ലണ്ടന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ കരീം ബെന്‍സേമയുടെ കടന്നു കയറ്റത്തില്‍ പകച്ചു പോയ ചെല്‍സിക്ക് ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും വെല്ലുവിളി. അട്ടിമറിക്കാരായ സതാംപ്ടണെയാണ് ഇന്ന് തോമസ് തുഷേലിന്റെ സംഘം നേരിടുന്നത്. പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ നാല് ഗോള്‍ വഴങ്ങി തകര്‍ന്നു പോയിരുന്നു ചെല്‍സി. ബ്രെന്‍ഡ്‌ഫോര്‍ഡായിരുന്നു അന്ന് ചാമ്പ്യന്‍ സംഘത്തെ വിറപ്പിച്ചത്. 29 മല്‍സരങ്ങള്‍ കളിച്ച ചെല്‍സിക്കിപ്പോള്‍ 59 പോയിന്റുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി (73), ലിവര്‍പൂള്‍ (72) എന്നിവര്‍ക്ക് പിറകില്‍ മൂന്നാം സ്ഥാനം. ഈ കസേര നിലനിര്‍ത്തണമെങ്കില്‍ തോല്‍ക്കാതിരിക്കണം. 54 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്തുണ്ട്.
ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങള്‍: ആഴ്‌സനല്‍- ബ്രൈട്ടണ്‍, വാട്ട്‌ഫോര്‍ഡ്- ലീഡ്‌സ്, എവര്‍ട്ടണ്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആസ്റ്റണ്‍ വില്ല- ടോട്ടനം. ചെല്‍സിയെ പോലെ തന്നെ കനത്ത സമ്മര്‍ദ്ദത്തിലാണ് ഫ്രാങ്ക് ലംപാര്‍ഡിന്റെ എവര്‍ട്ടണും. തരം താഴ്ത്തല്‍ മുഖത്താണ് ടീം. അവസാന മല്‍സരത്തിലും തകര്‍ന്നിരുന്നു. യുനൈറ്റഡാവട്ടെ സമീപകാല തിരിച്ചടികളില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്കും തിരിച്ചുവരാന്‍ വിജയം വേണം. 30 കളികളില്‍ 51 പോയിന്റാണ് യുനൈറ്റഡ് സമ്പാദിച്ചിരിക്കുന്നത്. നാല് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മാത്രമാണ് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത്.