X

ജീവിതത്തിന്റെ പ്രോട്ടോകോള്‍- പ്രൊഫ: പി.കെ.കെ തങ്ങള്‍

പ്രൊഫ: പി.കെ.കെ തങ്ങള്‍

ഒരു സാങ്കേതിക പ്രയോഗം എന്ന നിലയില്‍ ആധുനിക സമൂഹം വളരെയേറെ ഉപയോഗിക്കുന്ന ഒന്നാണ് ‘പ്രോട്ടോകോള്‍’ എന്ന ആംഗലേയ പദം. നയതന്ത്രപരമായ കാര്യങ്ങളില്‍ അനുവര്‍ത്തിക്കപ്പെടേണ്ടുന്ന പ്രത്യേക നടപടികള്‍ എന്ന വിശാലമായ ആശയമാണ് പ്രസ്തുത പദത്തിനുള്ളത്. അക്കാരണത്താല്‍ തന്നെ പട്ടാളം, പൊലീസ്, ഭരണരംഗം, നീതിന്യായം എന്നിവയിലെല്ലാം ഇത് സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്നു. ഭരണകൂടസംബന്ധമായി രാഷ്ട്രപതി, സഭാദ്ധ്യക്ഷന്‍, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, കേബിനറ്റ് മന്ത്രിമാര്‍ പിന്നെ പാര്‍ലമെന്റ് അംഗങ്ങള്‍ എന്ന നിലയില്‍ അവരോഹണക്രമത്തില്‍ ക്രമീകരിക്കപ്പെടുന്നു. ഏതു തലത്തിലായിരുന്നാലും അതിന്റെ ലക്ഷ്യം കാര്യങ്ങള്‍ ഉത്തരവാദിത്തപൂര്‍വം ചിട്ടയനുസരിച്ച് നിറവേറ്റപ്പെടുകയെന്നതാണ്. ഒരു പദവിയും അവഗണിക്കപ്പെടുകയോ പരിധിവിട്ടു പ്രവര്‍ത്തിക്കുകയോ ചെയ്യാവുന്നതല്ല. അങ്ങിനെ വരുമ്പോള്‍ മാത്രമേ സമൂഹത്തില്‍ നിര്‍ബാധമായ കൃത്യനിര്‍വഹണം അച്ചടക്കപൂര്‍വം നിര്‍വഹിക്കപ്പെടുകയുള്ളൂ. രാജ്യത്തെ സംബന്ധിച്ചിടത്തോളം പൊതുവായ കൃത്യമായ ഭരണ നിര്‍വഹണവും, സമൂഹത്തില്‍ സംതൃപ്തിയും അച്ചടക്കവും നിലനില്‍ക്കണമെങ്കില്‍ ഈയൊരു സംവീധാനം നിലനിന്നേ മതിയാവൂ. പ്രോട്ടോകോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആധുനിക സമൂഹം വിലയിരുത്തുന്ന പൊതുവായ, ലളിതമായ കാഴ്ചപ്പാടാണിത്. ഇത് കേവലം ഒരു രാജ്യത്തെയും അവിടുത്തെ ഭരണകൂടത്തെയും ജനങ്ങളെയും മാത്രം ബാധിക്കുന്നതാണ്. എന്നാല്‍ അതിന്റെ പൊതുവായ ആശയം ഈ പരിമിധിക്കുള്ളിലൊന്നും ഒതുങ്ങുന്നതല്ല.

മനുഷ്യരാശിയുടെ നിലനില്‍പും, മുന്നേറ്റവും, വളര്‍ച്ചയും, വികാസവും നല്ല പരിസമാപ്തിക്കുവേണ്ടിയാണെന്നിരിക്കെ, പൊതുവായതും വിപുലമായതുമായ പ്രോട്ടോകോള്‍ എന്ന പ്രത്യേക നടപടി ചിട്ടകള്‍ അനിവാര്യമാണ്. മറിച്ച് ചിട്ടയും, വ്യവസ്ഥയും ക്രമവുമില്ലാത്ത നിലക്കാണ് മനുഷ്യന്റെ പ്രവര്‍ത്തനമെങ്കില്‍ അലങ്കോലത്തിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. സമൂഹത്തിന്റെ ആദ്യ ഘടന രൂപപ്പെടുന്നത് കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യാഭര്‍ത്താക്കള്‍ എന്നിങ്ങനെ അത് വളര്‍ന്നു വികസിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒന്നാമതായി പരിഗണിക്കപ്പെടേണ്ടത് മാതാവ്, പിതാവ്, സഹോദരീസഹോദരന്മാരില്‍ പ്രായക്രമത്തില്‍ എന്നിങ്ങനെയാണ്. അതില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കേണ്ടത് ബഹുമാനവും അനുബന്ധ സദ്ഗുണങ്ങളുമാണ്. മുതിര്‍ന്നവര്‍ പ്രായം കുറഞ്ഞവര്‍ക്ക് നല്‍കേണ്ടത് സ്‌നേഹവും അനുബന്ധ സല്‍ഗുണങ്ങളുമാണ്. മാതാ,പിതാ, ഗുരു, ദൈവം എന്നതാണല്ലോ വേദ പാഠം. ഗുരുനാഥന്മാര്‍ മാതാപിതാക്കള്‍ക്ക് സമമായ ബഹുമാനം, വ്യക്തിബന്ധങ്ങള്‍ക്കനുസൃതമായി ചിലപ്പോള്‍ അതില്‍ കൂടുതലും നേടുന്നവരായിരിക്കും. ഗുരുനാഥന്മാരല്ലെങ്കിലും സമൂഹത്തിലെ പണ്ഡിതന്മാരെ തിരിച്ചറിയാവുന്ന ഓരോരുത്തരുടെയും മികവനുസരിച്ചുള്ള ബഹുമാനം അവര്‍ക്ക് നല്‍കിയിരിക്കണം. സമൂഹത്തിന്റെ പൊതു രംഗങ്ങളില്‍ നേതൃത്വം നല്‍കുന്ന വ്യക്തികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന വിധത്തിലുള്ള ബഹുമാനവും പരിഗണനയും നന്ദിയും പ്രകടമാക്കണം. ?സ്രഷ്ടാവിനോടും, പ്രവാചകനോടും, സാമൂഹ്യ നേതാക്കളോടും, പൊതുജനങ്ങളോടുമുള്ള ഗുണകാംക്ഷ? വളരെയേരെ പ്രാധാന്യം നല്‍കി ഉപദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു ഉത്തമ സമൂഹ സൃഷ്ടിക്കുള്ള മാനദണ്ഡങ്ങള്‍ വരെ നമുക്ക് ഈ ആശയത്തില്‍ കണ്ടെത്താനാകും. ഒരു പദവിയെയും അവഗണിച്ചോ വിലകുറച്ചോ സമീപിക്കാവുന്നതല്ല. അത്തരം മോശമായ സമീപനങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ കാരണമാകും.

സാമൂഹ്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഘടകമാണ് അയല്‍വാസികള്‍. അതിന്റെ നിസ്തുലമായ പ്രാധാന്യം കൊണ്ടാണല്ലോ ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ആഹരിക്കുന്നവന്‍ നമ്മില്‍പെട്ടവനല്ല’യെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്.

സമൂഹത്തിന്റെ ഗുണകരമായ മുന്നേറ്റത്തിനുള്ള ഫലപ്രദമായ മൂലകമാവണം ജീവിതത്തില്‍ പാലിക്കപ്പെടുന്ന ചിട്ടകള്‍. അങ്ങിനെ വരുമ്പോള്‍ സമൂഹത്തിന്റെ ശ്രദ്ധ ഏറ്റവും ആദ്യമായും പ്രധാനമായും പതിയേണ്ടത് കുട്ടികളിലേക്കാണ്. കണ്ടും കേട്ടും പതിയേണ്ടത് കുഞ്ഞുനാളിലാണ്. അങ്ങിനെ കാണിക്കുകയും കേള്‍പിക്കുകയും ചെയ്യപ്പെടുന്നതില്‍ ഏറ്റവുമധികം ഫലപ്രദമാവുക മാതാവിന്റെയും പിതാവിന്റെയും വാക്കും പ്രവൃത്തിയുമാണ്. പിന്നീട് വളര്‍ച്ചക്കനുസൃതമായി മറ്റു ബന്ധുക്കള്‍, കൂട്ടുകാര്‍, ഗുരുനാഥന്മാര്‍ എന്നിങ്ങനെ വളര്‍ച്ചയുടെ നാള്‍ വഴികള്‍ നീണ്ടു പോകുന്നു, അടിത്തറയില്‍ കിട്ടിയത് ശക്തമാകുന്നു. അക്കാരണത്താലാണ് ക്രമം തെറ്റാത്ത വിധം ചിട്ടകള്‍ പ്രാരംഭ ദിശയിലേ വെള്ളവും വളവുമായി ശിശുക്കള്‍ക്ക് നല്‍കികൊണ്ടിരിക്കണമെന്ന് പറയുന്നത്. മനുഷ്യനെ ചിട്ടയും സമയക്രമവും പരിശീലിപ്പിക്കുന്ന ഒരു കര്‍മമാണ് നമസ്‌കാരം. ‘വിശ്വാസികള്‍ക്ക് സമയനിര്‍ണിതമായി നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ള കര്‍മമാണ് നമസ്‌കാരം’ എന്നാണല്ലോ ഖുര്‍ആന്റെ അദ്ധ്യാപനം. നമുക്ക് പരിചയമുള്ള ഏതു ആദ്ധ്യാത്മിക പ്രമാണങ്ങളിലും ചിട്ടയാര്‍ന്ന പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ഭക്തിയുടെ പേരില്‍ നിഷ്‌കര്‍മികളായി ഒതുങ്ങിക്കഴിയാന്‍ വേണ്ടിയല്ല. പ്രാധാന്യം തിരിച്ചറിഞ്ഞ് ഓരോ കര്‍മങ്ങളും ചിട്ടപ്രകാരം നിറവേറ്റാന്‍ മനുഷ്യനെ പരിശീലിപ്പിക്കുന്ന പ്രായോഗിക പാഠങ്ങള്‍ എന്ന നിലക്ക് കൂടിയാണ്. നടപടി ചിട്ടകള്‍ (പ്രോട്ടോകോള്‍) മനുഷ്യനെ പഠിപ്പിക്കാത്തതായി ഒരു വേദപാഠവും നമുക്ക് കണ്ടെത്താനാവില്ല. എന്നാല്‍ ഇത് മനുഷ്യന്‍ തിരിച്ചറിയുന്നില്ല എന്നതാണ് ദുഃഖകരം.

Test User: