കെ.പി ജലീല്‍
തിരുവനന്തപുരം
2017ലാണ് . കുവൈത്തിലെ കൊലപാതക്കേസിലെ പ്രതി അവിടെ ജയിലില്‍കിടക്കുന്നു. കേസ് കൊലപാതകമാണെന്നതിനാല്‍ വധശിക്ഷയാണ് മിക്കവാറും ലഭിക്കുക. തമിഴ്‌നാട്ടുകാരനായ ആത്തിമുത്തുവാണ് കക്ഷി. അയാളുടെ ഭാര്യ മാലതിയും ബന്ധുക്കളും പലരോടും സഹായം തേടി. കുവൈത്ത് അധികാരികള്‍ പറയുന്നത്, 30 ലക്ഷം ഇന്ത്യന്‍രൂപ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ പേരില്‍ കെട്ടിവെച്ചാല്‍ ആത്തിമുത്തുവിന്റെ ജീവന്‍ രക്ഷിക്കാം. എന്താണ് പോംവഴിയെന്ന ആലോചനക്കിടെ ആരോ പറഞ്ഞതുകേട്ടാണ് കേരളത്തിലേക്ക് അവര്‍ വന്നത്. മലപ്പുറത്തെ പാണക്കാട് കുടുംബത്തെപോയി കണ്ടാല്‍ രക്ഷകിട്ടും. അതിന് ആരെ സമീപിക്കണമെന്ന് മാലതിക്കും കുടുംബത്തിനും അറിയില്ല. എന്തും വരട്ടെഎന്നുകരുതി മാലതിയും ബന്ധുക്കളും പാണക്കാട്ട് വന്ന് വണ്ടിയിറങ്ങി. നേരെ പാണക്കാട്ടെ ‘അനുഗ്രഹഭവന’മെന്ന ദാറുന്നഈമിലേക്ക്. പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളുടെ വീടാണ്. വീട്ടുമുറ്റത്ത് അധികമാളില്ല. ഹൈദരലിതങ്ങള്‍ പുറത്തുപോയിരിക്കുകയാണ്. വരാന്‍ വൈകും.തുടര്‍ന്നാണ് സയ്യിദ് മുനവ്വറലിശിഹാബ് തങ്ങളെ കാണാനായി ചെന്നത്. അദ്ദേഹം ഇവരെയുംകൂട്ടി പിന്നീട് ഹൈദരലി തങ്ങളുടെ അടുത്തെത്തി. ഒന്നും രണ്ടുമല്ല, രൂപ 30 ലക്ഷമാണ്. അതാകട്ടെ പെട്ടെന്നുണ്ടാക്കുകയും വേണം. എന്തുവഴി? ഹൈദരലി തങ്ങളുടെ മനം പതിവുപോലെ അലിഞ്ഞു. പണം ഉണ്ടാക്കാന്‍ വഴിയുണ്ട്, സമൂഹമാധ്യമം വഴി വിവരംവെച്ച് അറിയിപ്പ് കൊടുക്കുക. അത് മുനവ്വറലിതങ്ങള്‍ അനുസരിച്ചു. സന്ദേശം പോസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അതാ 25 ലക്ഷം രൂപ അക്കൗണ്ടില്‍. അതുമായി മാലതിയും ബന്ധുക്കളും പോയി. പോകുമ്പോള്‍ അവര്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘നമ്മളെ കാപ്പാത്തിയ മാതിരി ഈ കുടുംബത്തെയും ദൈവം കാപ്പാത്തണം. അവര്‍ മുസ്്‌ലിംകള്‍ക്ക് മട്ടുമല്ല, എല്ലാപേര്‍ക്കും ഉദൈവി ചെയ്‌വവര്‍. ‘ മതവും ജാതിയും നോക്കാതെ എല്ലാ മനുഷ്യരെയും സഹായിക്കുന്ന പാണക്കാട്ടെ കുടുംബത്തെക്കുറിച്ച് നേരിട്ടറിഞ്ഞ് അനുഭവിച്ച് മടങ്ങുമ്പോള്‍ മാലതി പറഞ്ഞ വാക്കുകളാണിവ. പാണക്കാട്ടെ മുറ്റങ്ങള്‍ക്ക് ഇതുപോലെ നിരവധി സംഭവകഥകള്‍ എണ്ണിയെണ്ണിപ്പറയാനുണ്ടാകുമെങ്കിലും ഹൈദരലിതങ്ങളുടെയും കുടുംബാംഗങ്ങളുടെയും മഹാമനസ്‌കതയും നിശ്ചയദാര്‍ഢ്യവും വ്യക്തമാകുന്ന ഇത്തരം അപൂര്‍വസന്ദര്‍ഭങ്ങളും ചരിത്രത്തിന്റെ ഭാഗം.
മുസ്്‌ലിംലീഗ് രാഷ്ട്രീയത്തില്‍ എല്ലാമെല്ലാമായിരുന്നിട്ടും പ്രസിഡന്റായിരിക്കെ അഞ്ചുവര്‍ഷം പാര്‍ട്ടി അധികാരസ്ഥാനത്തിരുന്നിട്ടും അധികാരത്തിന്റെ അപ്പക്കഷണം പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എത്തിച്ചുനല്‍കാനായിരുന്നു ഹൈദരലി തങ്ങളും മുന്‍ഗാമികളെപോലെ പരിശ്രമിച്ചത്. അണുവിട വിടാത്ത മൂല്യബോധമായിരുന്നു അതിന് തങ്ങളുടെ കൈമുതല്‍. ക്ഷമയുടെ പര്യായമായിരുന്നെങ്കിലും മതത്തിനും മൂല്യങ്ങള്‍ക്കും തീര്‍ത്തും നിരക്കാത്ത നടപടികളില്‍ അപൂര്‍വസന്ദര്‍ഭങ്ങളില്‍ ചിലരോടെങ്കിലും അനിഷ്ടം കാണിക്കുന്നതും തങ്ങളുടെ പ്രത്യേകതയാണ്. ഒരു തെരഞ്ഞെടുപ്പുപര്യടന പരിപാടിക്കിടെ വീടുകളിലേക്ക് നടന്നുചെല്ലണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അത് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് ശാരീരികമായി കഴിയുമായിരുന്നില്ല. എന്നിട്ടും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് മുന്നില്‍ ഹൈദരലിതങ്ങള്‍ വഴങ്ങി. അപ്പോഴും ഇത് കീഴ്‌വഴക്കമാക്കരുതെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.