന് ധനാഭ്യര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ , അവരുടെ ദുസ്ഥിതിയും കഷ്ടപ്പാടുകളും നിസ്സംഗനിരീക്ഷകരായി നോക്കിക്കാണുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ‘മുങ്ങുന്നവരെ തീരത്തു നിന്ന് നോക്കിക്കാണുക മാത്രമാണ് ചെയ്യുന്നത് , അവരുടെ പേരില്‍ പരിതപിക്കുന്നുണ്ട്, എന്നാല്‍ അവരെ സഹായിക്കാന്‍ മുതിരുന്നില്ല’, ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികനയം ആരോഗ്യകരമായിത്തീരുന്നത് അത് ഇന്ത്യയുടെ വൈവിദ്ധ്യം ഉള്‍ക്കൊള്ളുമ്പോഴാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതു പരിഗണിക്കാന്‍ തയ്യാറാകുന്നില്ല. വൈവിധ്യമാണ് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ നട്ടെല്ലെന്ന് സമദാനി പറഞ്ഞു.
ജനാധിപത്യ രാജ്യങ്ങള്‍ക്ക് സമ്പന്ന രാഷ്ട്രങ്ങളാകാന്‍ സാധിക്കുമെന്ന് ഏറ്റവും പുതിയ ആഗോളസൂചികകള്‍ തെളിയിക്കുമ്പോഴാണ് ഇന്ത്യ പട്ടിണി രാജ്യങ്ങളില്‍ സ്ഥാനം നേടിയിരിക്കുന്നത്. ദരിദ്രരാജ്യ സൂചികയിലെ കണക്കുകളെ നിരാകരിക്കുന്ന സര്‍ക്കാറിന് ഈ ദുസ്ഥിതിയുടെ അന്തസ്സത്തയെ നിഷേധിക്കാനാവുകയില്ല. സമ്പന്നരാഷ്ട്രങ്ങളായിത്തീര്‍ന്ന ലോകത്തെ പത്ത് രാജ്യങ്ങളില്‍ എട്ടും സമ്പൂര്‍ണ്ണ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നവയും ഒന്ന് ഭാഗികജനായത്ത വ്യവസ്ഥയുള്ളതുമാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ പാട്ടത്തിനു കൊടുക്കുന്നതും ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും ദേശീയ താല്പര്യത്തിന് നിരക്കുന്നതല്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്യത്തിന്റെ പ്രതീകങ്ങളും ദേശീയതയുടെ ചിഹ്നങ്ങളുമാണ്. കോഴിക്കോട് വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നതായും സമദാനി പറഞ്ഞു.
കോവിഡ് കാലത്തെ ദുരന്തങ്ങള്‍ പേറുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവീഴ്ത്തുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായത്. ഇന്ധന വില വര്‍ദ്ധന എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമമായി. ഇത് ജനങ്ങളെ വലിയ പ്രയാസത്തിലേക്ക് തള്ളിവീഴ്ത്തി. വന്‍കിട സമ്പന്നര്‍ക്കാകട്ടെ പല രീതിയിലും ഈ നയങ്ങള്‍ ഗുണം ചെയ്തു. അവര്‍ക്ക് നികതിയിളവും വളരെ കുറഞ്ഞ നിരക്കില്‍ പൊതു സ്ഥാപനങ്ങള്‍ കൈക്കലാക്കാനുള്ള അവസരവും ലഭ്യമായി.
കര്‍ഷകരെയും പാവങ്ങളെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രയാസപ്പെടുന്ന മനുഷ്യനെയും വരിയില്‍ നില്‍ക്കുന്ന ഒടുക്കത്തെ വ്യക്തിയെയുമാണ് മനസ്സില്‍ കാണേണ്ടതെന്ന മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ് സാമ്പത്തിക നയത്തിന് മാര്‍ഗരേഖയാകേണ്ടത്.
കൃഷിയാണ് സമ്പദ്ഘടനയുടെ അടിസ്ഥാനം. കര്‍ഷകന്‍ രാജ്യക്ഷേമത്തിന്റെ പ്രഭവകേന്ദ്രമാണെന്നും പാവപ്പെട്ട കൃഷീവലനെ സംരക്ഷിക്കാന്‍ കഴിയാത്ത ഭരണാധികാരി അവരെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നത് അക്രമമാണെന്ന് അര സഹസ്രാബ്ദത്തിനു മുമ്പ് ഇന്ത്യ ഭരിച്ച രാജാവ് പോലും പ്രസ്താവിക്കുകയുണ്ടായിയെന്ന് സമദാനി പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അവശവിഭാഗങ്ങളുടെ ക്ഷേമത്തിലാണ് കൈവെക്കുന്നതെന്ന് സമദാനി കുറ്റപ്പെടുത്തി. അതിന് തെളിവാണ് മുതിര്‍ന്ന യാത്രക്കാര്‍ക്കുണ്ടായിരുന്ന യാത്രാ ഇളവുകള്‍ റദ്ദ് ചെയ്തുകൊണ്ടുള്ള നടപടി. പ്രതിഷേധാര്‍ഹമായ ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ എന്താണുദ്ദേശിക്കുന്നതെന്നും നടപടി പിന്‍വലിച്ച് ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.