സഹല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റേയും കേരളാബ്ലാസ്‌റ്റേഴ്‌സിന്റേയും ഭാവി വാഗ്ദാനമാണെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് ഇവാന്‍ വുകുമാനോവിച്ച്. ഇന്നലെ ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ബ്ലാസ്‌റ്റേഴ്‌സിനായി സമനില ഗോള്‍ നേടിയത് സഹലാണ്.
സഹലിന്റെ പ്രകടനത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ആവശ്യമുള്ള സമയത്ത് ടീമിന് വേണ്ടി അവന് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്നും ഇവാന്‍ വുകുമാനോവിച്ച് പറഞ്ഞു. സഹലിന് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ടെന്ന് അറിയാമെന്നും അവന്‍ ഇന്ത്യന്‍ഫുട്‌ബോളിന്റെയും കേരളാബ്ലാസ്‌റ്റേഴ്‌സിന്റെയും ഭാവി വാഗ്ദാനമാണെന്നും വുകുമാനോവിച്ച് പറഞ്ഞു.
സീസണില്‍ 4 ഗോളുകളുമായി മികച്ച പ്രകടനമാണ് സഹല്‍ പുറത്തെടുത്തിരിക്കുന്നത്. ഈ സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരവുമാണ് സഹല്‍. അതേസമയം, ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും താരം ഇന്നലെ കരസ്ഥമാക്കി.
താന്‍ ആഗ്രഹിച്ചതുപോലെ ടീമിന് കളിക്കാന്‍ സാധിച്ചെന്നും തുടര്‍ച്ചയായി 7 മത്സരങ്ങള്‍ തോല്‍വിയറിയാതെ കളിച്ചത് മികച്ച നേട്ടമാണെന്നും കോച്ച് വുകുമാനോവിച്ച് കൂട്ടിചേര്‍ത്തു.