X

മുന്നിലും പിന്നിലുമായി കനത്ത സുരക്ഷയോടെയുള്ള പിണറായിയുടെ യാത്ര ജനങ്ങളെ ഭയപ്പെടുന്നു എന്നതിന് തെളിവാണ്: എം.കെ മുനീര്‍ എംഎല്‍എ

ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍. മുസ്ലിംലീഗ് വഖഫ് സംരക്ഷണ സമരങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച കലട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നിലും പിന്നിലുമായി കനത്ത സുരക്ഷയോടെയുള്ള പിണറായിയുടെ യാത്ര ജനങ്ങളെ ഭയപ്പെടുന്നു എന്നതിന് തെളിവാണ്. അധികാരത്തില്‍ വന്നപ്പോള്‍ പോലീസ് സംരക്ഷണം വേണ്ടെന്ന് പറഞ്ഞയാളാണ് ജനങ്ങളെ ഭയപ്പെട്ട് ഇപ്പോള്‍ കേരളത്തിന്റെ തെരുവിലൂടെ സഞ്ചരിക്കുന്നത്. മുസ്‌ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് പിണറായി കമ്യൂണിസ്റ്റാണോ എന്ന മറുചോദ്യം ചോദിച്ചതിന് പേഴ്‌സണല്‍ ഗണ്‍മാന്‍മാരെ പിന്‍വലിച്ച് പ്രതികാരം ചെയ്ത കാര്യവും എം.കെ മുനീര്‍ സൂചിപ്പിച്ചു. പോലീസ് സംരക്ഷണത്തില്‍ കഴിയാന്‍ ഞാന്‍ പിണറായി വിജയനല്ല. എന്നെ സംരക്ഷിക്കാന്‍ ഈ പ്രസ്ഥാനമുള്ള കാലത്തോളം എന്റെ മേല്‍ ഒരു പൂഴി വാരിയിടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടതാണ് ഭേദഗതി എന്ന പിണറായിയുടെ വാദം ശുദ്ധ അസംബന്ധമാണ്. സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കൊടുത്ത തിട്ടൂരവും വഖഫ് ബോര്‍ഡിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കത്തുകളും രേഖയാണ്. സി.എ.എയുമായി ബന്ധപ്പെട്ട് കേസില്ലെന്ന് പിണറായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ സമസ്തയുടെ പ്രവര്‍ത്തകരടക്കം ആയിരക്കണക്കിനാളുകള്‍ കേസുമായി വലയുകയാണ്. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി മരവിപ്പിച്ചതായി നിഷ്‌കളങ്കരായ പണ്ഡിതന്മാരെയും കള്ളം പറഞ്ഞ് പറ്റിച്ചു. അതേ പിണറായി ജില്ലാ സമ്മേളനത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്നും പറഞ്ഞു. എന്തിനാണ് പണ്ഡിതന്മാരെ പോലും പിണറായി കബളിപ്പിക്കുന്നത്? അദ്ദേഹം ചോദിച്ചു. സി.പി.എമ്മുകാരുടെ ഒരു തോളില്‍ പാര്‍ട്ടി കൊടി പിടിച്ച തഴമ്പാണെങ്കില്‍ മറുതോളില്‍ ജമാഅത്ത്, എസ്.ഡി.പി.ഐ കൊടികള്‍ പിടിച്ച തഴമ്പാണെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച് റഷീദ്, കെ.എസ് ഹംസ, പി.എം സാദിഖലി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍, ട്രഷറര്‍ എം.പി കുഞ്ഞിക്കോയതങ്ങള്‍ പ്രസംഗിച്ചു.

 

Test User: