X

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരാതിരിക്കാനുള്ള മുന്‍കരുതലിലേക്ക് പോലിസും ആഭ്യന്തര വകുപ്പും പോകുന്നില്ല: കെകെ രമ എംഎല്‍എ

കേരളത്തെ കലാപ ഭൂമിയാക്കരുതെന്നും അക്രമികളെയും കൊലപാതകികളെയും ഒറ്റപ്പെടുത്തണമെന്നും കെകെ രമ എംഎല്‍എ.
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോള്‍ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണെന്ന് രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രമ പ്രതികരിച്ചത്.

സഹജീവികളെ കൊല്ലുന്ന ക്രൂരമനസ്ഥിതിയില്‍ എന്നാണ് മുക്തമാവുകയെന്നും കൊലപാതകവും അക്രമവും നടത്തുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും രമ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തുടര്‍ച്ചയായി കൊലപാതകങ്ങള്‍ അരങ്ങേറുകയാണെന്നും ഗുണ്ടാ കുടിപ്പകയെന്നും, രാഷ്ട്രീയമെന്നും, വ്യക്തിവിരോധമെന്നും പേരിട്ട് പോലിസ് ഇതിനെ തരം തിരിക്കുന്നതല്ലാതെ പോലിസോ, ആഭ്യന്തര വകുപ്പോ ശക്തമായ നടപടികളിലേക്ക് പോകുന്നില്ലെന്നും രമ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തെ കലാപ ഭൂമിയാക്കരുത് അക്രമികളെയും കൊലപാതകികളെയും ഒറ്റപ്പെടുത്തുക.
കേരളത്തെ വീണ്ടും ഞെട്ടിച്ചു കൊണ്ട് രണ്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എ ഷാനും, ബി.ജെ.പി മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനുമാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇരുവരുടെയും മരണത്തില്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.

ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോള്‍ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണ്. സഹജീവികളെ കൊല്ലുന്ന ക്രൂരമനസ്ഥിതിയില്‍ നിന്ന് നാമെന്നാണ് മുക്തമാവുക? കൊലപാതകവും അക്രമവും നടത്തുന്നത് എത് പ്രസ്ഥാനങ്ങളായാലും അവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണം.

സംസ്ഥാനത്ത് തുടര്‍ച്ചയായി കൊലപാതകങ്ങള്‍ അരങ്ങേറുകയാണ്. ഗുണ്ടാ കുടിപ്പകയെന്നും, രാഷ്ട്രീയമെന്നും, വ്യക്തിവിരോധമെന്നും പേരിട്ട് പോലിസ് ഇതിനെ തരം തിരിക്കുന്നതല്ലാതെ ശക്തമായ നടപടികളിലേക്കും, ഇത് തുടരാതിരിക്കാനുള്ള മുന്‍കരുതലിലേക്കും പോലിസോ, ആഭ്യന്തര വകുപ്പോ പോകുന്നില്ല എന്നത് നമ്മുടെ ദുര്യോഗം തന്നെയാണ്. കേസുകളുടെ പ്രാഥമികഘട്ട നടപടികള്‍ കഴിഞ്ഞാല്‍ പിന്നെ പോലീസ് നിഷ്‌ക്രിയമാവുകയാണ്. ഓരോ അക്രമവും കൃത്യമായ ആസൂത്രണത്തോടെയും മുന്നൊരുക്കത്തോടെയും ചെയ്യുന്നതാണ്. വെട്ടുന്നവരെ മാത്രമല്ല, ആയുധം എടുത്തു കൊടുക്കുന്ന ഗൂഢാലോചനയുടെ പ്രഭവകേന്ദ്രങ്ങളെയും നിയമത്തിനു മുന്നിലെത്തിച്ചാല്‍ മാത്രമെ ക്രൂരമായ ഇത്തരം കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളൂ.

Test User: