കമാല്‍ വരദൂര്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ പി.എസ്.ജി-റയല്‍ മാഡ്രിഡ് പോരാട്ടമാണ് ഓര്‍മ വരുന്നത്. പാരീസിലെ പാര്‍ക്ക് പ്രിന്‍സസില്‍ നടന്ന ആദ്യ പാദത്തില്‍ കിലിയന്‍ എംബാപ്പേയുടെ ഒരു ഗോളില്‍ പി.എസ്.ജി ലീഡ് നേടി. മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന രണ്ടാം പാദത്തില്‍ എംബാപ്പേ തന്നെ ലീഡുയര്‍ത്തി. പി.എസ്.ജി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടി എന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ രണ്ടാം പകുതിയിലെ 17 മിനുട്ടില്‍ കരീം ബെന്‍സേമ എന്ന റയലുകാരന്‍ നേടിയ ഹാട്രിക്കില്‍ കളിയാകെ മാറി. റയല്‍ ക്വാര്‍ട്ടറിലെത്തി. തല താഴ്ത്തയിത് എംബാപ്പേ മാത്രമായിരുന്നില്ല-മെസിയും നെയ്മറുമെല്ലാമായിരുന്നു. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി രണ്ടാം പാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പ്പൂര്‍ എഫ്്.സിയെ നേരിടുമ്പോള്‍ സമാന സാഹചര്യങ്ങളാണ്. ആദ്യ പാദത്തില്‍ സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്. ഇന്ന് രണ്ടാം പാദത്തില്‍ ബ്ലാസറ്റേഴ്‌സ് ഒരു ഗോള്‍ കൂടി നേടി ലീഡ് ഉയര്‍ത്തിയാലും അതെല്ലാം തകര്‍ക്കാന്‍ പ്രാപ്തരായ രണ്ട് പേര്‍ മറുഭാഗത്തുണ്ട്. ഗ്രെഗ് സ്റ്റിയുവര്ട്ട്, ഡാനിയല്‍ ചിമ ചുകുവ എന്നിവര്‍. രണ്ട് പേരും വേഗക്കാര്‍ മാത്രമല്ല ലക്ഷ്യബോധമുളളവരുമാണ്. ചുകുവക്ക് ആദ്യ പാദത്തിലെ ആദ്യ പത്ത് മിനുട്ടില്‍ സംഭവിച്ച രണ്ട് വലിയ പിഴവുകള്‍ മറക്കാനുമാവില്ല. സാധാരണ ആദ്യ പാദത്തില്‍ ലീഡ് നേടിയ ടീം രണ്ടാം പാദത്തില്‍ പ്രതിരോധ ജാഗ്രതയിലേക്കാണ് പോവുക. പക്ഷേ ഇന്ന് ഒരു തരത്തിലും ആ വഴി ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞെടുക്കരുത്. അത് ആത്മഹത്യാപരമായിരിക്കും. പ്രതിരോധ ഫുട്‌ബോള്‍ എന്നത് ഇന്ന് ആരും പിന്തുടരാറില്ല. പ്രത്യേകിച്ച് വുകുമനോവിച്ചിനെ പോലെ ആക്രമണ ഫുട്‌ബോളിന്റെ ശക്തനായ വക്താവ്. ബ്ലാസ്‌റ്റേഴ്‌സ് സംഘത്തില്‍ വാസ്‌ക്കസും ലൂനയും പെരേരയും ലെസ്‌കോവിച്ചും സഹലും ഹോര്‍മിപാമുമെല്ലാമുള്ളപ്പോള്‍ ആക്രമണം തന്നെയായിരിക്കണം ആയുധം. സമ്മര്‍ദ്ദമാപിനി നോക്കു- ജംഷഡ്പ്പൂരിനാണ് അത് കൂടുതല്‍. ആദ്യം അവര്‍ക്ക് ഗോള്‍ മടക്കണം. അതിനായി ശ്രമിക്കുന്ന വേളയില്‍ തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനാവുമ്പോള്‍ കളിയാകെ മാറും. വാസ്‌ക്കസ് ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ അവസരവാദികളാണ്. ലൂനയിലെ ഷാര്‍പ്പ് ഷൂട്ടര്‍ ലോക നിലവാരത്തിലാണ് കളിക്കുന്നത്. സഹലിന്റെ ആദ്യ പാദ ഗോള്‍ മാത്രം മതി ആ യുവാവിന്റെ മികവറിയാന്‍. ഇത്തരത്തില്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിക്കാനുള്ള സ്വാതന്ത്രം താരങ്ങള്‍ക്ക് നല്‍കുന്ന വുകുമനോവിച്ചിന്റെ ശൈലിയാണ് പ്രധാനം. ഓവന്‍ കോയ്‌ലെയും ഇതേ വിധം ചിന്തിക്കുമ്പോള്‍ ഓരോ മിനുട്ടും നിര്‍ണായകമാണ്. സമ്പൂര്‍ണ സ്വാതന്ത്ര്യത്തിലായിരിക്കും കളിക്കാര്‍. ധാരാളം ഗോളുകള്‍ പിറന്നേക്കാം. ഒരു തരത്തിലും സമ്മര്‍ദ്ദത്തെ തലചുമടാക്കരുത്. സ്റ്റിയൂവര്‍ട്ടിനെ പോലെ ഒരാള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുത്. പന്തിനായി കടന്നുകയറി പാസുകല്‍ തടസപ്പെടുത്തി സ്വാതന്ത്ര്യത്ത ചോദ്യം ചെയ്യണം. കൂടുതല്‍ സ്‌പേസും നല്‍കരുത്. ഇന്ന് അല്‍പ്പമധികം വിയര്‍പ്പ് ഒഴുക്കിയാല്‍ കേരളം ആഗ്രഹിക്കുന്ന റിസല്‍ട്ട് വരും. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദം കഴിഞ്ഞപ്പോള്‍ പി.എസ്.ജി പരിശീലകന്‍ മൗറിസിയോ പൊച്ചറ്റിനോ പറഞ്ഞത് 17 മിനുട്ടാണ് ചതിച്ചതെന്ന്. ഗോള്‍ക്കീപ്പര്‍ ദോനോരുമയുടെ പിഴവിനെ ഉപയോഗപ്പെടുത്തി ബെന്‍സേമ നേടിയ ആദ്യ ഗോളാണ് റയലിന് ഊര്‍ജ്ജമായതെന്ന് അവരുടെ കോച്ച് കാര്‍ലോസ് അന്‍സലോട്ടിയും പറഞ്ഞു. ഇത് ഫുട്‌ബോളാണ്…. ഒരു മിനുട്ട് മതി എല്ലാം മാറി മറിയാന്‍…. ഒരു താരത്തിന്റെ മികവ് മതി റിസല്‍ട്ട് മാറാന്‍. ഈ സത്യം മനസിലാക്കി യാഥാര്‍ത്ഥ്യ ബോധത്തോടെ കളിക്കുന്നവരായിരിക്കും കലാശ ടിക്കറ്റ് നേടുക.