X

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മുസ്്ലിംലീഗിന്റെ അമരത്തെത്തിയിട്ട് അരനൂറ്റാണ്ട്

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മുസ്്‌ലിംലീഗിന്റെ അമരത്തെത്തിയിട്ട് അരനൂറ്റാണ്ട്. ഇന്ത്യന്‍യൂണിയന്‍ മുസ്്‌ലിംലീഗ് രൂപീകൃതമായതിന് ശേഷം 1973 ഫെബ്രുവരി 25ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നൊരാള്‍ പാര്‍ട്ടിയുടെ അമരത്തെത്തുന്നത് അതാദ്യമായാണ്. സംസ്ഥാന പ്രസിഡന്റായിരിക്കെ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങള്‍ മക്കയില്‍വെച്ച് അന്തരിച്ചതിനെതുടര്‍ന്നാണ് പൂക്കോയ തങ്ങളിലേക്ക് പാര്‍ട്ടിയുടെ സാരഥ്യം ചെന്നെത്തുന്നത്. 1973 ജനുവരി 19നായിരുന്നു ബാഫഖി തങ്ങളുടെ അപ്രതീക്ഷിത വിയോഗം. ഹജ്ജ് കര്‍മത്തിനായി ചെന്ന തങ്ങള്‍ അവിടെവെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു. തുടര്‍ന്നാണ് നേതാക്കളുടെ ചിന്തകള്‍ മലപ്പുറത്തെ പാണക്കാട് തങ്ങള്‍ കുടുംബത്തിലേക്ക് എത്തുന്നത്. അന്ന് പാര്‍ട്ടിയുടെ സംസ്ഥാന വെസ് പ്രസിഡന്റും മലപ്പുറം ജില്ലാപ്രസിഡന്റുമായിരുന്നു പൂക്കോയ തങ്ങള്‍.
ഹൈദരാബാദ് ആക്ഷന്‍ കാലത്ത് അതിന്റെപേരില്‍ വെല്ലൂര്‍ ജയിലില്‍ കിടക്കേണ്ടിവന്ന പൂക്കോയ തങ്ങള്‍ കേരളത്തിലെ മതരാഷ്ട്രീയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന സമയം കൂടിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് തങ്ങള്‍ മുസ്്‌ലിംലീഗിലെത്തുന്നത്. ബാഫഖി തങ്ങളുടെ വിയോഗത്തിനും മരണാന്തരചടങ്ങുകള്‍ക്കും അനുശോചനപരിപാടികള്‍ക്കും ശേഷം ആറാംദിവസമാണ് പാര്‍ട്ടിയുടെ സംസ്ഥാനസമിതി കോഴിക്കോട് വലിയങ്ങാടിയിലെ ലീഗ് ആസ്ഥാനമന്ദിരത്തില്‍ ചേരുന്നത്. അവിടെവെച്ചുതന്നെ പൂക്കോയതങ്ങളെ പുതിയ സംസ്ഥാനഅധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു. 1975 ജൂലൈ ആറിനായിരുന്നു പൂക്കോയ തങ്ങളുടെ അന്ത്യം. പിന്നീട് പുത്രന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ നീണ്ട മൂന്നുപതിറ്റാണ്ടിലധികം കാലം മുസ്്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ആത്മീയരംഗത്തെ നിറസാന്നിധ്യവുമായിരുന്നു.

Chandrika Web: