X

വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ തീവ്രവാദികള്‍ എന്ന് വിളിച്ച സജി ചെറിയാന്‍ മാപ്പ് പറയണം: കെ സുധാകരന്‍

മന്ത്രി സജി ചെറിയാനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകള്‍ക്ക് മുന്നില്‍ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാനെന്നും തന്റെ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. എന്തൊരാഭാസമാണിതെന്നും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ തീവ്രവാദികള്‍ എന്ന് വിളിച്ച സജി ചെറിയാന്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ വിഷം തുളുമ്പുന്ന വാക്കുകള്‍ക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയില്ലെന്നും മുതലാളിക്ക് കമ്മീഷന്‍ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന അദ്ദേഹത്തെപ്പോലെയുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും കെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു.

കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കുമെന്നും അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും കെ സുധാകരന്‍ ഓര്‍മിപ്പിച്ചു. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാര്‍ട്ടിക്കോ ഭരിക്കുന്ന സര്‍ക്കാറിനോ ഇല്ലെന്നും കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനറിയാമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. ജനങ്ങളെ ദ്രോഹിക്കാന്‍  കൊണ്ടുവരുന്ന പുതിയ നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നതെന്ന് കെ. സുധാകരന്‍ ചോദിച്ചു.

ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസ്സാണെന്നും കരിനിയമങ്ങള്‍ ലംഘിച്ചാല്‍ കടലില്‍ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്മുന്‍പില്‍ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിതെന്നും സുധാകരന്‍ പറഞ്ഞു.

Test User: