ബെംഗളൂരു: കേരള, കര്‍ണാടക സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളില്‍ പിണറായി വിജയനും ബസവരാജ് ബൊമ്മെയും കൂടിക്കാഴ്ച നടത്തി. ബെംഗളുരുവില്‍ മുഖ്യമന്ത്രി ബൊമ്മെയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച നാല്‍പ്പത് മിനുറ്റ് നീണ്ടു. രണ്ടു സംസ്ഥാനങ്ങള്‍ക്കും ഗുണകരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. റെയില്‍പ്പാതകളുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് നിര്‍ദേശങ്ങളും സാധ്യമല്ലെന്ന് അറിയിച്ചതായി ബൊമ്മെ പ്രതികരിച്ചു. അതേസമയം, സില്‍വര്‍ ലൈന്‍ ചര്‍ച്ചയായോ എന്ന കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല.
വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചത്. ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും ഗൗരവമായി പരിഗണിക്കും. ദേശീയപാത 766ലെ രാത്രികാല നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂര്‍ മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍, തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്റുകള്‍ നടപ്പാക്കാന്‍ ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് നിര്‍ദേശങ്ങളും കര്‍ണാടക നേരത്തെ നിരസിച്ചിരുന്നതാണെന്ന് ബൊമ്മെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാസര്‍ഗോഡ്-ദക്ഷിണ കന്നഡ, മൈസൂര്‍-തലശേരി, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുള്‍പ്പെടെ നിര്‍ദേശങ്ങള്‍ നേരത്തെ നിരസിച്ചിരുന്നതാണ്. അത് സാധ്യമല്ലെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ വ്യക്തമാക്കിയതായും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയായോ എന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രിമാരെ കൂടാതെ, കര്‍ണാടക ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കര്‍ണാടക ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കര്‍ണാടക ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തുനേരത്തെ, പിണറായി വിജയനെ പരമ്പരാഗത ശൈലിയിലാണ് ബസവരാജ് ബൊമ്മെ സ്വീകരിച്ചത്. പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അര്‍പ്പിച്ചുമാണ് കേരള മുഖ്യമന്ത്രിയെ കര്‍ണാടക മുഖ്യമന്ത്രി വരവേറ്റത്. പകരം ബുദ്ധന്റെ ശില്‍പ്പം പിണറായി ബൊമ്മെയ്ക്ക് സമ്മാനിച്ചു.